കെയ്റോ: ഫോൺ കട്ടെടുത്ത് ഓടിയ കള്ളന് കുരുക്കായി ഫെയ്സ്ബുക്ക് ലൈവ്. ഈജിപ്തിലാണ് സംഭവം. ഫെയ്സ്ബുക്കിൽ ലൈവ് ചെയ്തു കൊണ്ടിരുന്ന പ്രാദേശിക മാധ്യമപ്രവർത്തകന്റെ ഫോണാണ് കള്ളൻ ബൈക്കിലെത്തി തട്ടിപ്പറിച്ചു കൊണ്ടുപോയത്. എന്നാൽ ഫോണിൽ ലൈവ് പോയിക്കൊണ്ടിരിക്കുകയാണെന്ന് കള്ളൻ അറിഞ്ഞില്ല.

പ്രദേശത്തുണ്ടായ ഭൂചലനം റിപ്പോർട്ട് ചെയ്തു കൊണ്ടിരുന്ന യൂം7 എന്ന പ്രാദേശിക മാധ്യമത്തിലെ മഹ്മൂദ് റഗബിന്റെ ഫോണാണ് കള്ളൻ തട്ടിയെടുത്തത്. ഈജിപ്തിലെ ശുബ്ര അൽ ഖൈമ നഗരത്തിലെ പാലത്തിന് സമീപത്ത് വെച്ചാണ് സംഭവം. 

ഇരുപതിനായിരത്തിലേറെ പേരായിരുന്നു തത്സമയ ദൃശ്യം ഫെയ്സ്ബുക്കിൽ കണ്ടു കൊണ്ടിരുന്നത്. ഇതൊന്നും അറിയാതെ കള്ളൻ മൊബൈൽ ഫോണുമായി ബൈക്കിൽ യാത്ര തുടരുകയായിരുന്നു. ബൈക്കിന് മുൻ ഭാഗത്ത് ഫോൺ വെച്ച് സിഗററ്റ് വലിക്കുന്ന കള്ളന്റെ ദൃശ്യങ്ങൾ കൃത്യമായി ലൈവിൽ പതിയുകയും ചെയ്തു.

സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ കള്ളനെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇയാളുടെ വ്യക്തി വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. 

പതിനെട്ടായിരത്തിലേറെ പേരാണ് വീഡിയോ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ 70 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

Content Highlights: Thief Broadcasts His Face To Thousands After Snatching Phone