പെര്‍ത്ത്: കമ്പ്യൂട്ടറുകളുടെയും ജിപിഎസ് ട്രാക്കറുകളുടെയും കാലത്തിന് മുമ്പ് കടലിന്റെ വ്യതിയാനങ്ങള്‍ അറിയാന്‍ ഉപയോഗിച്ചിരുന്ന മാര്‍ഗമാണ് കടലാസ്സില്‍ സന്ദേശങ്ങള്‍ എഴുതി നിക്ഷേപിച്ച് തിരകളിലേക്ക് വലിച്ചെറിഞ്ഞിരുന്ന കുപ്പികള്‍. ലോകത്തിലേക്കും വച്ച് ഏറ്റവും പഴക്കമുള്ള അത്തരമൊരു സന്ദശം കഴിഞ്ഞ ദിവസം കണ്ടുകിട്ടി. ഈ കുപ്പിയുടെയും സന്ദേശത്തിന്റെയും കാലപ്പഴക്കം 132 വര്‍ഷങ്ങളാണ്.

ഓസ്‌ട്രേലിയയുടെ പടിഞ്ഞാറന്‍ മേഖലയിലെ കടല്‍ത്തീരത്തു നിന്നാണ് കടലൊഴുക്കിനെക്കുറിച്ചറിയാന്‍ 1886ല്‍ നിക്ഷേപിച്ച സന്ദേശം കണ്ടെടുത്തത്. ടോണിയ ഇല്‍മാന്‍ എന്ന സ്ത്രീക്കാണ് വളരെ യാദൃശ്ചികമായി ഈ കുപ്പി കിട്ടിയത്. കടല്‍ത്തീരത്തുകൂടി നടക്കുന്നതിനിടെയാണ് കുപ്പി ടോണിയയുടെ ശ്രദ്ധയില്‍ പെട്ടത്. ഇവരുടെ മകന്റെ സുഹൃത്താണ് ഈ ആകര്‍ഷണീയമായ കുപ്പിയ്ക്കകത്ത് സന്ദേശമാണെന്ന് കണ്ടെത്തിയത്.

കുപ്പിയിലുള്ള കടലാസ് ചുരുളില്‍ 1882 ജൂണ്‍ 12 എന്ന തീയതിയും പൗള എന്ന കപ്പലിന്റെ പേരുമാണ് ഉണ്ടായിരുന്നത്. ജര്‍മ്മന്‍ ഭാഷയിലാണ് ഇതെഴുതിയിരുന്നത്. ഓസ്‌ട്രേലിയന്‍ മ്യൂസിയം അധികൃതരുടെ സഹായത്തോടെ നെതര്‍ലന്‍ഡിലും ജര്‍മ്മനിയിലും നടത്തിയ അന്വേഷണത്തില്‍ നിന്ന് ഈ സന്ദേശം എഴുതിയത് ജര്‍മ്മന്‍ നാവിക നിരീക്ഷണ പദ്ധതിയുടെ ഭാഗമായിരുന്ന പൗള കപ്പലില്‍ നിന്നാണെന്ന് വ്യക്തമായി. കപ്പലിനെക്കുറിച്ചുള്ള ചരിത്രരേഖകളില്‍ നിന്ന് ഇതെഴുതിയ ക്യാപ്റ്റന്റെ കയ്യക്ഷരവുമായി സന്ദേശം യോജിക്കുന്നതായും കണ്ടെത്തി. 

കാലാവസ്ഥ വ്യതിയാനവും കടല്‍ത്തിരകളുടെ ചലനവും മനസ്സിലാക്കാനുള്ള പഠനത്തിന്റെ ഭാഗമായി ഇത്തരത്തില്‍ ആയിരക്കണക്കിന് സന്ദേശങ്ങളാണ് 1864നും 1933നുമിടയില്‍ കടലില്‍ നിക്ഷേപിച്ചത്. ഇവയില്‍ 662 എണ്ണം മാത്രമാണ് ഇതുവരെ തിരികെ ലഭിച്ചിട്ടുള്ളത്. 

content highlights: The World's Oldest Message In A Bottle Survived 132 Years.