അപു സർക്കാർ | Photo : Twitter | @ShimonCoen
ഔദ്യോഗിക രേഖകള്‍ക്കായി ബംഗ്ലാദേശിലെ അപു സര്‍ക്കാര്‍ എന്ന 22 കാരന് ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വന്നത് നിരവധി തവണയാണ്, ഈ ചെറുപ്പക്കാരന് അഡെര്‍മറ്റോഗ്ലീഫിയ എന്ന ജനിതകത്തകരാറാണ്. അപുവിന് മാത്രമല്ല അപുവിന്റെ അച്ഛനും മുത്തച്ഛനും സഹോദരനും ഈ അവസ്ഥയുണ്ട്-ജന്മനാ കൈകളില്‍ രേഖകള്‍ ഇല്ലാത്ത അവസ്ഥ, മിനുസമായ ചര്‍മം മാത്രം.
ഒരു വ്യക്തിയുടെ വിരലടയാളം മറ്റൊരാളില്‍ നിന്ന് തീര്‍ത്തും വ്യത്യാസമായിരിക്കും. ഇരട്ടകളുടെ കാര്യത്തില്‍ പോലും സമാന വിരലടയാളമുള്ളവരെ ലോകത്തിന്ന് വരെ കണ്ടെത്തിയിട്ടില്ല. പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നീ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ലഭിക്കണമെങ്കില്‍ വിരലടയാളം തീര്‍ച്ചയായും നല്‍കണം.
ലോകത്ത് വിരലിലെണ്ണാവുന്ന കുടുംബങ്ങളില്‍ മാത്രം തലമുറകളായി കൈമാറി വരുന്ന ഒരവസ്ഥയായാണ് അഡെര്‍മറ്റോഗ്ലീഫിയ(Adermatoglyphia) കണ്ടെത്തിയിട്ടിട്ടുള്ളത്. SMARCAD 1 ജീനിലുണ്ടാകുന്ന വ്യതിയാനമാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. 2007-ല്‍ സ്വിറ്റ്സര്‍ലന്‍ഡിലാണ് ഒരു യുവതിയില്‍ ഈ അത്യപൂര്വഅവസ്ഥ ശ്രദ്ധയില്‍ പെട്ടത്. യുഎസിലേക്ക് പോകാന്‍ പാസ്പോര്ട്ടിനപേക്ഷിച്ചതോടെയാണ് അവര്‍ക്ക് വിരലടയാളമില്ലാത്ത അവസ്ഥ കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ അവരുടെ കുടുംബത്തിലെ ഒമ്പതോളം പേര്‍ക്ക് അഡെര്‍മറ്റോഗ്ലീഫിയ കണ്ടെത്തിയിരുന്നു.
അപുവിനും സഹോദരന് അനുവിനും ഇക്കാരണത്താല്‍ നേരിടേണ്ടി വന്ന വിഷമതകള്‍ ചില്ലറയല്ല. ബയോമെട്രിക് രേഖകള്‍ നിര്‍ബന്ധമാക്കിയതോടെ സിം കാര്‍ഡുള്‍പ്പെടെയുള്ളവ വാങ്ങാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. മുത്തച്ഛന്റെ കാലത്ത് ഇതിന്റെ ബുദ്ധിമുട്ട് അത്രത്തോളം അനുഭവപ്പെട്ടിട്ടില്ല. അപുവിന്റെയും അനിയന്റെയും കാലത്താണ് ബയോമെട്രിക് രേഖകള്‍ കൂടുതല്‍ നിര്‍ബന്ധമാകുന്നത്. 2008 ലാണ് ബംഗ്ലാദേശില്‍ വിരലടയാളത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിയല്‍ രേഖ വിതരണം ചെയ്യാനാരംഭിച്ചത്.

അച്ഛന് അമല്‍ സര്‍ക്കാരിന് വിരലടയാളം നല്‍കാനാവാത്തതിനാല്‍ പരീക്ഷകള്‍ കടന്നെങ്കിലും ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചില്ല. അമലിന് ഈയടുത്ത കാലത്താണ് വോട്ടര്‍ കാര്‍ഡ് ലഭിച്ചത്. NO FINGERPRINT എന്ന് പതിച്ചാണ് കാര്‍ഡ് നല്‍കിയത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ പാസ്പോര്‍ട്ട് അനുവദിച്ചു. പക്ഷെ വിദേശയാത്ര നടത്താന്‍ കഴിഞ്ഞിട്ടില്ല. അപുവിന്റെ അമ്മാവനും വിരലടയാളത്തിന്റെ അഭാവം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ അപുവിനും അനുവിനും പുതിയ തരത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ബംഗ്ലാദേശ് സര്‍ക്കാര്‍ അനുവദിച്ചു നല്കി. പക്ഷെ മൂന്ന് തലമുറകളായി തുടരുന്ന ഈ ജനിതകവ്യത്യാനം മൂലം ഈ ചെറുപ്പക്കാര്‍ക്ക് ഫോണിന്റെ സിം കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും പാസ്പോര്‍ട്ടുമൊക്കെ ലഭിക്കാന്‍ കടക്കേണ്ട ദീര്‍ഘമായ കടമ്പകളേറെ. ആവശ്യമെങ്കില്‍ നിയമസഹായം തേടാമെന്നും ഇവര്‍ കരുതുന്നു. പാസ്പോര്‍ട്ട് ലഭിച്ചാല്‍ ബംഗ്ലാദേശിന് പുറത്ത് പോകാമെന്ന ആഗ്രഹത്തിലും പ്രതീക്ഷയിലുമാണ് അപു.
Content Highlights: The family with no fingerprints
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..