ര്‍മന്‍ നഗരമായ ഡ്രെസ്ഡിന്നിലെ മ്യൂസിയത്തില്‍ നിന്ന് മോഷ്ടാക്കള്‍ അപഹരിച്ചത് വിലമതിക്കാവാവാത്ത സമ്പത്ത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിന്റെ ചരിത്രത്തിലെ 'ഏറ്റവും വലിയ കവര്‍ച്ച' എന്നാണ് ജര്‍മന്‍ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. യൂറോപ്പിലെ ഏറ്റവും സമ്പന്നവും ചരിത്രപ്രാധാന്യമുള്ളതുമായ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ഡ്രിസ്ഡിന്നിലെ ഗ്രീന്‍ വോള്‍ട്ട് കൊട്ടാരത്തില്‍(ഇപ്പോള്‍ മ്യൂസിയം) നിന്നാണ് അതിവിദഗ്ധമായി കവര്‍ച്ച നടത്തിയത്. 

dresden castle
ഡ്രിസ്ഡിന്‍ കൊട്ടാരം. ഫോട്ടോ: റോയിട്ടേഴ്‌സ്

18-ാം നൂറ്റാണ്ടിലെ മൂന്ന് സെറ്റ് വജ്രാഭരണങ്ങളാണ് മോഷണം പോയത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. കവര്‍ച്ചയ്ക്ക് മുമ്പ് മ്യൂസിയത്തിലേയും സമീപപ്രദേശത്തേയും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് അലാറം പ്രവര്‍ത്തനരഹിതമായി. സുരക്ഷാസംവിധാനം തകരാറിലായതിനെ തുടര്‍ന്ന് മോഷണത്തെ കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ജനാലയുടെ ഇരുമ്പഴികള്‍ വളച്ചുണ്ടാക്കിയ മാര്‍ഗത്തിലൂടെയാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചിരിക്കുന്നത്.  

dresden
ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തുന്നു. ഫോട്ടോ: റോയിട്ടേഴ്‌സ്‌

മോഷണം പോയ ആഭരണങ്ങള്‍ക്ക് ഒരു ബില്യണ്‍ യൂറോ(ഏകദേശം 78,85,24,47,600 രൂപ)വിലമതിക്കും. വൈദ്യുതി ഇല്ലാതിരുന്നെങ്കിലും രണ്ട് മോഷ്ടാക്കളുടെ ദൃശ്യം ക്യാമറ പകര്‍ത്തിയിട്ടുണ്ട്.

ഏഴായിരത്തി എണ്ണൂറ്റി എണ്‍പത്തിയഞ്ച് കോടിയിലധികം രൂപ വില കണക്കാക്കുന്നുണ്ടെങ്കിലും ആഭരണങ്ങള്‍ക്ക് ഇതിലധികം വിലയുണ്ടെന്ന് മ്യൂസിയം അധികൃതര്‍ അറിയിച്ചു. ആഭരണങ്ങള്‍ ഒന്നായി വില്‍ക്കാന്‍ സാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. സ്വര്‍ണം, വെള്ളി, വിലപിടിപ്പുള്ള രത്‌നക്കല്ലുകള്‍ എന്നിവ കൊണ്ട് നിര്‍മിച്ച നാലായിരത്തിലധികം വസ്തുശേഖരം ഗ്രീന്‍ വോള്‍ട്ടിലുണ്ട്. മ്യൂസിയത്തില്‍ അതീവസുരക്ഷാസംവിധാനം നിലവിലുണ്ട്. 

 

Content Highlights: Thieves steal 'up to €1 billion' of jewels from German museum