ലണ്ടന്‍: കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തില്‍ പ്രധാനമന്തി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുന്‍ ഇംഗ്ലഷ് ക്രിക്കറ്റ് താരവും പ്രകൃതി സംരക്ഷക പ്രവര്‍ത്തകനുമായ കെവിന്‍ പീറ്റേഴ്‌സണ്‍. കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തില്‍ പ്രധാനമന്ത്രി മോദിയെ 'ഹീറോ' എന്നാണ് പീറ്റേഴ്‌സണ്‍ വിശേഷിപ്പിച്ചത്. മറ്റ് ലോകനേതാക്കള്‍ അദ്ദേഹത്തെ മാതൃകയാക്കണമെന്ന് പറഞ്ഞ പീറ്റേഴ്‌സണ്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ഇന്ത്യയില്‍ കാണ്ടാമൃഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നതെന്നും പറഞ്ഞു. 

നേരത്തെ, ഒറ്റക്കൊമ്പന്‍ കണ്ടാമൃഗങ്ങളുടെ രണ്ടായിരത്തി അഞ്ഞൂറോളം കൊമ്പുകള്‍ അസം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കത്തിച്ചതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ ഇന്ത്യയുടെ അഭിമാനമാണെന്നും അവയുടെ സംരക്ഷണത്തിനായുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അസം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ട്വീറ്റ്, റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രി ട്വീറ്ററില്‍ ഇക്കാര്യം കുറിച്ചത്. 

ലോക കണ്ടാമൃഗദിനത്തിലാണ് ഒറ്റക്കൊമ്പന്‍ കണ്ടാമൃഗങ്ങളുടെ രണ്ടായിരത്തി അഞ്ഞൂറോളം കൊമ്പുകള്‍ അസം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കത്തിച്ചത്. കാസിരംഗ പാര്‍ക്കിലെ ബാകഖാട്ടിലുളള സര്‍ക്കാര്‍ ട്രഷറിയില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചുവെച്ച കൊമ്പുകളാണ് ആറ് ഭീമന്‍ ഗ്യാസ് ഫര്‍ണസുകളില്‍ കൂട്ടിയിട്ട് കത്തിച്ചത്. 2479 കൊമ്പുകളാണ് ഇത്തരത്തില്‍ കത്തിച്ച് കളഞ്ഞത്.

ബര്‍പേട്ട, മോറിഗാന്‍, മംഗള്‍ഡോയി, തേസ്പുര്‍, ബിടിആര്‍, ഗോലഗാട്ട്, കൊഹോറ എന്നീ ഏഴ് വന്യജീവി മേഖലകളിൽ നിന്ന് എത്തിച്ചവയായിരുന്നു ഈ കൊമ്പുകള്‍. ഇത് വര്‍ഷങ്ങളായി ബോകഖാട്ടിലെ കണ്ടാമൃഗ കൊമ്പുകള്‍ സൂക്ഷിക്കുന്ന ട്രഷറിയില്‍ സൂക്ഷിച്ചുവരികയായിരുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മുഖ്യാതിഥിയായും മറ്റ് നിരവധി രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത പൊതു ചടങ്ങായാണ് കത്തിക്കല്‍ നടത്തിയത്. ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് കാണാനായി വെബ്കാസ്റ്റിങ് സംവിധാനവും ഒരുക്കിയിരുന്നു.

Content Highlights: This is the reason why rhino numbers in India are rising exponentially, says Kevin Pietersen