മെക്‌സിക്കോ സിറ്റി: ഭൂചലനം വിതച്ച ദുരന്തത്തെ അതിജീവിക്കാനൊരുങ്ങി മെക്‌സിക്കോ. ഇരുന്നൂറിലധികം ആളുകളുടെ ജീവനെടുക്കുകയും അതിലേറെ പേരെ ഇരകളായി അവശേഷിപ്പിക്കുകയും ചെയ്താണ് ഭൂചലനത്തിന്റെ പ്രഹരമൊതുങ്ങിയത്. 

പ്രദേശത്തെ ദുരന്തഭൂമിയാക്കി മാറ്റിയ ഭൂചലനത്തിന്റെ ഭീകരദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഭൂകമ്പത്തിന്റെ തീവ്രതയില്‍ ബഹുനില കെട്ടിടങ്ങള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ പോലെയാണ് തകര്‍ന്നടിഞ്ഞത്. നഗരത്തിലെ കെട്ടിടങ്ങള്‍ പലതും ഭൂകമ്പത്തിനു പിന്നാലെ പൊടിപടലങ്ങളുടെ ഒരു കൂമ്പാരം മാത്രമായി അവശേഷിച്ചു. കോളോണിയ റോമയിലെ ബഹുനില കെട്ടിടം തകര്‍ന്ന് ഇരുന്നൂറോളം ആളുകളാണ് തല്‍ക്ഷണം കൊല്ലപ്പെട്ടത്. 

ദുരന്തഭൂമിയില്‍ നിന്നും പുറത്തു വരുന്ന ദൃശ്യങ്ങളെല്ലാം ഭൂകമ്പത്തിന്റെ തീവ്രത വ്യക്തമാക്കുന്നുണ്ട്. മെക്‌സിക്കോ നഗര മധ്യത്തിലെ എന്റിക് റബ്‌സ്മന്‍ പ്രൈമറി സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണ കാഴ്ച ഹൃദയഭേദകമായിരുന്നു ലോകത്തിന്. മുപ്പതോളം കുഞ്ഞുങ്ങളാണ് സ്‌കൂള്‍ കെട്ടിടം അപകടത്തില്‍ മരിച്ചത്. 

ചൊവ്വാഴ്ചയാണ് മെക്‌സിക്കോ സിറ്റിക്ക് സമീപത്തും മോറെലോസിലും ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അടുത്തിടെ മെക്‌സിക്കോയില്‍ ദുരന്തം വിതച്ച രണ്ടാമത്തെ ഭൂചലനമാണ്.