കാബൂള്‍: അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഓഗസ്റ്റ് 26 ന് നടന്ന ചാവേര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇസ്‌ലാമിക് സ്റ്റേറ്റ് ഖോറോസാന്‍ (ഐഎസ്‌ഐഎസ് - കെ). ചാവേര്‍ സ്‌ഫോടനം നടത്തിയത് അഞ്ചു വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ പിടിയിലായ ഭീകരവാദിയാണെന്ന് ഐഎസ്‌ഐഎസ് -കെ അവരുടെ പ്രസിദ്ധീകരണത്തിലൂടെ അവകാശപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടുചെയ്തു.

അഫ്ഗാന്‍ തലസ്ഥാനത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെ വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനത്താവളത്തിന് പുറത്ത് ചാവേര്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 13 യുഎസ് സൈനികര്‍ അടക്കം 180-ലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനം നടത്തിയ ചാവേറിന്റെ വിശദാംശങ്ങളാണ് ഐഎസ്‌ഐഎസ് - കെ വെളിപ്പെടുത്തിയിട്ടുള്ളത്.

അബ്ദുര്‍ റഹ്മാന്‍ അല്‍ ലോഗ്രി എന്ന ഭീകരനാണ് ചാവേര്‍ സ്‌ഫോടനം നടത്തിയതെന്നാണ് അവകാശവാദം. ഭീകരാക്രമണം നടത്തുന്നതിനായി അഞ്ചു വര്‍ഷം മുമ്പ് ഇന്ത്യയിലെത്തിയ ലോഗ്രി ഡല്‍ഹിയില്‍ അറസ്റ്റിലായി. തടവുശിക്ഷ അനുഭവിച്ചശേഷം ലോഗ്രിയെ അഫ്ഗാനിസ്താനിലേക്ക് നാടുകടത്തി. ആ ഭീകരനാണ് 180-ലേറെപ്പേര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ ചാവേര്‍ സ്‌ഫോടനം നടത്തിയത് എന്നാണ് വെളിപ്പെടുത്തല്‍.

2020 മുല്‍ ഐഎസ്‌ഐഎസ്-  കെ ആശയ പ്രചാരണത്തിനായി പ്രസിദ്ധീകരണം ഇറക്കുന്നുണ്ടെന്ന് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ഫെബ്രുവരില്‍ ഡല്‍ഹി കലാപത്തിനിടെ ഈ പ്രസിദ്ധീകരണം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ കശ്മീരില്‍ നിന്നുള്ള ദമ്പതികളായ ജഹാന്‍സെയ്ബ് സമി (36), ഭാര്യ ഹിന്ദ ബാഷിര്‍ ബെയ്ഗ് (39) എന്നിവരെ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റു ചെയ്തിരുന്നു. ഐഎസ്‌ഐഎസ്- കെ ബന്ധം ആരോപിച്ചായിരുന്നു അറസ്റ്റ്. പിന്നീട് ഇതുമായി ബന്ധപ്പെട്ട കേസില്‍ മൂന്നുപേര്‍കൂടി അറസ്റ്റിലായി. തുടര്‍ന്ന് കേസ് എന്‍ഐഎയ്ക്ക് കൈമാറുകയും ചെയ്തു. ഐഎസ്‌ഐഎസ്-  കെയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട കേസില്‍ നിരവധി പേര്‍ ഇന്ത്യയില്‍ അറസ്റ്റിലായിട്ടുണ്ട്.

കടപ്പാട് - IndiaToday