ജോഹന്നസ്ബര്‍ഗ്: ആഫ്രിക്കയിലെ കോവിഡ് കേസുകളുടെ വര്‍ദ്ധനവിന് കാരണമാകുന്ന പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയതിനു പിന്നാലെ ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള യാത്രകള്‍ നിയന്ത്രിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍. ജർമനി, ഇറ്റലി, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള യാത്രകള്‍ നിരോധിക്കാന്‍ നിർദേശങ്ങള്‍ നല്‍കി.

വര്‍ദ്ധിച്ചുവരുന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍, യൂറോപ്യന്‍ യൂണിയന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രകള്‍ നിരോധിക്കാന്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയ വകഭേദത്തിന്റെ വ്യാപനം തടയാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മിക്ക യാത്രകളും നിരോധിക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന് പിന്നാലെ ഇപ്പോള്‍ ജര്‍മ്മനിയും ഇറ്റലിയും യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്. 

വെള്ളിയാഴ്ച മുതല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും അവരുടെ അയല്‍രാജ്യങ്ങളില്‍ നിന്നുമുള്ള എല്ലാ വിമാനങ്ങളും നിരോധിക്കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചു. എന്നാല്‍ ബ്രിട്ടന്റെ ഈ തീരുമാനത്തെ ശക്തമായി അപലപിച്ച് ദക്ഷിണാഫ്രിക്ക രംഗത്തെത്തി. 

നിരവധി തവണ ജനിതകമാറ്റം സംഭവിച്ച ഒരു പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ വ്യാഴാഴ്ചയാണ് സ്ഥിരീകരിച്ചത്. അടുത്തിടെയായി ദക്ഷിണാഫ്രിക്കയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് കാരണം വകഭേദം സംഭവിച്ച വൈറസ് ആയിരിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം, നവംബര്‍ ആദ്യം മുതല്‍ ദക്ഷിണാഫ്രിക്കയില്‍ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ പത്തിരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

നിരവധി തവണ ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്ന കൊറോണ വൈറസ് വകഭേദത്തിന് ശാസ്ത്രജ്ഞര്‍ 'B.1.1.529' എന്നാണ് ലേബല്‍ ചെയ്തിരിക്കുന്നത്. ഡെല്‍റ്റയേക്കാള്‍ രോഗവ്യാപനശേഷിയും നിലവിലുള്ള വാക്‌സിനുകളോട് കൂടുതല്‍ പ്രതിരോധശേഷിയും ഈ വകഭേദത്തിന് ഉണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പ്രധാനപ്പെട്ട വകഭേദമാണ് 'B.1.1.529' എന്നാണ് ബ്രിട്ടന്‍ പറയുന്നത്. പുതിയ 'സൂപ്പര്‍-മ്യൂട്ടന്റ്' കോവിഡ് വേരിയന്റിന് നിലവിലുള്ള വാക്സിനുകളുടെ കാര്യക്ഷമത 40 ശതമാനമെങ്കിലും കുറയ്ക്കാനാകുമെന്ന് യുകെ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറയുന്നു.

Content Highlights: tensions rises world wide as new corona virus variant discovered in south africa