പാരിസ്: രോഗമുക്തിയ്ക്ക് പ്രതീക്ഷയില്ലാതെ ദീര്‍ഘകാലമായി പ്രയാസമനുഭവിക്കുന്ന രോഗികള്‍ക്ക് ജീവിതം അവസാനിപ്പിക്കാനുള്ള അവകാശം തേടി മരുന്നും ഭക്ഷണവുമുപേക്ഷിച്ചിരുന്ന അലൈന്‍ കോക്ക് എന്ന ഫ്രഞ്ചുകാരന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പട്ടതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. ഇതേ ആവശ്യമുന്നയിച്ച് ഈ അമ്പത്തിയേഴുകാരന്‍ നടത്തുന്ന രണ്ടാമത്തെ സമരമാണിത്‌.

രക്തധമനികളുടെ ഭിത്തികള്‍ തമ്മില്‍ ഒട്ടിച്ചേരുന്ന അപൂര്‍വവും അത്യധികം വേദനയുളവാക്കുന്നതുമായ അപൂര്‍വരോഗത്തിനടിമയാണ് അലൈന്‍. നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ഇദ്ദേഹം വര്‍ഷങ്ങളായി തുടരുന്ന രോഗാവസ്ഥയില്‍ നിന്ന് തനിക്ക് മോചനം വേണമെന്നാവശ്യപ്പെട്ടാണ് മരിക്കാനുള്ള അവകാശം തേടുന്നത്. ആദ്യത്തെ സമരത്തോളം രണ്ടാമത്തേത് ദീര്‍ഘിപ്പിക്കാന്‍ ആദ്ദേഹത്തിന്റെ ആരോഗ്യനില അനുവദിച്ചില്ല എന്ന് എഡിഎംഡി റൈറ്റ്-ടുഡൈ അസോസിയേഷന്‍ പ്രസിഡന്റ് ജിയാന്‍ ലൂക്ക് റൊമേരോ വെള്ളിയാഴ്ച അറിയിച്ചു. തിങ്കളാഴ്ചയാണ് സമരം ആരംഭിച്ചത്‌.

ദയാവധത്തിനെതിരെ ഫ്രാന്‍സില്‍ നിലവിലുള്ള കര്‍ശനനിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ സെപ്റ്റംബറില്‍ ഇതേ രീതിയില്‍ അലൈന്‍ പ്രതിഷേധിക്കുകയും തന്റെ മരണത്തിന്റെ  ലൈവ് സ്ട്രീമിങ്ങിനൊരുങ്ങുകയും ഫെയ്‌സ്ബുക്ക് അത് ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. അതിന് മുമ്പ് ജൂലായില്‍ അലൈന്‍ അയച്ച കത്തിന് മറുപടിയായി തനിക്ക് അലൈന്റെ സാഹചര്യം മനസിലാകുന്നുണ്ടെങ്കിലും നിയമത്തിനതീതമായി സഹായിക്കാനാവില്ലെന്ന് മാക്രോണ്‍ വ്യക്തമാക്കിയിരുന്നു. 

മരിക്കാനുള്ള അനുമതി തേടി രണ്ടാമത് നടത്തിയ നീക്കത്തില്‍, ദയാവധം നേടിയ വിന്‍സന്റ് ലാംബര്‍ട്ടിന്റെ കാര്യം അലൈന്‍ പ്രത്യേകം എടുത്തു കാട്ടിയിരുന്നു. 2008 ലുണ്ടായ റോഡപകടത്തെ തുടര്‍ന്ന് നിശ്ചലാവസ്ഥയിലായ വിന്‍സെന്റിന് ദീര്‍ഘകാലത്തെ നിയമയുദ്ധത്തിനൊടുവില്‍ 2019 ല്‍ കോടതി ദയാവധം അനുവദിച്ചിരുന്നു. വിന്‍സെന്റിന്റെ മരണാവകാശം തേടിയുള്ള നിയമപോരാട്ടം ഫ്രഞ്ച് സമൂഹത്തെ രണ്ട് അഭിപ്രായതലങ്ങളില്‍ എത്തിച്ചിരുന്നു. 

ചികിത്സ നിര്‍ത്തുന്നതോടെ ജീവന്‍ നിലയ്ക്കുന്ന അവസ്ഥയിലുള്ള രോഗികള്‍ക്ക് മാത്രമാണ് ജീവന്‍രക്ഷോപാധികള്‍ നീക്കി ദയാവധത്തിനുള്ള അനുമതി നല്‍കാന്‍ ഫ്രഞ്ച് നിയമത്തില്‍ നിലവില്‍ വ്യവസ്ഥയുള്ളത്. മറ്റുള്ള രോഗികളുടെ മരിക്കാനുള്ള അപേക്ഷ അംഗീകരിക്കാന്‍ നിലവില്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നില്ല. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ദയാവധത്തിന് അനുകൂലമാണെങ്കിലും ഫ്രാന്‍സില്‍ ഇത്തരത്തിലൊരു നീക്കത്തിന് നിയമനിര്‍മാതാക്കള്‍ ഇതുവരെ ഒരുങ്ങിയിട്ടില്ല. 

 

Content Highlights: Terminally ill Frenchman hospitalised calls off right-to-die hunger strike