പുതിയ കാഴ്ച്ചകളുടെയും അതോടൊപ്പം അനുഭവങ്ങളുടെയും അന്വേഷകരാണ് സഞ്ചാരികള്‍. പ്രകൃതി രമണീയതയും ശാന്തതയും ഇഷ്ടപ്പെടുമ്പോള്‍ മറ്റ് ചിലര്‍ക്ക് സാഹസികതയാണിഷ്ടം. മരണത്തോളം അടുത്തെത്തുന്നതാണ് ആ സാഹസികതയെങ്കില്‍ പോലും സാഹസിക പ്രിയര്‍ പിന്തിരിഞ്ഞു നടക്കാറില്ല. ടൂറിസം രംഗത്ത് അടുത്തിടെയുണ്ടായ പ്രവണതകളിലൊന്ന് ഡിസാസ്റ്റര്‍ ടൂറിസമാണ്. ദുരന്തമേഖലകളാണ് ചില സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളിലൊന്ന്.

ഡിസാസ്റ്റര്‍ ടൂറിസത്തോട് ചേര്‍ത്തുവയ്ക്കാവുന്ന ഒന്നാണ് അടുത്തിടെ വ്യാപകമായ വോള്‍കാനൊ ടൂറിസം. പൊട്ടാനൊരുങ്ങി നില്‍ക്കുന്നതൊ പൊട്ടിയതോ ആയ അഗ്നിപര്‍വ്വതങ്ങളാണ് ചില സഞ്ചാരികളെ മോഹിപ്പിക്കുന്ന ഇടം. ന്യൂസിലാന്റ്. ഇന്തോനീഷ്യ, ഇറ്റലി, ജപ്പാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ അഗ്നിപര്‍വ്വതങ്ങള്‍ തേടി ഓരോ വര്‍ഷവും നിരവധി സഞ്ചാരികളാണ് എത്തുന്നത്. 

volcano
Photo:AP

എന്താണ് അഗ്നി പര്‍വ്വതങ്ങള്‍    

ഭൗമാന്തര്‍ ഭാഗത്തെ അര്‍ധ ദ്രാവകാവസ്ഥയിലുള്ള മാഗ്മ ഭൂവല്‍ക്കത്തിലെ ദുര്‍ബല  ഭാഗത്തുകൂടി അതിശക്തമായി പുറത്തേക്കു വരുമ്പോഴാണ് അഗ്നി പര്‍വ്വത സ്‌ഫോടനങ്ങളുണ്ടാകന്നത്.  

എന്തുകൊണ്ട് അഗ്നി പര്‍വ്വതങ്ങള്‍

അഗ്‌നിപര്‍വ്വതങ്ങളോട് അടുക്കുന്നത് അസ്വസ്ഥമായ ഭൂമിയുടെ ശക്തി അനുഭവിക്കാന്‍ ഒരു അപൂര്‍വ അവസരം നല്‍കുന്നുവെന്നാണ് ഒരു സഞ്ചാരി ഇതേ കുറിച്ച് അഭിപ്രായപ്പെട്ടത്. അഗ്നി പര്‍വ്വത സ്‌ഫോടനങ്ങള്‍ നടക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകാശവും തീയുടെ നിറത്തില്‍ ലാവ പുറത്തേക്ക് ഒഴുകിവരുന്ന അപൂര്‍വ്വ കാഴ്ച്ചയുമെല്ലാം സഞ്ചാരികളെ അഗ്നിപര്‍വ്വതങ്ങളിലേക്ക് ആകര്‍ഷിക്കുന്നു. ഒരു ദുരന്ത സ്ഥലമെന്ന നിലയില്‍ അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളുണ്ടാകുന്ന ഇടങ്ങളെ തേടിയെത്തുന്നവരും കുറവല്ല. 

ആസ്വാദ്യതയ്ക്ക് ഒപ്പം വന്‍ അപകട സാധ്യതയും 

അഗ്നി പര്‍വ്വത സ്‌ഫോടനം നടക്കുന്നത് കാണാന്‍ നല്ല രസമുള്ള കാഴ്ച്ചയായിരിക്കാം. പക്ഷേ അപകട സാധ്യത പതിമടങ്ങാണെന്ന് മാത്രമല്ല പലപ്പോഴും പ്രവചനാതീതവുമാണ്. 
 
അഗ്നി പര്‍വ്വത സ്‌ഫോടനങ്ങളുണ്ടാകുമ്പോള്‍ സള്‍ഫര്‍ ഡൈ ഓക്‌സൈഡും മറ്റ് വിഷമയമായ അഗ്‌നിപര്‍വ്വത വാതകങ്ങളും പുറന്തളളപ്പെടുന്നു. അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളുടെ ഫലമായി ഉണ്ടാകുന്ന കാട്ടുതീ, മണ്ണിടിച്ചില്‍, തീരപ്രദേശങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സുനാമി എന്നിങ്ങനെ ഒരു അഗ്നിപര്‍വ്വതം പൊട്ടുമ്പോള്‍ അനുബന്ധമായി എന്തൊക്കെ സംഭവിക്കുമെന്നത് പ്രവചാനാതീതമാണ്. അതിനാല്‍ തന്നെ അപകട സാധ്യതയും പതിമടങ്ങാണ്.  അഗ്നിപര്‍വ്വത സ്‌ഫോടങ്ങള്‍ കാണാനെത്തിയവര്‍ക്ക് പരിക്കേറ്റ നിരവധി സംഭവങ്ങളുണ്ട്.  ന്യൂസിലാന്റിലെ വൈന്റ് ഐലന്റില്‍ അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ച് നിരവധി പേരെ കാണാതായത് ആഴ്ച്ചകള്‍ക്ക് മുമ്പാണ്. സ്‌ഫോടനം നടക്കുമ്പോള്‍ നൂറോളം സഞ്ചാരികളാണ് ദ്വീപിലുണ്ടായിരുന്നത്. 

ഡിസാസ്റ്റര്‍ ടൂറിസം കേരളത്തിലും
 
അഗ്നിപര്‍വ്വതങ്ങളിലേക്കല്ലെങ്കിലും ഡിസാസ്റ്റര്‍  ടൂറിസത്തിന് കേരളത്തില്‍ നല്ല മാര്‍ക്കറ്റാണ്. നിലമ്പൂര്‍ കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങളെപ്പോലും താറുമാറാക്കുന്ന വിധത്തിലായിരുന്നു ഇവിടങ്ങളിലേക്കുള്ള സഞ്ചാരികളുടെ കുത്തൊഴുക്ക്‌.

volcano
Photo:AP

പ്രശസ്തമായ ചില അഗ്നി പര്‍വ്വതങ്ങള്‍ 

ഇന്തോനേഷ്യ

ബാലിയിലെ അഗുംഗ് പര്‍വതം ആണ് ഇന്തോനേഷ്യയിലെ പ്രധാനപ്പെട്ട അഗ്നിപര്‍വ്വതങ്ങളിലൊന്ന്. 2017ല്‍ ആണ് ഇത് ആദ്യമായി പൊട്ടിത്തെറിച്ചത്. പക്ഷേ ഇപ്പോഴും പൊട്ടിത്തെറി തുടരുന്നുമുണ്ട്. അഗുംഗ് അഗ്നിപര്‍വ്വത സ്‌ഫോടനം കാരണം വ്യോമാതിര്‍ത്തി അടയ്ക്കുകയും സമീപ പ്രദേശങ്ങളില്‍ നിന്ന് നിരവധി പേരെ കുടിയൊഴിപ്പിക്കുകയും ചെയ്തു. അതുവരെ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദമായിരുന്നു അഗുംഗ് പര്‍വ്വതത്തിലേക്കുള്ള ട്രെക്കിങ്ങ്. 

ബാലിയിലെ സജീവമായ മറ്റൊരു അഗ്‌നിപര്‍വ്വതമാണ് മൗണ്ട് ബാതൂര്‍. ഇവിടുത്തെ സൂര്യോദയം സഞ്ചാരികള്‍ക്ക് ഇന്നും പ്രിയപ്പെട്ട കാഴ്ചയാണ്. 2000 ലാണ് മൗണ്ട് ബാതൂര്‍ അവസാനമായി പൊട്ടിത്തെറിച്ചത്. 

AP
Photo; AP

ബാലിക്ക് സമീപം ലോംബോക്ക് ദ്വീപിലെ റിഞ്ചാനി പര്‍വ്വതമാണ് ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതം. സജീവമായതിനാല്‍ ഈ അഗ്നിപര്‍വ്വതത്തിന്റെ സമീപത്തിലേക്കുള്ള പ്രവേശനം പലപ്പോഴും നിയന്ത്രിക്കാറുണ്ട്. പക്ഷേ നിയന്ത്രണങ്ങളെയും വകവയ്ക്കാതെയാണ് സഞ്ചാരികള്‍ റിഞ്ചാനിയെ തേടിയെത്തുന്നത്. 

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു അഗ്‌നിപര്‍വ്വതം ജാവയിലെ ബ്രോമോ ആണ്, ഇവിടെ സന്ദര്‍ശകര്‍ക്ക്   ബ്രോമോയുടെ ഉള്ളറകളില്‍ നിന്ന് പുറത്തേക്ക് പ്രവഹിക്കുന്ന സള്‍ഫറസ് പുക വളരെ അടുത്തുനിന്നു തന്നെ കാണാനാകും.

ബ്രോമോയുടെ തന്നെ തൊട്ടടുത്തുള്ള അഗ്നിപര്‍വ്വതമാണ് ഇജെന്‍ പര്‍വ്വതം. ഇജെനില്‍ നിന്ന് പുറത്തേക്കുവരുന്ന പുകയാണ് സഞ്ചാരികളെ  ഇവിടേക്ക് ആകര്‍ഷിക്കുന്ന ഘടകം.  

ഇറ്റലി

ഇറ്റലിയിലെ സിസിലിയിലുള്ള അഗ്നി പര്‍വ്വതമാണ് മൗണ്ട് എറ്റ്‌ന. നിരന്തരം സജീവമാണ് ഈ അഗ്നിപര്‍വ്വതമെങ്കിലും ഇവിടേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. 2017ല്‍ ഉണ്ടായ ഒരു സ്‌ഫോടനത്തില്‍ എറ്റ്‌നയെ കാണാനെത്തിയ സഞ്ചാരികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.  

volcano
മൗണ്ട് എറ്റ്‌ന Photo: AP

ലോകത്തിലെ ഏറ്റവും പ്രശസ്തമായ അഗ്‌നിപര്‍വ്വതങ്ങളിലൊന്നാണ് നേപ്പിള്‍സിലെ വെസൂവിയസ് പര്‍വ്വതം, എ ഡി 79 ല്‍ ഈ അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചപ്പോള്‍ റോമന്‍ നഗരങ്ങളായ പോംപൈ, ഹെര്‍ക്കുലാനിയം, ഒപ്ലോണ്ടിസ്, സ്റ്റേബിയ എന്നിവ നാമാവശേഷമായി. 

എറ്റ്‌ന അഗ്നിപര്‍വതം തീതുപ്പുന്നതിന്റെ ദൃശ്യങ്ങള്‍

വെസൂവിയസ് മാത്രമല്ല  ഈ പര്‍വ്വതം നാമവശേഷമാക്കിയ നഗരങ്ങളുടെ അവശിഷ്ടങ്ങള്‍ കാണാനും സഞ്ചാരികളെത്തുന്നു. ഏകദേശം 20 ദശലക്ഷത്തിലധികം ആളുകള്‍ ആണ് ഓരോ വര്‍ഷവും വെസൂവിയസിനെ തേടിയെത്തുന്നത്. 

ജപ്പാന്‍

ഭൂകമ്പങ്ങള്‍ സജീവമായ രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. ലോകമെമ്പാടും നടക്കുന്ന ഭൂകമ്പങ്ങളുടെ 20 ശതമാനമാണ് ജപ്പാനില്‍ ഉണ്ടാകുന്നത്. ജപ്പാനില്‍ സജീവമായ നിരവധി അഗ്നിപര്‍വ്വതങ്ങളുമുണ്ട്. ടോക്കിയോയ്ക്കടുത്തുള്ള ഫുജി പര്‍വതം സജീവമായ അഗ്‌നിപര്‍വ്വതമാണ്. പതിനെട്ടാം നൂറ്റാണ്ടിലാണ് ഫ്യൂജി അവസാനമായി പൊട്ടിത്തെറിച്ചത്. ഫുജിയും സന്ദര്‍ശകരുടെ പ്രിയപ്പെട്ട അഗ്നിപര്‍വ്വതങ്ങളിലൊന്നാണ്. 

ജപ്പാനിലെ സജീവമായ അഗ്നിപര്‍വ്വതങ്ങളിലൊന്നാണ് അസാമ പര്‍വ്വതം. 2015 ലാണ് ഇത് അവസാനമായി പൊട്ടിത്തെറിച്ചത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവിടേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികള്‍ നിരവധിയാണ്. 

volcano
Photo: AP

ഫിലിപ്പൈന്‍സ്

മയോണ്‍ പര്‍വ്വതമാണ് ഫിലിപ്പൈനിലെ ഏറ്റവും പ്രശസ്തമായ അഗ്നി പര്‍വ്വതം. 1616ലാണ് ആദ്യമായി മയോണ്‍ പൊട്ടിത്തെറിക്കുന്നത്, 2018ല്‍ അവസാനമായും പക്ഷേ ഇതിനിടയില്‍ 50 തവണ മയോണ്‍ പൊട്ടിത്തെറിക്കുകയുണ്ടായി. 1814ല്‍ മയോണ്‍ പൊട്ടിത്തെറിച്ചപ്പോള്‍ 1200 പേര്‍ക്കാണ് ജീവിതം നഷ്ടപ്പെട്ടത്. ഇന്ന് ഫിലിപ്പൈനില്‍ വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നൊരു സ്ഥലം മയോണാണ്.

മയോന്‍ അഗ്നിപര്‍വതം തീതുപ്പുന്നു

ഫിലിപ്പൈനിലെ മറ്റൊരു പ്രശസ്തമായ പര്‍വ്വത നിരയാണ് പിനറ്റാബോ. 1991 ജൂണ്‍ 15ന് പിനറ്റാബോ പൊട്ടിത്തെറിച്ചപ്പോള്‍ അത് 20ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പൊട്ടിത്തെറിയായി. 800 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്.  

പക്ഷേ ജീവിതത്തില്‍ ഒരിക്കലെങ്കിലും...എന്നതാണ്  അഗ്നിപര്‍വ്വത പ്രേമികള്‍ക്ക് പിനറ്റാബോയെ കുറിച്ചുള്ള സ്വപ്‌നം. 

ന്യൂസിലന്‍ഡില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് നിരവധിപേരെ കാണാതായി

സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട അഗ്നിപര്‍വ്വതങ്ങളുടെ നീണ്ട നിര ഇനിയുമുണ്ട്. മുകളില്‍ സൂചിപ്പിച്ച ഇടങ്ങളിലെല്ലാം അഗ്നിപര്‍വ്വതങ്ങള്‍ മികച്ചൊരു ടൂറിസമേഖലയായി വളര്‍ന്നു കഴിഞ്ഞു. പ്രോത്സാഹിപ്പിക്കപ്പടേണ്ട വിനോദസഞ്ചാരമേഖലയാണോ ഇതെന്നും വിലയിരുത്തപ്പെടേണ്ടതുണ്ട്.  സാഹസിക ടൂറിസമാണോ അതോ ഡിസാസ്റ്റര്‍ ടൂറിസമാണോ അഗ്നിപര്‍വ്വതങ്ങളെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നെന്നും ഇരുത്തി ചിന്തിക്കേണ്ടതാണ്...

തീതുപ്പി കിലുവെല്ല അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു, ലാവപ്രവാഹം-വീഡിയോ

Content Highlight: The rise of volcano tourism