-
ടവ്വലില്‍ പൊതിഞ്ഞ് കുഞ്ഞന്‍ പ്ലാസ്റ്റിക് കവചം മുഖത്തണിയിച്ച നവജാതശിശുക്കളുടെ കൗതുകമുണര്‍ത്തുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുന്നു. ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുമ്പോള്‍ നവജാതശിശുക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടി തായ്‌ലന്‍ഡിലെ ആശുപത്രികളാണ് നവജാതശിശുക്കള്‍ക്കായി കുഞ്ഞന്‍ ഫെയ്‌സ്ഷീല്‍ഡ് തയ്യാറാക്കിയിരിക്കുന്നത്.
വെല്‍ഡിങ് ജോലി ചെയ്യുന്നവര്‍ മുഖത്ത് ധരിക്കുന്ന സംരക്ഷണ കവചത്തിനോട് സാമ്യമുള്ളതാണ് ഈ ഇത്തിരിക്കുഞ്ഞന്‍ ഫെയ്‌സ് ഷീല്‍ഡും. മുഖകവചം അണിയിച്ച നവജാത ശിശുക്കളുടെ ചിത്രങ്ങള്‍ ആശുപത്രി അധികൃതര്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
പ്രസവവാര്‍ഡില്‍ സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച നഴ്‌സുമാര്‍ മുഖകവചം ധരിപ്പിച്ച നവജാതശിശുക്കളെ എടുത്തു നില്‍ക്കുന്ന ചിത്രം ബാങ്കോക്കിലെ പ്രാരം 9 ആശുപത്രി പങ്കുവെച്ചിരുന്നു. 'മറ്റെന്തിനേക്കാളും ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത് സുരക്ഷയ്ക്കാണെ'ന്നാണ് ഈ ചിത്രം പങ്കുവെച്ചുകൊണ്ട് പ്രാരം 9 ആശുപത്രി അധികൃതര്‍ കുറിച്ചത്. ചുമ, തുമ്മല്‍ എന്നിവയിലൂടെ വരുന്ന ഡ്രോപ് ലെറ്റുകള്‍ കുഞ്ഞുങ്ങളുടെ മുഖത്ത് പതിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് സുതാര്യമായ ഈ മുഖകവചം രൂപകല്പന ചെയ്തതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
സമുത് പ്രകാനിലെ പൗലോ ആശുപത്രിയും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.'ചെറിയ കുട്ടികള്‍ക്കുവേണ്ടി ഞങ്ങള്‍ അധിക സുരക്ഷാ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. നവജാതശിശുക്കള്‍ക്കായി മുഖ കവചം, വളരെ മനോഹരം!' ചിത്രം പങ്കുവെച്ചുകൊണ്ട് ആശുപത്രി അധികൃതര്‍ ഫേസ്ബുക്ക് കുറിപ്പില്‍ എഴുതി.
മുകളില്‍ ചെറിയ കിരീടം ഘടിപ്പിച്ചവയാണ് പൗലോ ആശുപത്രിയില്‍ നവജാതശിശുക്കള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന മുഖകവചം.
കോറോണ കാലത്ത് മാതാപിതാക്കള്‍ക്ക് കുഞ്ഞിന്റെ കാര്യമോര്‍ത്ത് ആശങ്കപ്പെടാതെ മനഃസമാധാനത്തോടെ ഇരിക്കുന്നതിന് വേണ്ടിയാണ് പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ഇത്തരം കവചങ്ങള്‍ ആശുപത്രിയില്‍നിന്ന് നല്‍കുന്നത്. കുട്ടികളെ വീട്ടിലേക്ക് സുരക്ഷിതമായി എത്തിക്കാന്‍ ഇവ ധരിക്കുന്നതിലൂടെ സാധിക്കുമെന്നും പറയുന്നു.
തായ്‌ലന്‍ഡില്‍ ഇതുവരെ 2,400 കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 33 പേര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചിട്ടുണ്ട്.
Content Highlights: Covid 19: Thailand newborns are getting face shield to protect them corona virus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..