ജനീവ: കോവിഡ് 19-ന് കാരണമായ സാര്‍സ് കോവ് 2 വൈറസ് വായുവില്‍ കൂടിയും പകരുമെന്ന പഠനങ്ങള്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചതായി റിപ്പോര്‍ട്ട്‌.  ഇത്തരമൊരു അഭിപ്രായം ലോകാരോഗ്യ സംഘടന സ്വീകരിക്കുന്നത് രോഗവ്യാപനം സംബന്ധിച്ച് സ്വീകരിക്കുന്ന നടപടികളിലും കരുതലിലും വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. കോവിഡ് വായുവില്‍ കൂടി പകരാമെന്നുള്ള തെളിവുകളുമുണ്ടെന്നാണ് ഇപ്പോള്‍  ഇവര്‍ പറയുന്നത്.

ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥയായ മരിയ വാന്‍ കെര്‍ക്കോവാണ് രോഗം വായുവില്‍ കൂടി പകരാമെന്ന പഠനങ്ങള്‍ ഉള്ളതായി പരാമര്‍ശിച്ചത്. വായുവില്‍കൂടി, എയ്‌റോസോളുകള്‍ മുഖേനെ അങ്ങനെ പലരീതിയില്‍ രോഗം പകരുന്നത് സംബന്ധിച്ച മാര്‍ഗങ്ങളേക്കുറിച്ചാണ് ഇപ്പോള്‍ നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതെന്നാണ് മരിയ വാന്‍ കെര്‍ക്കോവിന്റെ പരാമര്‍ശം. രോഗം വായുവില്‍ കൂടി പകരില്ലെന്ന് മുമ്പ് ഉറപ്പിച്ച് പറഞ്ഞിരുന്ന ലോകാരോഗ്യ സംഘടന ഇപ്പോള്‍ അതില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുന്നുവെന്നതാണ് ശ്രദ്ധേയം.

വൈറസ് വായുവില്‍ കൂടി പകരില്ലെന്നും പകരം രോഗി ചുമക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തെത്തുന്ന സ്രവകണങ്ങള്‍ അടങ്ങിയ എയ്‌റോ സോളുകള്‍ മുഖേനെ രോഗം മറ്റൊരാളിലേക്ക് പകര്‍ന്നേക്കാമെന്നും നേരത്തെ ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ഇത് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളിലെ ഐസിയു പോലുള്ള അടഞ്ഞ മുറികളില്‍ തങ്ങേണ്ടി വരുന്നവര്‍ക്ക് മാത്രമേ ഈ സാധ്യതയുള്ളുവെന്നാണ് ഇത്രയും നാള്‍ കരുതിയിരുന്നത്.

രോഗികള്‍ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവകണങ്ങളില്‍ കൂടിയോ രോഗിയുമായി അടുത്തിടപഴകുന്നവരിലോ ആണ് കോവിഡ് ബാധിക്കുകയെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഇതേതുടര്‍ന്നാണ് കൈകള്‍ കഴുകുന്നതടക്കമുള്ള ശുചിത്വ മാര്‍ഗങ്ങളേപ്പറ്റി നിരന്തര ബോധവത്കരണം ലോകാരോഗ്യ സംഘടന നടത്തിക്കൊണ്ടിരുന്നത്. 

കഴിഞ്ഞ ചൊവ്വാഴ്ച 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞര്‍ കൊറോണ വൈറസിന് വായുവില്‍ കൂടി പകരാന്‍ ശേഷിയുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് കാട്ടി തുറന്ന കത്തെഴുതിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈ സാധ്യതയും ഉള്‍ക്കൊള്ളിച്ചുള്ള പരാമര്‍ശം ലോകാരോഗ്യ സംഘടനയുടെ ഭാഗത്തുനിന്നുണ്ടായത്. രോഗം വായുവില്‍ കൂടി പകരാന്‍ സാധ്യതയുണ്ടെന്ന് തെളിവുകളുള്ളതായി ഇപ്പോള്‍ ഇവര്‍ സമ്മതിച്ചിരിക്കുകയാണ്. 

Content Highlights: there is emerging evidence in Coronavirus going airborne: WHO