മാഡ്രിഡ്: അഭയാര്‍ഥി ബോട്ടില്‍ കടലില്‍ അകപ്പെട്ട പതിനേഴ് വയസ്സുകാരിയെ രക്ഷപ്പെടുത്തി സ്പാനിഷ് വ്യാമസേനാസംഘം. ഭക്ഷണമോ വെള്ളമോ ഇല്ലാതെ 22 ദിവസമാണ് ഐഷ എന്ന പെണ്‍കുട്ടിയും മറ്റ് രണ്ടുപേരും കടലില്‍ കുടുങ്ങിയത്. ഐവറി കോസ്റ്റില്‍ നിന്ന് യാത്ര പുറപ്പെട്ട ബോട്ടില്‍ 59 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേരൊഴികെ ബാക്കിയുള്ള മുഴുവന്‍ പേര്‍ക്കും കടലില്‍ ജീവന്‍ നഷ്ടമായി. 

സ്വദേശമായ ഐവറി കോസ്റ്റില്‍ നിന്ന് നവംബറിലാണ് ഐഷ യാത്ര ആരംഭിച്ചത്. ആദ്യം മൗറിത്താനയിലെത്തി. കുറച്ചുകാലം മൗറിത്താനയില്‍ തങ്ങിയതിനു ശേഷം ഒരു സംഘം ആളുകള്‍ക്കൊപ്പം ബോട്ടില്‍ യൂറോപ്പിലേക്ക് പുറപ്പെട്ടു. 

യൂറോപ്പിലെത്തിയാല്‍ മികച്ച ഒരു ജീവിതം തനിക്കുണ്ടാവുമെന്ന് അവള്‍ സ്വപ്‌നം കണ്ടിരുന്നു. അതേ സ്വപ്‌നവുമായി ബോട്ടില്‍ കയറിപ്പുറപ്പെട്ട 56 പേരാണ് അവളുടെ കണ്ണിന് മുന്നില്‍ പിടഞ്ഞുമരിച്ചത്. ദുരിത യാത്രയെക്കുറിച്ച് ഐഷ പറയുന്നത് ഇങ്ങനെ.. 

വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണ് യാത്ര തുടങ്ങിയത്. എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നായിരുന്നു ഒരേയൊരു ലക്ഷ്യം. എന്നാല്‍ യാത്ര ആരംഭിച്ച് ദിവസങ്ങള്‍ക്കള്‍ക്കുള്ളില്‍ കുടിക്കാനുള്ള വെള്ളം തീര്‍ന്നു. ഓരോ ദിവസങ്ങളായി ഭക്ഷണവും ബോട്ടിലേക്കുള്ള ഇന്ധനവും തീര്‍ന്നു. 

ബോട്ടിലെ ഓരോരുത്തര്‍ മരിക്കുമ്പോഴും ഞങ്ങള്‍ പ്രാര്‍ഥിക്കുമായിരുന്നു. എന്നാല്‍ ദിവസം കഴിയുംതോറും മരണം കൂടി വന്നു. പ്രാര്‍ഥിക്കാന്‍ പോലും കഴിയാതെ ഞങ്ങള്‍ തളര്‍ന്നു. ഞങ്ങള്‍ പിന്നീട് ശവശരീരങ്ങള്‍ കടലിലേക്ക് എറിഞ്ഞുകളയാന്‍ തുടങ്ങി. എനനാല്‍ ദിവസങ്ങള്‍ ഓരോന്ന് കഴിയുംതോറും ഇനി മരിച്ചുവീഴുന്ന ഒരാളെ പോലും കടലില്‍ ഉപേക്ഷിക്കാനുള്ള ശാരീരിക ശേഷിയോ മനക്കരുത്തോ ജീവനുള്ള ആര്‍ക്കും ഉണ്ടായിരുന്നില്ല. 

തളര്‍ന്നുവീണാണ് ബോട്ടിലെ പലരും മരിച്ചത്. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ശേഷിയില്ലാതെ അവര്‍ ഒരിറ്റ് വെള്ളത്തിന് വേണ്ടി പരസ്പരം യാചിച്ചു. ദാഹിക്കുന്നു, വെള്ളം വേണമെന്ന് പറഞ്ഞ് അലറിക്കരഞ്ഞു. കരഞ്ഞുതളര്‍ന്നവര്‍ക്ക് ഞങ്ങള്‍ ധരിച്ചിരുന്ന ഷൂവില്‍ കടല്‍വെള്ളം കോരി കൊടുക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഞങ്ങള്‍ക്കില്ലായിരുന്നു. അവര്‍ക്കു വേണ്ടിയോ സ്വന്തം ജീവന് വേണ്ടിയോ ഒന്നും ചെയ്യാനില്ല. മരിക്കുമെന്ന് ഉറപ്പായിരിക്കുന്നു, എല്ലാ പ്രതീക്ഷകളും അസ്തമിച്ചപ്പോഴാണ് ഹെലികോപ്ടറില്‍ രക്ഷകരായി സൈന്യമെത്തിയത്.' ഐഷ പറഞ്ഞു. 

പതിവ് പരിശോധനയ്ക്കിടെ സ്പാനിഷ് വ്യോമസേനാ സംഘമാണ് കടലില്‍ നിയന്ത്രണമില്ലാതെ ഒഴുകി നടക്കുന്ന ബോട്ട് കണ്ടെത്തിയതും രക്ഷപ്പെടുത്തിയതും. ഹെലികോപ്ടറില്‍ നിന്നുകൊണ്ട് ബോട്ടിലെ ആളുകളെ രക്ഷിക്കുന്നത് ശ്രമകരമായിരുന്നു. എന്നാല്‍ ഏറ്റവും മികച്ച ശ്രമങ്ങളില്‍ മൂന്ന് പേരെ രക്ഷപ്പെടുത്താനായതായി സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബോട്ട് കണ്ടെത്തിയതിനെ കുറിച്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞതിങ്ങനെ, 

ഏപ്രില്‍ 26നാണ് കടലിന്റെ നടുക്ക് ഒരു ചെറിയ ബോട്ട് സ്പാനിഷ് വ്യോമസേനയുടെ ശ്രദ്ധയില്‍പ്പെട്ടത്. കടലില്‍ അകപ്പെട്ട അഭയാര്‍ഥി ബോട്ടാണെ് മനസ്സിലായി. ഒറ്റനോട്ടത്തില്‍ കടലിന് നടുവിലെ ഒരു ശ്മശാനമായാണ് ബോട്ടിനെ തോന്നിയത്. നിറയെ മൃതദേഹങ്ങള്‍. എന്നാല്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ ബോട്ടിലെ മൂന്ന് പേര്‍ക്ക് ജീവനുള്ളതായി മനസ്സിലായി. നിരവധി പേര്‍ ബോട്ടിലുണ്ടായിരുന്നെങ്കിലും അവര്‍ക്കാര്‍ക്കും ജീവനില്ലായിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചകളായി അവര്‍ കടലിലകപ്പെട്ട് ദിശയറിയാതെ ഒഴുകിനടക്കുകയായിരുന്നു.' 

ബോട്ടില്‍ നിന്ന് ലഭിച്ചതും കടലില്‍ നിന്ന് കണ്ടെത്തിയതുമായി 24 മൃതദേഹങ്ങള്‍ സൈന്യം കണ്ടെടുത്തു സംസ്‌കരിച്ചിട്ടുണ്ട്. മികച്ച ജീവിതം സ്വപ്‌നം കണ്ട് ബോട്ടില്‍ യാത്ര തുടങ്ങിയ ബാക്കിയാളുകള്‍ ഇപ്പോള്‍ മാന്യമായ മരണം പോലും ലഭിക്കാതെ മൃതദേഹങ്ങളായി കടലില്‍ ഒഴുകിനടക്കുന്നുണ്ടാവാം..രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ വിക്ടര്‍ ലൂയിസ് കാസ്‌ക്വെറോ പറഞ്ഞു. 

ബോട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് പേര്‍ പത്ത് ദിവസത്തോളമാണ് ആശുപത്രിയില്‍ കഴിഞ്ഞത്. ആരോഗ്യം മെച്ചപ്പെട്ട ഇവരെ സ്‌പെയിനില്‍ താമസിപ്പിക്കും. തിരിച്ചയക്കുന്നതിനെ കുറിച്ച് നിലവില്‍ ആലോചനകളൊന്നുമില്ല. 

ഇനി ഒരിക്കലും കുടുംബത്തെ കാണുകയോ സംസാരിക്കുകയോ കരുതി എല്ലാ പ്രതീക്ഷകളും അസ്തമിച്ച ആയിഷ ഇപ്പോള്‍ വീഡിയോ കോളിലൂടെ വീട്ടുകാരമായി സംസാരിക്കുന്നുണ്ട്. സ്‌നേഹം പങ്കുവെയ്ക്കുന്നുണ്ട്. സൈന്യത്തിന്റെ കരുതലില്‍ യൂറോപ്പിലെത്തിയ ഐഷയ്ക്ക് ഇവിടെ പഠനം തുടരാനും ജോലി ചെയ്ത് സമ്പാദിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. 

യൂറോപ്പിലേക്ക് പലായനം ചെയ്യുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റെഫ്യൂജി ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നത്. കാലാവസ്ഥാ പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും കോവിഡും ഈ പലായനത്തിന് കാരണമാവുന്നു. ലിബിയ, ടുണീഷ്യ, അല്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ അഭയാര്‍ഥികള്‍ കടല്‍മാര്‍ഗം സഞ്ചരിക്കുന്നത്. മൊറോക്കയില്‍ നിന്ന് മെഡിറ്ററേനിയന്‍ കടല്‍ വഴി സ്‌പെയിനിലേക്കും അഭയാര്‍ഥി പ്രവാഹം ഉണ്ടാവുന്നുണ്ട്. എന്നാല്‍ വടക്ക്-പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് വടക്കേ അറ്റ്‌ലാന്റിക് വഴി കനേറിയന്‍ ദ്വീപുകളിലേക്കുള്ള യാത്രയാണ് ഏറ്റവും സാഹസം നിറഞ്ഞത്. ഈ മാര്‍ഗത്തിലൂടെ ഈ വര്‍ഷം മാത്രം അയ്യായിരത്തോളം അഭയാര്‍ഥികള്‍ സഞ്ചരിച്ചുവെന്നാണ് റെഫ്യൂജി ഏജന്‍സിയുടെ കണക്കുകള്‍.