തീവ്രവാദികൾ റാഞ്ചിയ വിമാനം (ഫയൽ ചിത്രം) | Photo: AFP
കറാച്ചി: കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ സംഭവത്തിലെ പ്രതിയായ ഭീകരന് വെടിയേറ്റ് മരിച്ചു. ജെയ്ഷെ മുഹമ്മദ് ഭീകരനായ സഹൂര്‍ മിസ്ത്രിയാണ് കൊല്ലപ്പെട്ടത്. പാകിസ്താനിലെ കറാച്ചിയില്‍ മാര്‍ച്ച് ഒന്നിനായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
ഐ.എസ്.ഐയുടെ സംരക്ഷണത്തിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ക്രസന്റ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിന് സമീപമാണ് കൊലപാതകമുണ്ടായത്. മുഖം മറച്ചെത്തിയ രണ്ട് പേര് സഹൂര്‍ മിസ്ത്രിക്ക് നേരെ പോയന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഡോക്ടര്‍ എന്ന അപരനാമത്തിലായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. കാണ്ഡഹാര്‍ വിമാന റാഞ്ചലില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പേരില്‍ ഒരാളായിരുന്നു ഇയാള്‍. വിമാന റാഞ്ചലിനിടെ ഒരു യാത്രക്കാരനെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയത് ഇയാളായിരുന്നു. പിന്നീട് ഇയാള്‍ക്ക് വേണ്ടി വലിയ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.
അതേസമയം, സഹൂര്‍ മിസ്ത്രിയുടെ കൊലപാതകം ബിസിനസുകാരന് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു എന്ന രീതിയിലാണ് പാകിസ്താന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
1999-ല്‍ 180 യാത്രികരുമായി നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് തീവ്രവാദികള്‍ റാഞ്ചിയത്. പാകിസ്താനിലെ തീവ്രവാദി സംഘടനയായ ഹര്‍ക്കത്തുല്‍ മുജാഹിദ്ദീനായിരുന്നു ഇതിനു പിന്നില്‍.
വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതിനു ശേഷമായിരുന്നു റാഞ്ചല്‍. റാഞ്ചിയ വിമാനം ലാഹോര്‍, അമൃത്സര്‍, ദുബായ് എന്നിവിടങ്ങളില്‍ ഇറക്കിയ ശേഷം കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ ഇറക്കി. ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന മൂന്ന് തീവ്രവാദികളെ വിട്ടയച്ച ശേഷമാണ് ഏഴു ദിവസത്തിനു ശേഷം ബന്ധികളെ മോചിപ്പിച്ചത്.
Content Highlights: Terrorist who hijacked Air India flight in 1999 killed in Pakistan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..