വിഴമുന്തിരികളെന്ന് കേള്‍ക്കുമ്പോള്‍ സാധാരണയായി മാര്‍ക്കറ്റില്‍ സുലഭമായ പച്ചയും വയലറ്റും നിറത്തിലുള്ള മുന്തിരിക്കുലകളാണ് ഓര്‍മയിലേക്കെത്തുക. എന്നാല്‍ ഇവയേക്കാള്‍ നാലിരട്ടി വലിപ്പമുള്ളതും ആകര്‍ഷകമായ മണമുള്ളതും പവിഴനിറമുള്ളതുമായ മുന്തിരിക്കുലകള്‍ ജപ്പാനില്‍ ലഭിക്കും. വില കുറച്ചധികം കൂടുമെന്ന് മാത്രം. റൂബി റോമന്‍ (Ruby Roman)എന്ന ഈ ആഡംബരമുന്തിരിക്കുലകള്‍ ലോകത്തിലെ ഏറ്റവും വിലയേറിയതാണ്. 2020-ല്‍ റൂബി റോമന്റെ ഒരു കുല ലേലത്തില്‍ വിറ്റു പോയത് 8.85 ലക്ഷം (12,000 യുഎസ് ഡോളര്‍) രൂപയ്ക്കാണ്. അക്കൊല്ലം 25,000 റൂബി റോമന്‍ കുലകള്‍ മാത്രമാണ് ഉത്പാദിപ്പിച്ചത്. 

സാധാരണയായി റൂബി റോമന്റെ ഒരു കുലയ്ക്ക് 450 ഡോളറാണ് (33,000 രൂപ) വില. പഴത്തിന്റെ നിറത്തിനും ഗുണത്തിനുമനുസരിച്ച് വില ഏറുകയോ കുറയുകയോ ചെയ്യും. നിറത്തിനും വലിപ്പത്തിനും ഗുണത്തിനുമനുസരിച്ച് റൂബി റോമന്‍ മുന്തിരിയെ മൂന്ന് തരമാക്കി തിരിച്ചിട്ടുണ്ട്. സുപ്പീരിയര്‍, സൂപ്പര്‍ സുപ്പീരിയര്‍, പ്രീമിയം എന്നിങ്ങനെയാണ് തരംതിരിയ്ക്കല്‍. സുപ്പീരിയര്‍ ഗണത്തില്‍ പെടുന്നവയുടെ ഒരു കുലയ്ക്ക് 90 മുതല്‍ 140 ഡോളര്‍ വരെയാണ് വില. സൂപ്പര്‍ സുപ്പീരിയറിന് 180 മുതല്‍ 450 ഡോളര്‍ വരെ വില നല്‍കണം. ഏറ്റവും മികച്ച ഗ്രേഡിലുള്ളതാണ് പ്രീമിയം. കൊല്ലത്തില്‍ ചിലപ്പോള്‍ രണ്ട് കുലകള്‍ മാത്രമാണ് പ്രീമിയം ഗണത്തില്‍ ലഭിക്കുന്നത്, ഇതിന്റെ ഒരു കുലയ്ക്ക് ആയിരം ഡോളറോളമാണ് വില. പഴങ്ങള്‍ക്ക് നിറവും വലിപ്പവും കൂടുമെന്നതാണ് പ്രത്യേകത. 

മാര്‍ക്കറ്റിലെത്തിക്കുന്നതിന് മുമ്പ് വിവിധ ഘടകങ്ങള്‍ പരിശോധിച്ച് ഓരോ റൂബി റോമന്‍ മുന്തിരിയുടേയും ഗുണനിലവാരം ഉറപ്പാക്കും. നിറത്തിനാണ് പരിശോധനയില്‍ മുഖ്യപരിഗണന. ചുവപ്പുരാശി കൂടുന്നതനുസരിച്ച് ഗ്രേഡും വിലയും കൂടും. അടുത്തതായി ഓരോ മുന്തിരിയുടേയും വലിപ്പം പരിശോധിക്കും. സാധാരണയായി ഒരു റൂബി റോമന്‍ മുന്തിരിയ്ക്ക് 20 ഗ്രാം തൂക്കമുണ്ടാകും, ഒരു പിങ്-പോങ് പന്തിന്റെ(ടേബിള്‍ ടെന്നീസ് പന്ത്) വലിപ്പവും. പഴത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതാണ് അടുത്ത പടി. മുന്തിരികള്‍ക്ക് കേടുപാട് വരുത്താതെ പഴത്തിലടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് ഉപകരണസഹായത്തോടെ നിര്‍ണയിക്കും. ഈ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ ആഡംബരമുന്തിരിയുടെ വില നിശ്ചയിക്കുന്നത്. 

ജപ്പാനിലെ ഇഷികാവയില്‍ മാത്രമാണ് നിലവില്‍ റൂബി റോമന്റെ ഉത്പാദനവും വില്‍പനയും നടക്കുന്നത്. 2008 ലാണ് ആദ്യമായി ഈ മുന്തിരി ഉത്പാദിപ്പിച്ചത്. പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളില്‍ നിന്നാണ് റൂബി റോമന്‍ എന്ന 'വിലയേറിയ' പേര് ഈ മുന്തിരിയ്ക്ക് നല്‍കിയത്. നിയന്ത്രിതമായ വിധത്തില്‍ ഉത്പാദനം നടക്കുന്നതിനാല്‍ വില്‍പനയ്ക്കും നിയന്ത്രണമുണ്ട്. ഓരോ കുലയ്ക്കും പ്രത്യേകമായി ശ്രദ്ധ നല്‍കി ഹരിതഗൃഹങ്ങളൊരുക്കിയാണ് കൃഷി. 2016 ല്‍ 26 പഴങ്ങളുള്ള മുന്തിരിക്കുലയ്ക്ക്‌ ആറ് ലക്ഷത്തിലധികം രൂപ (8,400 യെന്‍) ലഭിച്ചിരുന്നു. പുളി കുറഞ്ഞ, സത്തേറിയ പഴത്തിന്റെ മണവും റൂബി റോമന് ആരാധകരുടെ എണ്ണം കൂട്ടുന്നു.  

2021 ലെ റൂബി റോമന്‍ വിളവെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. പക്ഷെ ഒന്ന് സ്വാദ് നോക്കണമെങ്കില്‍ നിലവില്‍ ജപ്പാനില്‍ തന്നെ പോകേണ്ടി വരും. മറ്റിടങ്ങളില്‍ റൂബി റോമന്‍ നിലവില്‍ ലഭ്യമല്ല. ജപ്പാനില്‍ തന്നെ ആദ്യം ഉത്പാദിപ്പിച്ചെടുത്ത ഏറ്റവും വിലയേറിയ മിയാസാക്കി മാമ്പഴം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ കൃഷി ചെയ്തു വരുന്നുണ്ട്. മധ്യപ്രദേശില്‍ മിയാസാക്കി മാവ് സ്വന്തമായുള്ള ദമ്പതിമാര്‍ ലക്ഷം രൂപ വില വരുന്ന മിയാസാക്കി മാമ്പഴങ്ങള്‍ക്ക് കാവലായി നായകളേയും കാവല്‍ക്കാരേയും ഏര്‍പ്പെടുത്തി മാധ്യമശ്രദ്ധ നേടിയിരുന്നു. 

 

Content Highlights: These Japanese Grapes Ruby Roman Can Cost Up To Rs 30,000 Per Piece