ബാങ്കോക്ക്: തായ്‌ലാന്‍ഡ് താം ലുവാങ് നാം ഗുഹയില്‍ നിന്ന് പന്ത്രണ്ട് ഫുട്‌ബോള്‍ ടീം അംഗങ്ങളേയും കോച്ചിനെയും പുറത്തെത്തിച്ച ശേഷം ഏറ്റവും അവസാനം പുറത്തെത്തിയത് ഡോ. റിച്ചാര്‍ഡ് ഹാരിസായിരുന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു ഹാരി എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന ഓസ്‌ട്രേലിയക്കാരനായ അനസ്‌ത്യേഷ വിദഗ്ദന്‍ ഡോ റിച്ചാര്‍ഡിന്റെ സന്തോഷം. അസാധ്യം എന്ന് പലരും വിധിയെഴുതിയ രക്ഷ ദൗത്യം പൂര്‍ത്തിയാക്കിയിരിക്കുന്നു. എന്നാല്‍ ഹാരിയുടെ ആഹ്ലാദം അധികം നീണ്ടില്ല. പുറത്തിറങ്ങിയ ഹാരിയെ കാത്തുനിന്നത് പിതാവിന്റെ മരണ വാര്‍ത്തയായിരുന്നു. 
 
തായ് രക്ഷാ സംഘം ആവശ്യപ്പെട്ടത് പ്രകാരം സ്വന്തം അവധി വേണ്ടെന്നുവച്ചാണ് ഹാരി ദൗത്യത്തിന് എത്തിയത്. ഗുഹയില്‍ കുടുങ്ങി മരിച്ച ഡൈവര്‍ മിലൗക്കയുടെ മൃതദേഹം കണ്ടെത്തി പുറത്തെത്തിച്ചത് ഹാരിയായിരുന്നു. രക്ഷാ ദൗത്യത്തില്‍ കുട്ടികളെ പുറത്തെത്തിക്കാനുള്ള ക്രമം തീരുമാനിച്ചതും. ഗുഹയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഹാരി പിതാവിന്റെ മരണവാര്‍ത്ത അറിയുന്നത്. ദൗത്യം പൂര്‍ത്തിയായ ഉടന്‍ ഹാരി വീട്ടിലേക്ക് തിരിച്ചു. 
 
ലോകം മുഴുവന്‍ കാത്തിരുന്ന രക്ഷാ ദൗത്യത്തില്‍ പങ്കെടുത്തതിന് ഹാരിയെ ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പ് അഭിനന്ദിച്ചു. ദൗത്യത്തില്‍ ഹാരിയുടെ പ്രവര്‍ത്തനം വിലമതിക്കാത്തതായിരുന്നെന്നും ഹാരിയുടെയും കുടുംബത്തിന്റെയും ദു:ഖത്തില്‍ പങ്ക്‌ചേരുന്നതായും അവര്‍ വ്യക്തമാക്കി. 
 
ചൊവ്വാഴ്ച്ചയാണ് ഗുഹയില്‍ കുടുങ്ങിയ മുഴുവന്‍ പേരെയും പുറത്തെത്തിച്ച് ലോകം ഉറ്റുനോക്കിയ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചത്. 
 
content highlights: Thai cave rescue hero emerges to news of his father’s demise