പുകവലിക്കുന്നത് ശീലമില്ലാത്ത ജീവനക്കാര്‍ക്ക് ഈ ജപ്പാന്‍ കമ്പനിയായ പിയാല അനുവദിച്ചിരിക്കുന്നത്  ശമ്പളത്തോടുകൂടിയ അധിക അവധിയാണ്. ടോക്കിയോ ആസ്ഥാനമായ ബഹുരാഷ്ട്ര മാര്‍ക്കറ്റിങ് കമ്പനിയായ പിയാല ഇന്‍കോര്‍പറേറ്റ് ആണ് ആറ് ദിവസത്തെ അധിക അവധി അനുവദിച്ച് ജീവനക്കാരെ സന്തുഷ്ടരാക്കിയത്. കമ്പനിയിലെ പുകവലിക്കാരായ ജീവനക്കാരാണ് പുകവലി ശീലമില്ലാത്ത സഹപ്രവര്‍ത്തകര്‍ക്കായി ഈ സ്‌പെഷ്യല്‍ അവധിയ്ക്ക് വഴിയൊരുക്കിയത്. 

കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ബഹുനിലക്കെട്ടിടത്തിന്റെ 29-ാം നിലയിലാണ്. പുകവലി ശീലമുള്ളവര്‍ക്ക് ഇടയ്‌ക്കൊന്ന് വലിക്കണമെങ്കില്‍ താഴത്തെ നിലയിലെത്തണം. ഒരു സിഗരറ്റ് പുകച്ച് സീറ്റില്‍ തിരിയെയെത്താന്‍ കുറഞ്ഞത് പതിനഞ്ച് മിനിറ്റ് വേണ്ടിവരും. ഇടയ്ക്കിടെ പുകവലിക്കുന്നവര്‍ ജോലിസമയം നഷ്ടപ്പെടുത്തുന്നതായും ബാക്കിയുള്ളവര്‍ ആ സമയത്തും ജോലി ചെയ്യുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുകവലിക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി നല്‍കാന്‍ കമ്പനി തീരുമാനിച്ചത്. 

പുകവലിക്കാര്‍ക്ക് പിഴയോ ശിക്ഷയോ നല്‍കി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലത് പ്രോത്സാഹനജനകമായ സമ്മാനങ്ങളോ സൗജന്യമോ അനുവദിക്കുന്നതാണെന്ന് കമ്പനി സിഇഒ ടകാവോ അസൂക്ക പറഞ്ഞു. കമ്പനിയില്‍ സ്ഥാപിച്ചിരുന്ന പരാതിപ്പെട്ടിയില്‍ നിന്ന് ലഭിച്ച പരാതിയാണ് കമ്പനിയെ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പിയാല വക്താവ് ഹിരോതക മത്‌സുഷിമ അറിയിച്ചു. 

ജീവനക്കാര്‍ക്കിടയിലെ പുകവലി കുറയ്ക്കുന്നതിനായുള്ള നിലപാട് ജപ്പാനിലെ മിക്ക കമ്പനികളും അടുത്തിടെ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ബാറുകളിലും റെസ്റ്റോറന്റുകളിലും പുകവലിക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളുണ്ട്. 2020 ല്‍ ഒളിമ്പിക്‌സ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പുകവലി നിയന്ത്രണത്തിനായി ടോക്കിയോ നഗരസഭ കര്‍ശനനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 

Content Highlights: This Japan Company Is Giving Non-Smoking Employees 6 Extra Vacation Days