വാഷിങ്ടണ്‍: ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് അമേരിക്ക. ഐഎസിന്റെ ദക്ഷിണേഷ്യന്‍ മേഖലയിലെ ഖൊറാസാന്‍ ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍  ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നുവെന്നും അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറും ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ആക്ടിങ് ഡയറക്ടറുമായ റുസ്സെല്‍ ട്രാവേഴ്‌സ് ആണ് വ്യക്തമാക്കിയത്.

അമേരിക്കന്‍ സെനറ്റില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി നല്‍കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസിന്റെ എല്ലാ ഉപവിഭാഗങ്ങളും അമേരിക്കയെ സംബന്ധിച്ചിടത്തോളം ആശങ്കയ്ക്ക് കാരണമാണെന്നും റുസ്സെല്‍ ട്രാവേഴ്‌സ് പറഞ്ഞു. 

ഐഎസില്‍ നിന്ന് മാതൃക സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന 4000 ഭീകരര്‍ എങ്കിലും ദക്ഷിണേഷ്യയിലുണ്ടെന്നും അഫ്ഗാനിസ്താന് പുറത്ത് നിരവധി ആക്രമണങ്ങള്‍ക്ക് ഐഎസ്- ഖൊറാസാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും റുസ്സെല്‍ ട്രാവേഴ്‌സ് പറഞ്ഞു. 

ഇന്ത്യയിലും അവര്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കിലും അവര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടു. എന്നാല്‍ എഫ്ബിഐ ഈ ശ്രമം പൊളിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:The Khorasan group of the ISIS attempted a suicide attack In India last Year