വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയില്‍ കഫേകളിലും റസ്റ്റോറന്റുകളിലും നടന്ന തീവ്രവാദി ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. കോവിഡിനെ തുടര്‍ന്ന് വീണ്ടും പ്രഖ്യാപിച്ച ലോക്ഡൗണിന് മുമ്പായി വിയന്നയിലെ കഫേകളിലും റെസ്റ്റോറന്റുകളിലും എത്തിയ ആളുകള്‍ക്ക് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തീവ്രവാദ ആക്രമണമാണിതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആറിടങ്ങളിൽ വെടിവെപ്പ് നടന്നിട്ടുണ്ട്. ഒരു തീവ്രവാദിയെ പോലീസ് വെടിവെച്ചു കൊന്നു. 

"തലസ്ഥാനത്ത് ഭീകരാക്രമണത്തിന് നാം ഇരകളായിരിക്കുകയാണെന്നാണ്'' വെടിവയ്പ്പ് നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് പറഞ്ഞത്.

''കുറ്റവാളികളില്‍ ഒരാളെ കണ്ടെത്തി വധിച്ചെങ്കിലും നിരവധി തീവ്രവാദികള്‍ ഇപ്പോഴും പലയിടങ്ങളിലായി വിലസുന്നുണ്ട്.' അദ്ദേഹം പറഞ്ഞു. ''നമുക്കറിയാവുന്നിടത്തോളം തോക്കുകളടക്കം നിരവധി ആയുധങ്ങള്‍ കൈവശം വെച്ച് വലിയ തയ്യാറെടുപ്പുകളോടെയാണ് അവര്‍ വന്നിരിക്കുന്നത്", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഗരമധ്യത്തിലെ സജീവമായ തെരുവുകളില്‍ രാത്രി എട്ടിന് ശേഷം നിരവധി തവണയാണ് വെടിയുതിര്‍ത്തത്. ആറ് സ്ഥലങ്ങളില്‍ വെടിവെപ്പുണ്ടായി. അജ്ഞാതനായ വ്യക്തി തെരുവിലൂടെ നടന്ന് കൂസലില്ലാതെ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ ക്ലിപ്പിങ്ങ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
 
ലക്ഷ്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, വിയന്നയിലെ പ്രധാന സിനഗോഗിന് പുറത്ത് വെടിവയ്പ്പ് നടന്നതിനാല്‍ ഇത് യഹൂദ വിരുദ്ധ ആക്രമണമാണെന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കുര്‍സ് പറഞ്ഞു. സിനഗോഗ് ആ സമയം അടച്ചിട്ടിരിക്കുകയായിരുന്നു.

തോക്കുധാരികളെ പിന്തുടരാന്‍ പോലീസിനെ നിയോഗിച്ചതിനാല്‍ നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ കാവല്‍ നില്‍ക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി കാള്‍ നെഹമ്മര്‍ പറഞ്ഞു.

 ''തീവ്രവാദം കൊണ്ട് ഭീഷണിപ്പെടുത്താന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും എല്ലാവിധത്തിലും ഈ ആക്രമണങ്ങളെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു

പ്രധാന സിനഗോഗ് ലക്ഷ്യമിട്ടുള്ള ആക്രമണമാണോ എന്ന്  വ്യക്തമല്ലെന്ന് വിയന്നയിലെ ജൂത സമൂഹത്തിന്റെ തലവന്‍ ഓസ്‌കര്‍ ഡച്ച് പറഞ്ഞു.

തന്റെ ജാലകത്തിന് താഴെയുള്ള തെരുവിലെ ബാറുകളില്‍ പുറത്ത് ഇരിക്കുന്ന ആളുകള്‍ക്ക് നേരെ ഒരാള്‍ വെടിയുതിര്‍ക്കുന്നത് താന്‍ കണ്ടതായും  റബ്ബി ഷ്ലോമോ ഹോഫ്മീസ്റ്റര്‍ പറഞ്ഞു.

''അവര്‍ ഞങ്ങളുടെ കെട്ടിടത്തിന് പുറത്ത് 100 റൗണ്ടെങ്കിലും വെടിവെച്ചിരുന്നു, ഈ ബാറുകള്‍ക്ക് പുറത്തും ഇരിക്കാനായി മേശകളൊരുക്കിയിരുന്നു.ലോക്ക്ഡൗണിന് മുമ്പുള്ള അവസാന സായാഹ്നമായിരുന്നു അത്. ആ അര്‍ധരാത്രി മുതല്‍ ഒരു മാസത്തേക്ക് ഓസ്ട്രിയയിലെ ബാറുകള്‍ പൂട്ടിയിടാനായിരുന്നു തീരുമാനം.അതിനാല്‍ തന്നെ വൈകുന്നേരം ജനസമൃദ്ധമായിരുന്നു തെരുവുകളെല്ലാം തന്നെ, ഹോഫ്മീസ്റ്റര്‍ പറഞ്ഞു.

''ഫ്രാന്‍സിന് ശേഷം ആക്രമിക്കപ്പെട്ട ഒരു സൗഹൃദ രാജ്യമാണിത്. ഇതാണ് നമ്മുടെ യൂറോപ്പ്, പക്ഷെ നമ്മള്‍ വഴങ്ങിക്കൊടുക്കില്ലെന്ന് ''ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ ട്വീറ്റ് ചെയ്തു.

content highlights: terror attack in Vienna hours before lock down