ബാങ്കോക്ക്: തായ്‌ലാന്‍ഡിലെ താം ലുവാങ് ഗുഹ എന്ന കേള്‍ക്കുമ്പോള്‍ തന്നെ ആ കുട്ടികളുടെയും കോച്ചിന്റെയും നിസ്സഹായമായ മുഖമാണ് മനസ്സില്‍ തെളിയുക. 17 ദിവസത്തെ ആശങ്കയ്ക്കും മൂന്നു ദിവസത്തെ അതിസാഹസികമായ രക്ഷാ ദൗത്യത്തിനുമൊടുവിലാണ് 12 കുട്ടികളും കോച്ചും സുരക്ഷിതരാണെന്ന് തായ് നേവി സീല്‍ യൂണിറ്റ് സ്ഥിരീകരിച്ചത്. ഇപ്പോഴിതാ ലോകത്തെയാകെ നെഞ്ചിടിപ്പിലാക്കിയ ആ ഗുഹയും പരിസരവുമൊക്കെ മ്യൂസിയം ആകാന്‍ പോകുന്നുവെന്നതാണ് പുതിയ വാര്‍ത്ത. 

രണ്ടാഴ്ച്ചയോളം കോച്ചും കുട്ടികളും പ്രതീക്ഷകളോടെ കഴിഞ്ഞ ഗുഹ തായ്‌ലന്റിലെ വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാകുമെന്നാണ് കരുതുന്നത്. കുട്ടികളുടെ രക്ഷാപ്രവര്‍ത്തന രീതികള്‍ എങ്ങനെയായിരുന്നെന്നും മറ്റും വ്യക്തമാക്കുന്നതായിരിക്കും മ്യൂസിയം എന്ന് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയവര്‍ പറയുന്നു. തീര്‍ന്നില്ല സംഭവത്തെ ആസ്പദമാക്കി വമ്പന്‍ സിനിമകളൊരുക്കാന്‍ ഇതിനകം രണ്ടു സിനിമാ കമ്പനികളും രംഗത്തെത്തിക്കഴിഞ്ഞു. 

തായ്‌ലാന്‍ഡിലെ ഗുഹകളില്‍ ഏറ്റവും വലുതാണ് താം ഗുവാങ്. ഉത്തര ചിയാങ് റായ് പ്രവിശ്യയിലെ മേ സായ് എന്ന ചെറിയ പട്ടണത്തെ ചുറ്റിക്കിടക്കുന്ന പര്‍വതത്തിനു കീഴെയാണ് ഈ ഗുഹയുള്ളത്. പരിമിതമായ വിനോദ സഞ്ചാര സൗകര്യങ്ങള്‍ മാത്രമേ ഈ പ്രദേശത്ത് ലഭ്യമുള്ളു. 

രക്ഷാപ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ജീവിക്കുന്ന ഒരു മ്യൂസിയമായി മാറും പ്രദേശമെന്ന് മുന്‍ ഗവര്‍ണറും രക്ഷാപ്രവര്‍ത്തന സംഘത്തിന്റെ തലവനുമായ നാരോങ്‌സാങ് ഒസോട്ടാനാകോണ്‍ പറഞ്ഞു. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ഗുഹയ്ക്കകത്തും പുറത്തും മുന്‍കരുതല്‍ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഒച്ചാ പറഞ്ഞു. 

അതേസമയം വര്‍ഷം മുഴുവന്‍ മ്യൂസിയം തുറക്കുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയായിട്ടില്ല. മണ്‍സൂണ്‍ സീസണില്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ നീണ്ടുനില്‍ക്കുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തായ്‌ലന്റിന്റെ പലഭാഗങ്ങളും വെള്ളപ്പൊക്കഭീഷണി നേരിടാറുണ്ട്. ഈ സാഹചര്യത്തില്‍ ഏതൊക്ക സമയങ്ങളില്‍ മ്യൂസിയം അടച്ചിടണം എന്ന കാര്യത്തില്‍ ചര്‍ച്ച നടത്തുകയാണ് അധികൃതര്‍. 

അതിനിടെ ഗുഹയും രക്ഷാപ്രവര്‍ത്തനവുമൊക്കെ ബിഗ് സ്‌ക്രീനിലാക്കാന്‍ രണ്ടു നിര്‍മാണ കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്. യുഎസിലെ പ്രമുഖ സിനിമാ കമ്പനിയായ പ്യുവര്‍ ഫ്‌ളിക്‌സ്‌ നിര്‍മാതാക്കളെ പ്രഖ്യാപിച്ചതിനൊപ്പം രക്ഷാപ്രവര്‍ത്തകരുടെ വിശദമായ അഭിമുഖങ്ങളും മറ്റും ഇതിനകം തന്നെ പകര്‍ത്തിക്കഴിഞ്ഞു. ലോസ്ആഞ്ചലിസ് ആസ്ഥാനമായ ഇവാനോ പിക്‌ചേഴ്‌സ് തായ് സര്‍ക്കാരിന്റെയും നാവികസേനയുടെയും സഹായവും തേടിക്കഴിഞ്ഞു. 

ജൂണ്‍ 23-നാണ് 16 വയസില്‍ താഴെയുള്ളവരുടെ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയത്. ഒമ്പതു ദിവസത്തെ തിരച്ചിലുകള്‍ക്കൊടുവില്‍ ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ധരാണ് ഇവരെ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. 13 വിദേശ സ്‌കൂബാ ഡൈവിങ് വിദഗ്ധരും അഞ്ച് തായ്‌ലാന്‍ഡ് നാവികസേനാംഗങ്ങളുമടക്കമുള്ള 18 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. രക്ഷപ്പെട്ട കുട്ടികളെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

Content highlights: Thailand Cave turns to be a Museum