വാഷിങ്ടണ്‍: അന്യഗ്രഹജീവികളെക്കുറിച്ചുള്ള മനുഷ്യന്റെ ഭാവനകള്‍ക്ക് അവസാനമില്ല. പറക്കും തളികകളെക്കുറിച്ചും തിരിച്ചറിയപ്പെടാത്ത പറക്കും വസ്തുക്കളെക്കുറിച്ചമെല്ലാമുള്ള കഥകള്‍ ശാസ്ത്രമെന്നോ ഭാവനയെന്നോ തീര്‍പ്പുകല്‍പിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. എന്നാല്‍, ഏതാനും വര്‍ഷം മുന്‍പ് പുറത്തുവന്ന പറക്കും തളികയെന്ന് സംശയിക്കുന്ന വസ്തുവിന്റെ വീഡിയോ യഥാര്‍ഥമാണെന്ന് സ്ഥിരീകരിച്ച് അമേരിക്ക. എന്നാല്‍ വീഡിയോയില്‍ കാണുന്ന വസ്തു എന്താണെന്ന് വ്യക്തമല്ലെന്നും അമേരിക്കന്‍ നാവികസേന വ്യക്തമാക്കി.

2017 ഡിസംബറിനും 2018 മാര്‍ച്ചിനും ഇടയിലുള്ള മൂന്നു വീഡിയോകള്‍ അമേരിക്കയിലെ സ്റ്റാര്‍സ് അക്കാദമി ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് പുറത്തുവിട്ടത്. അത്യാധുനിക ഇന്‍ഫ്രാറെഡ് സെന്‍സറുകളുപയോഗിച്ച് നാവികസേനാ വിമാനങ്ങുടെ പൈലറ്റുമാരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ ഇതുവരെ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്കായി ഔദ്യോഗികമായി പുറത്തുവിടുകയോ സ്ഥിരീകരിക്കുകയോ ചെയ്തിരുന്നില്ല. 

വേഗത്തില്‍ നീങ്ങുന്ന വസ്തുവാണ് വീഡിയോയില്‍ ഉള്ളത്. ഏതാനും നിമിഷങ്ങള്‍ മാത്രമാണ് വസ്തുവിനെ തിരിച്ചറിയാന്‍ സെന്‍സറുകള്‍ക്ക് സാധിച്ചത്. ഒരു വീഡിയോയിലെ അജ്ഞാത വസ്തു സ്വയം കറങ്ങിയാണ് നീങ്ങുന്നത്. മറ്റൊന്ന് ഏതാനും സെക്കന്‍ഡുകള്‍ ഒരു ദിശയില്‍ നീങ്ങിയ ശേഷം ഒരു വശത്തേക്ക് അതിവേഗത്തില്‍ തെന്നി നീങ്ങുന്നതും കാണാം. വസ്തു എന്താണെന്ന് അമേരിക്കന്‍ സൈനികര്‍ ആശ്ചര്യപ്പെടുന്നതും വീഡിയോകളിലൊന്നില്‍ കേള്‍ക്കാം. 

വര്‍ഷങ്ങള്‍ നീണ്ടുനിന്ന പഠനങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ വീഡിയോ സംബന്ധിച്ച സ്ഥിരീകരണം പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ യഥാര്‍ഥമാണെന്നും എന്നാല്‍ ഇവയുടെ ഉള്ളടക്കം സംബന്ധിച്ച് വിശദീകരിക്കാന്‍ സാധിക്കില്ലെന്നും അമേരിക്കന്‍ നാവികസേനാ വക്താവ് ജോ ഗ്രാഡിഷര്‍ പറഞ്ഞു. തിരിച്ചറിയപ്പെടാത്ത ആകാശ പ്രതിഭാസം എന്നാണ് ഇതിനെ അദ്ദേഹം വിവരിക്കുന്നത്.

Content Highlights: The US Navy just confirmed the UFO videos are real