ചിയാങ്‌റായ്: തായ്‌ലാൻഡിലെ താം ലുവാങ് ഗുഹയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച മുന്‍ നേവി സീല്‍ ഉദ്യോഗസ്ഥന് രക്ഷപ്പെട്ടകുട്ടികളുടെ കണ്ണീരില്‍ കുതിര്‍ന്ന ശ്രദ്ധാഞ്ജലി. ലോകത്തിനു മുന്നില്‍ സമന്‍ കുനാന്‍ സൂപ്പര്‍സ്റ്റാറാണ്. എന്നാല്‍ കുട്ടികളോട് ശനിയാഴ്ച മാത്രമാണ് വിവരം പറഞ്ഞത്. സംഭവം അറിഞ്ഞതോടെ കുട്ടികള്‍ പൊട്ടിക്കരഞ്ഞുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Tham

11നും 16നും ഇടയിലുള്ള പന്ത്രണ്ട് കുട്ടികളാണ് ഗുഹയില്‍ കുടുങ്ങിപ്പോയത്. 18 ദിവസത്തെ കാത്തിരിപ്പിനു ശേഷമാണ് അവര്‍ പുറത്തെത്തിയത്. 

കനത്ത മഴയത്ത് ഗുഹാമുഖം അടഞ്ഞു പോയതോടെയാണ് കുട്ടികളും കോച്ചും അതിനകത്ത് അകപ്പെട്ടുപോയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗുഹക്കുള്ളില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ സ്ഥാപിക്കുന്നതിനിടെയാണ് സമന്‍ കുനാന്‍ മരിച്ചത്. 

നീണ്ട നാള്‍ ഗുഹക്കകത്ത് ഇരുട്ടില്‍ കഴിഞ്ഞ കുട്ടികളുടെ ശാരീരിക-മാനസിക നില വീണ്ടെടുത്ത ശേഷം മാത്രം രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ അവരോട് പറഞ്ഞാല്‍ മതിയെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു.

വിവരമറിഞ്ഞയുടന്‍ കുട്ടികള്‍ പൊട്ടിക്കരഞ്ഞു. സമന്റെ രേഖാ ചിത്രത്തില്‍ സന്ദേശമെഴുതി അവര്‍ ശ്രദ്ധാജ്ഞലിയര്‍പ്പിച്ചു.

നിരീക്ഷണത്തിനും വിശദമായ ശാരീരിക - മാനസിക വിശകലനങ്ങള്‍ക്കും ശേഷം മാത്രമേ കുട്ടികളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതുവരെ കുട്ടികള്‍ക്ക് കാര്യമായ പുരോഗതിയുണ്ട്. മിക്കവാറും അടുത്ത വ്യാഴാഴ്ച കുട്ടികള്‍ ആശുപത്രി വിടുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.