
Photo Cortesy: www.facebook.com|yiranwsherry
വാഷിങ്ടണ്‍: ഓട്ടോ പൈലറ്റ് മോഡില്‍ ആശുപത്രി ലക്ഷ്യമാക്കി നീങ്ങിയ ടെസ്ല ഇലക്ട്രിക് കാറില്‍വെച്ച് കുഞ്ഞിന് ജന്മം നല്കി യുവതി. അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ സെപ്റ്റംബര്‍ ഒന്‍പതിനാണ് സംഭവം. യിരാന് ഷെറി എന്ന 33-കാരിയാണ് കാറിന്റെ മുന്‍സീറ്റില്‍ കുഞ്ഞിന് ജന്മം നല്‍കിയതെന്ന് അമേരിക്കന്‍ മാധ്യമമായ ഫിലാഡല്‍ഫിയ എന്ക്വയറര് റിപ്പോര്‍ട്ട് ചെയ്തു.
സംഭവം ഇങ്ങനെ: മൂന്നുവയസ്സുകാരനായ മൂത്തകുട്ടിയെ പ്രീ സ്കൂളിലാക്കാനുള്ള യാത്രയിലായിരുന്നു യിരാനും ഭര്‍ത്താവ് കിയാറ്റിങ് ഷെറിയും. യാത്രയ്ക്കിടെ ഇവരുടെ കാര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു. പിന്നാലെ യിരാന് പ്രസവവേദന അനുഭവപ്പെട്ടു തുടങ്ങി. ഗതാഗതക്കുരുക്ക് തുടരുന്നതിനാല്‍ ആശുപത്രിയില്‍ കൃത്യസമയത്തിന് എത്താന്‍ സാധിക്കില്ലെന്ന് ഇരുവര്‍ക്കും ബോധ്യമായി.
തുടര്‍ന്ന് കിയാറ്റിങ്, ലക്ഷ്യസ്ഥാനം ആശുപത്രി എന്ന് സെറ്റ് ചെയ്ത ശേഷം വാഹനം ഓട്ടോ പൈലറ്റ് മോഡിലാക്കി. ശേഷം പ്രസവവേദന കലശലായ യിരാനെ പരിചരിക്കാന്‍ ആരംഭിച്ചു. ആശുപത്രിയിലേക്കുള്ള ആ 20 മിനുട്ട് യാത്ര അത്രയും വേദന നിറഞ്ഞതായിരുന്നെന്നും എപ്പോള്‍ എത്തുമെന്ന് അറിയാന്‍ ജി.പി.എസിലേക്ക് കണ്ണുനട്ടാണ് ഇരുന്നതെന്നും യിരാന് പറഞ്ഞു.
കാര്‍ ആശുപത്രിയിലെത്തിയതിന് തൊട്ടുപിന്നാലെ പെണ്‍കുഞ്ഞിന് യിരാന് ജന്മംനല്കി. ആശുപത്രിയിലെ നഴ്സുമാരില്‍ ഒരാള്‍ പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റി. മേവ് എന്നാണ് യിരാന്-കിയാറ്റിങ് ദമ്പതിമാര്‍ കുഞ്ഞിന് പേരു നല്‍കിയിരിക്കുന്നത്. ലോകത്തെ 'ആദ്യ ടെസ്ല ബേബി' എന്ന പ്രത്യേകത മേവിന് സ്വന്തമാണെന്നാണ് കരുതുന്നത്.
content highlights: tesla on auto pilot mode, woman gave birth to baby on front seat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..