ഓസ്ട്രേലിയന്‍ തീരത്ത് കാട്ടുതീ വ്യാപിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ദുരിതത്തിന്റെ വ്യാപ്തി ദിവസം തോറും കൂടുന്നു. ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമി കത്തിനശിച്ചു. കോടിക്കണക്കിന് മൃഗങ്ങള്‍ വെന്തു വെണ്ണീറായി. കാല്‍ ലക്ഷത്തോളം കോല കരടികള്‍ തീയില്‍ വെന്തു വെണ്ണീറായെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടിയില്‍ സ്വന്തം കാറില്‍ കോലകളെ രക്ഷിച്ച് പുറത്തേക്കെത്തിക്കുന്ന രണ്ട് സുഹൃത്തുക്കളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. പതിനെട്ടുകാരനായ കലേബും പത്തൊമ്പതുകാരനായ മിക്കയും ചേര്‍ന്നാണ് കാറില്‍ കോലകളെ കാട്ടുതീ മേഖലയില്‍ നിന്നും പുറത്തെത്തിച്ചത്. മുപ്പതോളം കോലകളെയാണ് ഇരുവരും ചേര്‍ന്ന് പുറത്തെത്തിച്ചത്. കാട്ടിലേക്ക് തിരിച്ചുവിടാന്‍ ആവുന്നിടത്തോളം കോലകളെ സംരക്ഷിക്കാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. കോലകളെ കാറിനകത്താക്കിയിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം കണ്ടത്.
ഇവരെ പോലെ നിരവധി സന്നദ്ധസംഘടനകള്‍ കാട്ടുതീയില്‍പ്പെട്ട മൃഗങ്ങള്‍ക്ക് ആശ്വാസവുമായി രംഗത്തെത്തിയിട്ടുണ്ട്. മൃഗങ്ങള്‍ക്ക് വെള്ളം കൊടുക്കുന്ന, അവശരായ മൃഗങ്ങളെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
കോലകളുടെ ജന്മദേശമാണ് ഓസ്‌ട്രേലിയ. ഏറ്റവും കൂടുതല്‍ കോലകള്‍ ഉള്ളതും ഈ മേഖലയില്‍ തന്നെ. കംഗാരു ദ്വീപിനെ കാട്ടുതീ വിഴുങ്ങുമ്പോള്‍ കോലകളുടെ നിലനില്‍പ്പും വലിയ ഭീഷണിയിലാണ്. ഓസ്‌ട്രേലിയയിലുള്ള ആകെ കോലകളുടെ പകുതിയോളം എണ്ണം കാട്ടുതീയില്‍പ്പെട്ടിട്ടുണ്ടാവുമെന്നാണ് ഓസ്‌ട്രേലിയന്‍ വൈല്‍ഡ് ലൈഫ് പാര്‍ക്കിന്റെ ഉടമസ്ഥനായ സാം മിച്ചല്‍ അഭിപ്രായപ്പെടുന്നത്.
Content Highlights: Australia fire, Australia Bushfires, Teens Fill Car With Koalas To Rescue Them From Australia Bushfires