ബാങ്കോക്ക്: ലോകം മുഴുവന്‍ നെഞ്ചിടിപ്പോടെ കാത്തിരിക്കുകയായിരുന്നു ആ കോച്ചിന്റെയും കുട്ടികളുടെയും തിരിച്ചുവരവിനായി. സിനിമയില്‍ മാത്രം കണ്ടു ശീലിച്ചിട്ടുള്ള സാഹസിക രംഗങ്ങള്‍ യഥാര്‍ഥ ജീവിതത്തില്‍ കാണുന്നതിന്റെ അമ്പരപ്പിലായിരുന്നു പലരും. തായ്‌ലന്റിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കോച്ചും കുട്ടികളും ഉള്‍പ്പെടെയുള്ള പതിമൂന്നുപേരുടെ ആത്മധൈര്യവും പ്രതീക്ഷയോടെയുള്ള കാത്തിരിപ്പുമൊക്കെ ഇനി സിനിമയിലും കാണാം. ലോകം കണ്ട വലിയ രക്ഷാദൗത്യങ്ങളില്‍ ഒന്നിന്റെ ചൂടും ചൂരും നഷ് ടപ്പെടാതെ ഒപ്പിയെടുക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ഹോളിവുഡില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകര്‍.

ഗുഹയ്ക്കുള്ളിലെ ഇരുട്ടും വഴിയടച്ചു കിടക്കുന്ന വെള്ളവുമൊക്കെ ഭീതിതമാക്കിയ കണ്ണുകളായിരുന്നില്ല ആ കുട്ടികളുടേത്, കോച്ച് പകര്‍ന്ന മനോധൈര്യത്തില്‍ ശുഭാപ്തി വിശ്വാസത്തോടെയാണവര്‍ പതിനെട്ടു ദിനം കഴിച്ചു കൂട്ടിയത്. ഈറനണിഞ്ഞ കണ്ണുകളോടെ കണ്ട ആ കാഴ്ച്ചകളെ സിനിമയാക്കാന്‍ ഇനിയും വൈകിക്കൂടെന്ന ചിന്തയാണ് ഹോളിവുഡിലെ പല നിര്‍മാതാക്കള്‍ക്കും. സര്‍വ സന്നാഹങ്ങളോടെ സ്ഥലത്തെത്തി യഥാര്‍ഥ സംഭവ സ്ഥലം തന്നെ പകര്‍ത്തിയിരിക്കുകയാണവര്‍. 

അമേരിക്കയില്‍ നിന്നുള്ള രണ്ടു നിര്‍മാതാക്കള്‍ ഇതിനകം തന്നെ സംഭവത്തെ ആസ്പദമാക്കി സിനിമ നിര്‍മിക്കാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം. പ്യുവര്‍ ഫ്‌ലിക്‌സ് ഫിലിംസ് മാനേജിങ് പാര്‍ട്ട്‌നര്‍ മിഖായേല്‍ സ്‌കോട്ടും സഹനിര്‍മാതാവ് ആദം സ്മിത്തും സംഭവ സ്ഥലത്തെത്തി അഭിമുഖങ്ങളും മറ്റും നടത്തുന്നുണ്ട്. തിരക്കഥാകൃത്തിനെ കണ്ടെത്തിയതിനുശേഷം രക്ഷാപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടവരെയും രക്ഷപ്പെട്ടവരെയും കുടുംബത്തെയുമൊക്കെ അഭിമുഖം ചെയ്ത് എക്‌സ്‌ക്ലൂസീവ് സ്റ്റോറികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണവര്‍. 

ഇത്തരം ഒരു ഘട്ടത്തില്‍ സ്‌കോട്ടും സ്മിത്തും ചെയ്യുന്നത് മനുഷ്യത്വപരമല്ലെന്നു പറയുന്നവരോട് ഇരുവര്‍ക്കും പറയാനുള്ളത് ഇതാണ്, '' മറ്റു പ്രൊഡക്ഷന്‍ കമ്പനികള്‍ രംഗത്തെത്താനുള്ള സാധ്യത കൂടുതലാണ്, അപ്പോള്‍ ഞങ്ങള്‍ക്കു പെട്ടെന്നു തീരുമാനം എടുത്തേ തീരൂ.അത്ഭുതകരമായൊരു സംഭവമാണിത്, ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ഇതൊരു പ്രചോദനമാകുമെന്ന് ഞങ്ങള്‍ കരുതുന്നു''. 2019 അവസാനത്തോടെ സിനിമയുടെ പ്രൊഡക്ഷന്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്‌കോട്ട് പറയുന്നു. 

17 ദിവസത്തെ ആശങ്കയ്ക്കും മൂന്നു ദിവസത്തെ അതിസാഹസികമായ രക്ഷാ ദൗത്യത്തിനുമൊടുവിലാണ് 12 കുട്ടികളും കോച്ചും സുരക്ഷിതരാണെന്ന് തായ് നേവി സീല്‍ യൂണിറ്റ് സ്ഥിരീകരിച്ചത്. രക്ഷപ്പെട്ട കുട്ടികളെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ പ്രാദേശിക സമയം 10.30 ഓടെയാണ് മുങ്ങല്‍വിദഗ്ധരടങ്ങുന്ന സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് നാലു കുട്ടികളെയും കോച്ചിനേയുമാണ് പുറത്തെത്തിച്ചത്. ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ എട്ടു പേരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പുറത്തെത്തിച്ചിരുന്നു.  

ജൂണ്‍ 23-നാണ് 16 വയസില്‍ താഴെയുള്ളവരുടെ ഫുട്ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയത്. ഞായറാഴ്ചയാണ് അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യ ശ്രമത്തില്‍ നാല് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. 13 വിദേശ സ്‌കൂബാ ഡൈവിങ് വിദഗ്ധരും അഞ്ച് തായ്ലാന്‍ഡ് നാവികസേനാംഗങ്ങളുമടക്കമുള്ള 18 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

 

Content highlights: Thailand cave movie