
അഫ്ഗാനിസ്താനിൽ താലിബാൻ ഭരണം പിടിച്ചതിനെത്തുടർന്ന് രാജ്യം വിടുന്നതിനായി കാബൂൾ വിമാനത്താവളത്തിൽ കാത്തുനിൽക്കുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം | Photo: A.F.P.
ലണ്ടന്‍: അഫ്ഗാനിസ്താനില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് താലിബാന് ലോകം അവസരം നല്‍കണമെന്ന് ബ്രിട്ടീഷ് സൈനിക മേധാവി നിക്ക് കാര്‍ട്ടര്‍. പതിറ്റാണ്ടുകളായി പാശ്ചാത്യരാജ്യങ്ങള്‍ ഭീകരരായി കണ്ട ഇവരെ കൂടുതല്‍ ന്യായയുക്തരായി കാണാന്‍ ഇതിലൂടെ ചിലപ്പോള്‍ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷമായി രഹസ്യകേന്ദ്രങ്ങളില്‍ കഴിഞ്ഞ നേതാക്കന്മാരില്നിന്നും വ്യത്യസ്തമായി ലോകത്തിനു മുമ്പില്‍ തങ്ങളെ വെളിപ്പെടുത്തുമെന്ന് താലിബാന് വക്താവ് ബുധനാഴ്ച വ്യക്തമാക്കി.
'നമ്മള് ക്ഷമയോടെ കാത്തിരിക്കണം. സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് അവര്‍ക്ക് അവസരം നല്‍കണം. അവരുടെ കഴിവുകള്‍ പുറത്തെടുക്കുന്നതിന് അവര്‍ക്ക് അവസരം നല്‍കണം. തൊണ്ണൂറുകളില്‍ കണ്ട പഴയ താലിബാനായിരിക്കില്ല ഇത്തവണ. അവര്‍ക്കൊരവസരം നല്കിയാല് തീര്‍ച്ചയായും അവര്‍ ന്യായയുക്തരായിരിക്കുമെന്ന് കാണാന്‍ സാധിച്ചേക്കും. എന്നാല്‍ അവര്‍ സമാനസ്വഭാവമുള്ള സംഘടനയല്ലെന്ന് ഓര്‍ക്കേണ്ടതുണ്ട്. അഫ്ഗാനിസ്താനിലെ ഗ്രാമീണ മേഖലയില്‍നിന്നുള്ള വ്യത്യസ്ത ഗോത്രവര്‍ഗവിഭാഗങ്ങളുടെ സംഘമാണ് താലിബാന്--ബി.ബി.സി.ക്കു നല്കിയ അഭിമുഖത്തില്‍ കാര്‍ട്ടര്‍ പറഞ്ഞു. .
പഷ്തൂണ്‍ വിഭാഗത്തിന്റെ പരമ്പരാഗത ഗോത്രവര്‍ഗ ജീവിതരീതിയും പെരുമാറ്റച്ചട്ടവും പിന്തുടരുന്നവരാണവര്. ഇത്തവണ അടിച്ചമര്‍ത്തലിന്റെ സ്വഭാവത്തില്‍ അവര്‍ മയം വരുത്തിയിട്ടുണ്ട്. നിലവില്‍ കാബൂള്‍ ഭരിക്കുന്നതിന്റെ രീതികള്‍ വിലയിരുത്തുമ്പോള്‍ അവരെ ന്യായീകരിക്കാനുള്ള ചില സൂചനകള്‍ കാണുന്നുണ്ട്-കാര്‍ട്ടര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഇത്തരം തേന്‍ പുരട്ടിയ വാക്കുകളില്‍ ആളുകള്‍ വീഴരുതെന്ന് ബ്രിട്ടന്റെ സൈനിക വിഭാഗം മുന്‍ മേജര്‍ ജനറല്‍ ചാര്‍ലി ഹെര്‍ബര്‍ട്ട് ബ്രിട്ടീഷ് വാര്‍ത്താ ചാനലായ സ്കൈ ന്യൂസിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. 'അന്താരാഷ്ട്രതലത്തില്‍ താലിബാന് അംഗീകാരം ലഭിക്കേണ്ടതുണ്ട്. ബലം പ്രയോഗിച്ച് അധികാരത്തിലെത്തിയവരാണ് അവര്‍. ചൈന, റഷ്യ, പാശ്ചാത്യരാജ്യങ്ങള്‍ തുടങ്ങി അവര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. അതിനാല്‍ സ്ത്രീകള്‍ക്കും തുല്യ അവകാശങ്ങള്‍ നല്‍കുമെന്നതടക്കുമുള്ള ആകര്‍ഷിക്കുന്ന വാഗ്ദാനങ്ങള്‍ അവര്‍ നല്‍കും. താലിബാന് തങ്ങളുടെ നിലപാടുകളില്‍ മാറ്റം വരുത്തിയെന്നതിന് തെളിവുകളൊന്നുമില്ല-ഹെര്‍ബര്‍ട്ട് ചൂണ്ടിക്കാട്ടി. അഫ്ഗാനില്‍ നാറ്റോ ഉപദേശകനായും ഹെര്‍ബര്‍ട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights: the taliban could be different this time britains army chief says
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..