പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കുമുള്ളിലുണ്ടാകുന്ന പ്രത്യേകതരം വികാരമുണ്ട്, പേടിയോ വെറുപ്പോ രണ്ടും കൂടിച്ചേര്‍ന്നോ ഉണ്ടാകുന്ന ഒരു തരം അസഹിഷ്ണുത. എന്നാലിപ്പോള്‍ ഓണ്‍ലൈന്‍ ലോകത്തിന്റെ ഹൃദയം കവര്‍ന്നിരിക്കുകയാണ് നീലനിറമുള്ള ഒരു സുന്ദരന്‍ പാമ്പ്. 

ലൈഫ് ഓണ്‍ എര്‍ത്ത് (Life On Earth) എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഈ നീലപ്പാമ്പിന്റെ പന്ത്രണ്ട് സെക്കന്‍ഡ് മാത്രമുള്ള വീഡിയോ ഷെയര്‍ ചെയ്തത്. ഒരു ചുവന്ന റോസാപ്പൂവിന്റെ മുകളിലിരിക്കുന്ന നിലയിലാണ് പാമ്പ്. ചുവന്ന റോസപ്പൂവിന്റെ സാമീപ്യം പാമ്പിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. അവിശ്വസനീയമാംവിധം മനോഹരമായത് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്. 

പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ട്വിറ്ററില്‍ 58,000 ലധികം പേര്‍ കണ്ടു കഴിഞ്ഞ വീഡിയോ റെഡ്ഡിറ്റില്‍ (Reddit) 22 ലക്ഷത്തിലധികം പേരാണ് ഇതു വരെ കണ്ടത്. 

ആയിരക്കണക്കിനാളുകളാണ് പാമ്പിന്റെ അഴകിനെ വര്‍ണിച്ച് കമന്റ് ചെയ്തത്. എന്നാല്‍ കാണുന്നതു പോലെയല്ല ആളെന്ന് മാത്രം. ബ്ലൂ പിറ്റ് വൈപര്‍ (blue pit viper) എന്ന ഈ വിഷപാമ്പിന്റെ കടിയേല്‍ക്കുന്നത് അപകടമാണ്. ബാഹ്യമായും ആന്തരികമായും രക്തസ്രാവമുണ്ടാക്കാന്‍ പര്യാപ്തമാണ് ഇതിന്റെ ആക്രമണം. 

ഇന്തോനീഷ്യയിലും കിഴക്കന്‍ തിമോറിലും കാണപ്പെടുന്ന വൈറ്റ് ലിപ്പ്ഡ് ഐലന്‍ഡ് പിറ്റ് വൈപര്‍ (white-lipped island pit viper) എന്നയിനത്തിന്റെ വകഭേദമാണ് ഇതെന്ന് മോസ്‌കോ സൂ (Moscow Zoo) വ്യക്തമാക്കി. നീല നിറമുള്ള പിറ്റ് വൈപറിന് നീലനിറമില്ലാത്ത കുട്ടികളുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും ഈ കുഞ്ഞുങ്ങള്‍ അതിജീവനത്തിന് സ്വയം പര്യാപ്തരാണെന്നും മോസ്‌കോ സൂവിന്റെ ജനറല്‍ ഡയറക്ടര്‍ സ്വെറ്റ്‌ലാന അകുലോവ കൂട്ടിച്ചേര്‍ത്തു. 

Content Highlights: This Blue Snake Is As Dangerous As It Is Beautiful Viral Video