അള്‍ജിയേഴ്‌സ്: പരീക്ഷയില്‍ വിദ്യാര്‍ഥികളുടെ കോപ്പിയടി തടയാന്‍ രാജ്യത്തെ ഇന്റര്‍നെറ്റ് സംവിധാനം മുഴുവന്‍ വിച്ഛേദിച്ചു. ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ ഹൈസ്‌കൂള്‍ ഡിപ്ലോമ പരീക്ഷയില്‍ വിദ്യാര്‍ഥികളുടെ കോപ്പിയടി തടയാനാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്.

പരീക്ഷ നടക്കുന്ന രണ്ട് മണിക്കൂര്‍ സമയത്തേക്കാണ് മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍ സംവിധാനങ്ങള്‍ തടസപ്പെടുത്തിയത്. രാജ്യത്തെ 7,00,000 കുട്ടികളാണ് പരീക്ഷയെഴുതിയത്‌. പരീക്ഷ അവസാനിക്കുന്ന  തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഈ സംവിധാനം തുടരുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇന്റര്‍നെറ്റ് സംവിധാനം വിച്ഛേദിച്ചതെന്ന് അള്‍ജിയേഴ്‌സ് ടെലികോം കമ്പനി അറിയിച്ചു. അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചെന്ന് ഉറപ്പുവരുത്താന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ടെലികോം അസോസിയേഷന്‍ പ്രസിഡന്റ് അലി കാലനെ അറിയിച്ചു.

2016-ല്‍ നടന്ന പരീക്ഷയില്‍ വ്യാപകമായി കോപ്പിയടി നടന്നിരുന്നു. പരീക്ഷ ആരംഭിച്ചയുടന്‍ തന്നെ ചോദ്യക്കടലാസുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ഇന്റര്‍നെറ്റ് സംവിധാനം തടസപെടുത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

പരീക്ഷാ സമയങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ ലഭിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആ നീക്കം തുടക്കത്തില്‍ തന്നെ പാളുകയായിരുന്നു. 

ഏകദേശം രണ്ടായിരത്തോളം പരീക്ഷാ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ചോദ്യക്കടലാസ് ചോരുന്നത് തടയാനായി ഇത് പ്രിന്റ് ചെയ്യുന്ന കേന്ദ്രങ്ങളില്‍ മൊബൈല്‍ ജാമറും സിസിടിവി ക്യാമറയും സ്ഥാപിച്ചിട്ടുള്ളതായും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.