
താഡ് (ഫയൽ ചിത്രം) | ചിത്രം: AP
അബുദാബിക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം ഉണ്ടായി. തിങ്കളാഴ്ച പുലര്‍ച്ചെ ഹൂതികള്‍ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. തകര്‍ത്ത ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങള്‍ അബുദാബിയുടെ ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ പതിച്ചതിനാല്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന സ്ഥിരീകരണവും പിന്നാലെ എത്തി. അബുദാബിയെ ലക്ഷ്യമാക്കി തൊടുത്തുവിട്ട ശത്രുവിന്റെ മിസൈലുകള്‍ നിമിഷനേരം കൊണ്ട് തകര്‍ത്തെറിഞ്ഞത് അമേരിക്കന്‍ സൈന്യം വികസിപ്പിച്ചെടുത്ത് യുഎഇ സ്വന്തമാക്കിയ മിസൈല്‍ പ്രതിരോധ സംവിധാനമായ 'താഡ്' (THAAD) അണ്.
എന്താണ് 'താഡ്'?
മിസൈലുകളെ ലക്ഷ്യത്തിലെത്തും മുമ്പ് കണ്ടെത്തി തകര്‍ക്കാന്‍ കഴിയുന്ന അത്യാധുനിക പ്രതിരോധ സംവിധാനമാണ് താഡ്. 1990കളിലാണ് ഹ്രസ്വ, ഇടത്തരം, ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാന്‍ രൂപകല്‍പ്പന ചെയ്ത ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് സിസ്റ്റം അഥവാ 'താഡ്' വികസിപ്പിക്കുന്നത്. ആദ്യകാല പരീക്ഷണങ്ങള്‍ അത്രകണ്ട് വിജയമായിരുന്നില്ലെങ്കിലും 2000-ല്‍ താഡിനെ ഒരു മൊബൈല്‍ ടാക്ടിക്കല്‍ ആര്‍മി ഫയര്‍ യൂണിറ്റാക്കി വികസിപ്പിക്കാനുള്ള കരാര്‍ ലോക്ക്ഹീഡ് മാര്ട്ടിന് നേടിയത് മുതല്‍ കഥ മാറി. ഇതിനുശേഷമുള്ള പരീക്ഷണങ്ങളില്‍ സ്ഥിരതയുള്ള വിജയം കാഴ്ചവെച്ച് വിശ്വാസ്യത നേടുകയായിരുന്നു. 150 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി.
2019-ഓടെ, തുടര്‍ച്ചയായി വിജയകരമായ 16 ഇന്റര്‍സെപ്റ്റ് പരീക്ഷണങ്ങള്‍ക്ക് ശേഷം 'താഡ്' എന്ന മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ മികവ് ലോകത്തിന് മുന്നില്‍ മിസൈല്‍ ഡിഫന്‍സ് ഏജന്‍സി തെളിയിക്കുകയായിരുന്നു. ലോഞ്ചറുകള്‍, മിസൈലുകള്‍, കണ്ട്രോള് യൂണിറ്റുകള്‍, ശത്രു മിസൈല്‍ കണ്ടെത്താനുള്ള റഡാര്‍ യൂണിറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് 'താഡ്'.
ഗുവാം, ഇസ്രായേല്‍, ദക്ഷിണ കൊറിയ, ജപ്പാന് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക താഡ് നല്‍കിയിട്ടുണ്ട്. 1500 കോടി ഡോളറിനാണ് 2017 ല്‍ സൗദി അറേബ്യ അമേരിക്കയില്‍ നിന്നും താഡ് വാങ്ങാന്‍ കരാറായത്. 2022 ജനുവരി 17-ന്, യുഎഇയെ ലക്ഷ്യമാക്കി കുതിച്ചെത്തിയ ബാലിസ്റ്റിക് മിസൈലിനെ തകര്‍ത്തതായിരുന്നു താഡിന്റെ ആദ്യത്തെ ഇന്റര്‍സെപ്ഷന്‍.
കഴിഞ്ഞ ആഴ്ച ഹൂത്തികള്‍ അബുദാബിക്ക് നേരെ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആക്രമണ ശ്രമവും ഉണ്ടായിരിക്കുന്നത്. 'താഡ്' സംവിധാനം ഹൂതികളുടെ മിസൈലുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്.
Content Highlights: thaad anti ballistic missile air defence system used in uae
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..