ബാങ്കോക്ക്: കൊറോണ വൈറസിന്റെ ഉത്ഭവത്തേപ്പറ്റിയുള്ള അറിയപ്പെടാത്ത രഹസ്യങ്ങള്‍ തേടി തായ്‌ലാന്‍ഡ് ഗവേഷകര്‍. ഇതിന് വേണ്ടി അന്നാട്ടിലെ ഗ്രാമപ്രദേശങ്ങളിലുള്ള ഗുഹകളില്‍ നിന്ന് വവ്വാലുകളെ പിടികൂടി പരിശോധിച്ച് വിവരങ്ങള്‍ ശേഖരിക്കുകയാണ് ഗവേഷകര്‍. നിലവിലെ വിവരങ്ങള്‍ പ്രകാരം വവ്വാലുകളില്‍ നിന്നാണ് കൊറോണ വൈറസ് മറ്റ് ജീവികളിലേക്ക് വ്യാപിച്ചതെന്നാണ് വിലയിരുത്തുന്നത്. 

ലോകമെമ്പാടും 7.5ലക്ഷത്തോളം ആളുകളുകളുടെ മരണത്തിനിടയാക്കിയ വൈറസിനോട് ഏറ്റവും അടുത്ത സാമ്യം പുലര്‍ത്തിയ വൈറസുകളെ കണ്ടെത്തിയത് ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ നിന്ന് കണ്ടെത്തിയ വവ്വാലുകളിലാണ്. 

അതേസമയം തായ്‌ലന്‍ഡില്‍ മാത്രം ഏകദേശം വവ്വാലിന്റെ 19 തരം ജനുസുകളുണ്ട്. ഇവയില്‍ കൊറോണ വൈറസ് ഉണ്ടോയെന്ന് ഇതുവരെ പരിശോധിച്ചിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു.

മൂന്ന് ഗുഹകളില്‍ നിന്നായി ഏകദേശം 200 വവ്വാലുകളെയാണ് ഗവേഷകര്‍ പരിശോധനകള്‍ക്കായി ശേഖരിച്ചിരിക്കുന്നത്. ഇവയില്‍ നിന്ന് ഉമ്മിനീര്‍, രക്തം, കാഷ്ടം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 

ഈ സാമ്പിളുകള്‍ തായ്‌ റെഡ്‌ക്രോസ് എമര്‍ജിങ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഹെല്‍ത്ത് സയന്‍സ് സെന്ററാണ് പരിശോധിക്കുക. നിലവില്‍ ലോകത്ത് പടര്‍ന്നിരിക്കുന്ന വൈറസിന്റെ അതേപതിപ്പ് ഇവയില്‍ കണ്ടെത്താനായേക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. 

വവ്വാലുകള്‍ക്ക് അതിര്‍ത്തികള്‍ ബാധകമല്ല, അവ വൈറസുകളേയും വഹിച്ച് എവിടെവേണമെങ്കിലും എത്തിച്ചേരാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

Content Highlights: Researchers in Thailand have been trekking though the countryside to catch bats in their caves in an effort to trace the murky origins of the coronavirus.