കാബൂള്‍: അഫ്ഗാനിസ്താന്റെ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് താലിബാന്റെ മുന്‍നിര നേതാക്കള്‍ കാബൂളില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഹഖാനി ശൃഖലയുടെ പ്രതിനിധികളും ഈ യോഗത്തില്‍ പങ്കെടുക്കുന്നുന്നുണ്ട്.

വിദേശ സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൗരന്‍മാര്‍ തുടങ്ങിയവരുടെ ജീവന്‍ അപഹരിച്ച സമീപകാല ആക്രമണങ്ങള്‍ നടത്തിയത് ഹഖാനികളാണ്. അഫ്ഗാനിസ്താന്റെ പുതിയ താലിബാന്‍ ഭരണകൂടത്തില്‍ ഹഖാനികള്‍ക്ക് പ്രധാന പദവികള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരാണ് ഹഖാനികള്‍

1980-കളില്‍ സോവിയറ്റ് വിരുദ്ധ ജിഹാദിന് നേതൃത്വം നല്‍കിയതിലൂടെ ഹീറോ പരിവേഷം ലഭിച്ച ജലാലുദ്ദീന്‍ ഹഖാനിയാണ് ഈ ഒളിഗ്രൂപ്പിനെ രൂപീകരിച്ചത്. 80-കളില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എക്ക് പ്രിയങ്കരനായിരുന്നു ജലാലുദ്ദീന്‍ ഹഖാനി. സംഘര്‍ഷത്തിലും സോവിയറ്റ് പിന്‍മാറ്റത്തിന് ശേഷവും ഒസാമ ബിന്‍ലാദന്‍ അടക്കമുള്ള വിദേശ തീവ്രവാദികളുമായുള്ള ബന്ധം അദ്ദേഹം വളര്‍ത്തിയെടുത്തു.

1996-ല്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്ത താലിബാനുമായി ജലാലുദ്ദീന്‍ ഹഖാനി സഖ്യമുണ്ടാക്കി. 2001-ല്‍ യു.എസ്. അധിനിവേശം നടത്തുന്നതുവരെ താലിബാന്‍ ഭരണകൂടത്തില്‍ മന്ത്രിയായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

അസുഖങ്ങളെ തുടര്‍ന്ന് 2018-ല്‍ ഹഖാനി മരിച്ചതായി താലിബാന്‍ അറിയിച്ചു. അദ്ദേഹത്തിന്റ മകന്‍ സിറാജുദ്ദീന്‍ ഹഖാനി ശൃഖലയുടെ നേതൃത്വം ഏറ്റെടുത്തു. സാമ്പത്തികമായും സൈനികമായുമുള്ള ശക്തിക്കൊപ്പം ദയയില്ലാത്ത പ്രവര്‍ത്തനമെന്ന കുപ്രസിദ്ധിയും താലിബാനില്‍ ഹഖാനി ശൃഖലക്ക് പ്രത്യേക ഇടംനല്‍കി.

കിഴക്കന്‍ അഫ്ഗാനിലാണ് പ്രധാനമായും ഇവരുടെ താവളങ്ങള്‍. അടുത്ത കുറച്ച് വര്‍ഷങ്ങളായി താലിബാന്‍ നേതൃത്വത്തിന്റെ മുന്‍നിരയിലേക്ക് ഇവര്‍ വന്നുതുടങ്ങി. സിറാജുദ്ദീന്‍ ഹഖാനിയെ താലിബാന്‍ 2015-ല്‍ ഉപനേതാവായി തിരഞ്ഞെടത്തു. 

അഷ്‌റഫ് ഗനി സര്‍ക്കാര്‍ തടവിലാക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്ത അനസ് ഹഖാനി, സിറാജുദ്ദീന്‍ ഹഖാനിയുടെ ഇളയ സഹോദരനാണ്. താലിബാന്‍ കാബൂള്‍ കീഴടക്കിയതിന് പിന്നാലെ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായി ചര്‍ച്ച നടത്തിയത് അനസ് ഹഖാനിയാണ്. 

 

TALIBAN


ഇവരെ ഭയപ്പെടുന്നത് എന്തുകൊണ്ട്

അഫ്ഗാനിസ്താനില്‍ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ നടന്ന ഞെട്ടിപ്പിക്കുന്നതും മാകരകമായതുമായ ആക്രമണങ്ങളിലെല്ലാം ഹഖാനി ശൃഖലയുടെ പങ്ക് ആരോപിക്കപ്പെട്ടിട്ടുണ്ട്. അവരെ ഒരു വിദേശ തീവ്രവാദ ഗ്രൂപ്പായി അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഐക്യരാഷ്ട്രസഭ ഉപരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചാവേറാക്രമണത്തില്‍ പ്രശസ്തി നേടിയവരാണിവര്‍. സൈനിക സ്ഥാപനങ്ങളിലും എംബസികളിലും ഉള്‍പ്പടെ തന്ത്രപ്രധാന മേഖലകളില്‍ ചാവേറക്രമണങ്ങള്‍ നടത്തി കഴിവ് തെളിയിച്ചവരാണ്.

2013-ല്‍ 28 ടണ്‍ ഭാരമുള്ള സ്‌ഫോടകവസ്തുക്കളുമായി എത്തി ഹഖാനി ശൃഖലയുടെ ട്രക്ക് കഴിക്കന്‍ അഫ്ഗാനിസ്താനില്‍ വെച്ച് തടഞ്ഞുവെന്ന് യു.എന്‍. റിപ്പോര്‍ട്ടുണ്ട്.

2008-ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ഹമീദ് കര്‍സായിക്കെതിരായ വധശ്രമത്തിലും വിദേശപൗരന്‍മാരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടതുമടക്കമുള്ള ആരോപണങ്ങളും ഹഖാനികള്‍ക്കെതിരെയുണ്ട്.

പാക്‌സ്താന്‍ സൈന്യവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നതാണ് പ്രധാന ആരോപണം. ഇസ്ലാമാബാദ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ 'യഥാര്‍ത്ഥ കൈ' എന്നാണ് യു.എസ്. അഡ്മിറല്‍ ആയിരുന്ന മൈക് മുള്ളന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചത്.

അല്‍ഖ്വയ്ദയ്ക്കും താലിബാനും ഇടയിലെ കണ്ണിയായും ഇവരെ വിശേഷിപ്പിക്കുന്നുണ്ട്.

TALIBAN

പുതിയ സര്‍ക്കാരിലെ പങ്ക്

അഫ്ഗാനിസ്താനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ ഹഖാനി സഹോദരന്‍മാര്‍ ഇതിന് മുന്‍പന്തിയില്‍ നില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് വര്‍ഷം മുമ്പ് ഡെപ്യൂട്ടി ലീഡര്‍ സ്ഥാനം നേടികൊണ്ട് സിറാജുദ്ദീന്‍ ഹഖാനി താലിബാനിലെ തന്റെ ആധിപത്യം തെളിയിച്ചിട്ടുള്ളതാണ്.

സഹോദരന്‍ അനസിനെ 2019-ല്‍ മോചിപ്പിക്കാനായത് യു.എസ്.-താലിബാന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു. ഈ ചര്‍ച്ചകളുടെ ഭാഗമാണ് യു.എസ്. സൈന്യം അഫ്ഗാന്‍ വിട്ടതും ഇപ്പോള്‍ താലിബാന്‍ രാജ്യം കീഴ്‌പ്പെടുത്തിയതും.