ഓസി | Photo:Reuters
അറ്റ്ലാന്റ: ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ ആണ് ഗോറില്ല, ഓസിയെ അറ്റ്ലാന്റയിലെ മൃഗശാലയില്‍ ചത്ത നിലയില്‍ കണ്ടെത്തി. 61 വയസ്സാണ് ഓസിക്ക് ഉണ്ടായിരുന്നത്.
ലോകത്തില്‍ ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ ഗോറില്ല കൂടിയാണ് ഓസി. മരണകാരണം വ്യക്തമല്ലെന്നും പരിശോധനകള്‍ നടക്കുകയാണെന്നും മൃഗശാല അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. നേരത്തെ തന്നെ ഓസി ശാരീരിക അവശതകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മുഖം നീരുവെയ്ക്കുക, ഭക്ഷണം കഴിക്കാതിരിക്കല്‍, ക്ഷീണം കാരണം എഴുന്നേറ്റ് നടക്കാതിരിക്കല്‍ തുടങ്ങിയ പ്രശ്നങ്ങളാണ് ഓസി പ്രകടിപ്പിച്ചിരുന്നത്.
ഓസിയുടെ മരണം മൃഗശാലയ്ക്ക് കനത്ത നഷ്ടവും ദുഃഖവുമാണെന്ന് മൃഗശാല സി.ഇ.ഒ റെയ്മണ്ട് കിന്‍ഡ് പറഞ്ഞു. ജോര്‍ജിയ സൂ സര്‍വകലാശാലയിലും കോളേജ് ഓഫ് വെറ്ററിനറി മെഡിസിന്റെ എക്സോട്ടിക് ആനിമല്‍ പാത്തോളജി വിഭാഗത്തിലും ഓസിയുടെ മൃതദേഹ പരിശോധന നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
1988ല്‍ ഫോര്‍ഡ് ആഫ്രിക്കന്‍ മഴക്കാടുകളില്‍ നിന്ന് മൃഗശാലയിലേക്ക് കൊണ്ടുവന്നവയില്‍ അവശേഷിക്കുന്ന ഒരേയൊരു മൃഗമായിരുന്നു ഓസി. ഏഴ് തലമുറകള്ക്കൊപ്പമായിരുന്നു ഓസി അറ്റ്ലാന്റയിലെ മൃഗശാലയില്‍ കഴിഞ്ഞിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..