ഡൊണാൾഡ് ട്രംപ്, സ്റ്റോമി ഡാനിയെൽസ് | Photo:AP
ന്യൂയോർക്ക്: വാർത്തകളിൽ എന്നും നിറഞ്ഞുനിൽക്കുന്ന ആളാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ പോൺതാരത്തിന് പണം നൽകിയെന്നാണ് അദ്ദേഹത്തിനെതിരെ ഉയർന്ന് വന്നിരിക്കുന്ന പുതിയ ആരോപണം. 2016 യു.എസ് തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് പോൺ താരം സ്‌റ്റോമി ഡാനിയേൽസിന് 1.30 ലക്ഷം ഡോളർ (1.07 കോടിയോളം രൂപ) നൽകിയെന്നാണ് ആരോപണം. സംഭവത്തിൽ ട്രംപിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ട്.
നേരത്തെയും ട്രംപിനെതിരെ ആരോപണങ്ങളുമായി സ്റ്റോമി രംഗത്ത് വന്നിട്ടുണ്ട്. 2006-ൽ കാലിഫോർണിയയിലെ ലേക്ക് ടോഹോ ഹോട്ടലിൽവെച്ച് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു സ്റ്റോമിയുടെ വെളിപ്പെടുത്തൽ. ഈ വിഷയം ഒത്തുതീർപ്പാക്കുന്നതിനായാണ് ട്രംപ് അവർക്ക് പണം നൽകിയതെന്നാണ് നിലവിലെ ആരോപണം. ഇതിനുപുറമെ ഇത്തരമൊരു ആവശ്യത്തിനായി അദ്ദേഹം ഉപയാഗിച്ച പണം തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് വകമാറ്റിയതാണെന്നും ആരോപണമുണ്ട്.
.jpg?$p=f4b8d02&&q=0.8)
സംഭവം ചൂടുപിടിച്ചതോടെ തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് ട്രംപ് രംഗത്തെത്തി. വിഷയം രാഷ്ട്രീയപ്രേരിതമാണെന്നാണ് ട്രംപിന്‍റെ വാദം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നിലവിലെ ഗൂഢനീക്കത്തിന് പിന്നിലെന്നും അദ്ദേഹം പറയുന്നു. എന്നാൽ സ്റ്റോമിയുടെ ആരോപണങ്ങളിൽ ട്രംപ് കുറ്റക്കാരനാണെന്ന് മാൻഹാട്ടൻ കോടതി കണ്ടെത്തിയതോടെ 2024 യു.എസ് തിരഞ്ഞെടുപ്പിലെ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം തുലാസിലായിരിക്കുകയാണ്.
ആരാണ് സ്റ്റോമി ഡാനിയേൽ?
അശ്ലീല ചലച്ചിത്ര വ്യവസായ രംഗത്ത് പരിചയസമ്പന്നയാണ് 44-കാരിയായ സ്റ്റോമി ഡാനിയേൽ. 17 വയസ്സുള്ളപ്പോൾ ഒരു സ്ട്രിപ്പ് ക്ലബിന്റെ ഭാഗമാകുന്നതോടെയാണ് ഈ രംഗത്തേക്ക് സ്‌റ്റോമി കടന്നുവരുന്നത്. തുടർന്ന് പിന്നീടുള്ള ജീവിതത്തിൽ എണ്ണമറ്റ നീലച്ചിത്രങ്ങളുടെ ഭാഗമായി അവർ. നീലച്ചിത്രങ്ങളിലെ അഭിനേത്രി എന്ന നിലയിലും സംവിധായിക എന്ന നിലയിലും അമേരിക്കയിൽ അറിയപ്പെടുന്ന ആളാണ് അവർ.
ഈ രംഗത്ത് ജോലി ചെയ്യുന്ന മറ്റ് പല പ്രമുഖരെയും പോലെ സ്‌റ്റോമി ഡാനിയേൽ എന്നുള്ളത് അവർ തിരഞ്ഞെടുത്ത പേരാണ്. യഥാർഥ പേര് സ്റ്റെഫാനി ക്ലിഫോർഡ്. പ്രശസ്ത അമേരിക്കൻ സംഗീതജ്ഞൻ നിക്കി സിക്‌സിന്റെ മകളുടെ പേരായ സ്റ്റോമിൽ നിന്നും അവരുടെ പ്രിയപ്പെട്ട മദ്യ ബ്രാൻഡായ ജാക്ക് ഡാനിയേൽസിൽ നിന്നുമുള്ള സ്വാധീനമാണ് ഇത്തരമൊരു പേരിലേക്ക് നിക്കിയെ നയിച്ചതെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
.jpg?$p=c33b29b&&q=0.8)
27-കാരിയും 60-കാരനും തമ്മിലുള്ള കണ്ടുമുട്ടൽ
2006 ജൂലൈയിൽ തന്റെ 27-ാം വയസ്സിൽ ഒരു ഗോൾഫ് ടൂർമെന്റനിടെയാണ് സ്റ്റോമി ട്രംപിനെ കണ്ടുമുട്ടുന്നത്. അക്കാലത്തുതന്നെ നീലച്ചിത്ര രംഗത്ത് പ്രമുഖയായിരുന്നു സ്റ്റോമി. അമേരിക്കൻ റിയാലിറ്റി ഷോയായ 'ദ അപ്രന്റിസി'ന്റെ അവതാരകനായിരുന്നു അറുപതുകാരനായ ട്രംപ്.
ട്രംപിന്റെ അംഗരക്ഷകരിലൊരാൾ അത്താഴം കഴിക്കാൻ സ്റ്റോമിയെ ക്ഷണിക്കുന്നതോടെയാണ് ആരോപണത്തിന് ആധാരമായ സംഭവങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അവിടെവച്ച് തന്റെ മുഖചിത്രമുള്ള ഒരു മാഗസിൻ ട്രംപ് സ്റ്റോമിയുടെ മുന്നിലേക്ക് നീട്ടി. എന്നാൽ ഇതുപയോഗിച്ച് ട്രംപിനെ അടിക്കണം എന്നായിരുന്നു സ്റ്റോമിയുടെ പരിഹാസം. ഇത് കേട്ടതോടെ ട്രംപ് തിരിഞ്ഞുനിന്ന് തന്റെ പാന്റുകൾ അല്പം താഴ്ത്തിയെന്നാണ് സ്റ്റോമി ആരോപിക്കുന്നത്.

''നിങ്ങൾ സുന്ദരിയും മിടുക്കിയുമാണ്. നീ എന്റെ മകളെ ഓർമിപ്പിക്കുന്നു. എനിക്ക് നിന്നെ അതിയായ ഇഷ്ടമാണ്'', തന്റെ റിയാലിറ്റി ഷോയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ആരാഞ്ഞുകൊണ്ട് ട്രംപ് തന്നോട് പറഞ്ഞെന്ന് സ്റ്റോമി പറയുന്നു.
'തന്റെ ജീവിതത്തിലുണ്ടായിട്ടുള്ള ലൈംഗിക ബന്ധങ്ങളിൽ ഏറ്റവും അനാകർഷകം', എന്നാണ് ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് സ്റ്റോമി ഒരു അഭിമുഖത്തിൽ പറഞ്ഞത്. പിന്നീടുള്ള തന്റെ ജീവിതത്തിൽ ട്രംപിനെ ടി.വിയിൽ കണ്ട സാഹചര്യങ്ങളിലെല്ലാം അദ്ദേഹത്തെ താൻ അറപ്പോടെ നോക്കിയതായും സ്‌റ്റോമി വ്യക്തമാക്കുന്നു. 2006-ലെ ലൈംഗിക ബന്ധത്തിനുശേഷം ഇരുവരും ഫോണിൽ സംസാരിച്ചിട്ടുണ്ട്. 2007-ൽ ലോസ് ഏഞ്ചൽസിലെ ഒരു സ്വകാര്യ ഹോട്ടലിൽവെച്ച് കണ്ടുമുട്ടിയിട്ടുമുണ്ട്. ഇവയെല്ലാം ട്രംപ് അവതാരകനായിരുന്ന ദി അപ്രന്റിസിൽ സ്റ്റോമി പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു.

2007-ലെ കൂടിക്കാഴ്ചയ്ക്കിടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ട്രംപ് നിർബന്ധിച്ചുവെങ്കിലും അവർ തയ്യാറായില്ല. എന്നാൽ ഈ സംഭവത്തിന് ഒരു മാസത്തിന് ശേഷം സ്റ്റോമിയെ തേടി ട്രംപിന്റെ ഒരു ഫോൺ കോൾ എത്തി. സ്‌റ്റോമി ഡാനിയെൽസിനെ തന്റെ ഷോയിൽ പങ്കെടുപ്പിക്കാനാവില്ലെന്നായിരുന്നു ആ കോളിന്റെ ഉള്ളടക്കം.
അവസരത്തിനായി കാത്തുനിന്നു
2007-നും 2011-നുമിടയിൽ ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ശ്രമം ഊർജിതമാക്കുന്നതിനിടയിൽ വിഷയം നിശബ്ദമായിരുന്നു. എന്നാൽ ദ അപ്രന്റീസിൽ നിന്ന് തന്നെ ഒഴിവാക്കിയതിൽ സ്‌റ്റോമി പ്രകോപിതയായിരുന്നു. 2011 ഒക്ടോബറിൽ തനിക്ക് ലഭിച്ച 15,000 ഡോളറിന്റെ ഓഫർ ട്രംപിന്റെ സഹായി തട്ടിതെറിപ്പിച്ചത് സ്റ്റോമിയെ വീണ്ടും ചൊടിപ്പിച്ചു. ഇതോടെ ട്രംപുമായി തനിക്കുണ്ടായ അനുഭവങ്ങളെല്ലാം പുറംലോകത്തെ അറിയിക്കണമെന്ന ചിന്തയായി സ്‌റ്റോമി ഡാനിയെൽസിന്.
2016-ൽ മറ്റൊരു തിരഞ്ഞടുപ്പ് കാലത്താണ് വിഷയം വീണ്ടും ജനശ്രദ്ധയിലെത്തുന്നത്. സ്ത്രീകൾക്കെതിരെ അസഭ്യം പറയുന്ന ട്രംപിന്റെ ഓഡിയോ ടേപ്പുകൾ പുറത്തുവന്നതോടെ തന്റെ ആരോപണങ്ങൾ ഉന്നയിക്കുന്നതിനുള്ള കൃത്യമായ സമയമാണിതെന്ന് സ്റ്റോമിക്ക് ബോധ്യമായി. 2006-ൽ തന്റെ ഭാര്യ ഗർഭിണിയായിരുന്ന കാലത്ത് അവരെ വഞ്ചിച്ചുകൊണ്ട് തന്നെ സമീപിച്ച ട്രംപിന്റെ കഥ വിൽക്കാനാകുന്ന ഏറ്റവും ഉചിതമായ സമയം ഇതാണെന്നും അവർ തിരിച്ചറിഞ്ഞു.

1,30,000 ഡോളറിന് വിഷയം തീർപ്പാക്കുന്നു
തന്റെ അവസരം മുതലെടുത്ത സ്റ്റോമി അവരുടെ ഏജന്റ് വഴി പ്രസിദ്ധീകരണ സ്ഥാപനമായ 'ദ എൻക്വയറു'മായി ബന്ധപ്പെട്ടു. എന്നാൽ എൻക്വയറിന്റെ പ്രസാധകനായിരുന്ന ഡേവിഡ് പെക്കർ ട്രംപിന്റെ ഉറ്റസുഹൃത്തായിരുന്നു. ഇതോടെ സ്‌റ്റോമിയുടെ കഥ വെളിപ്പെടുത്തുന്നതിനു പകരം അനുനയത്തിന്റെ പാതയിലേക്ക് കാര്യങ്ങൾ നീങ്ങി.
ഇതോടെ 1.30 ലക്ഷം ഡോളറിന് ഇരുവരും ഒത്തുതീർപ്പിലെത്തി. ഡാനിയൽസിന്റെ അഭിഭാഷകനായിരുന്ന കെയ്‌തെ ഡേവിഡ്‌സണും ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കൽ കോഹനും നോൺ ഡിസ്‌ക്ലോഷർ അഗ്രിമെന്റിലും ഒപ്പുവച്ചു. കരാർ ട്രംപിന്റെ അംഗീകാരത്തോടെയായിരുന്നുവെന്നാണ് മൈക്കൽ കോഹൻ പിന്നീട് വെളിപ്പെടുത്തിയത്.
പണം നൽകിയത് നിയമവിരുദ്ധമോ?
ഇത്തരത്തിൽ കരാറിൽ ഏർപ്പെട്ട് അനുനയത്തിലേക്കെത്തുന്നതിൽ നിയമവിരുദ്ധമായിട്ടൊന്നുമില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ, തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പണം നൽകിയതാണ് വിഷയത്തെ ഗുരുതരമാക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ട്രംപിന്റെ സാധ്യതകളെല്ലാം തകർത്തേക്കാവുന്ന വിവരങ്ങൾ മറച്ചുവയ്ക്കുന്നത് തിരഞ്ഞെടുപ്പ് പ്രചാരണ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് മറുവശത്തുയരുന്ന വാദം.
Content Highlights: The story of porn star Stormy Daniels and Donald Trump
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..