താഴെക്കിറങ്ങുന്ന ഇടുങ്ങിയ പടവുകള്‍, ഇറങ്ങിച്ചെന്നാല്‍ പിന്നെ ഒരു വീടിന്റെ വിവിധ ഭാഗങ്ങളാണ്. കിടപ്പുമുറിയും ഇരിപ്പുമുറിയും വിളക്കുകളും മാത്രമല്ല മ്യൂസിക് സിസ്റ്റവും വൈഫൈ സൗകര്യവും വരെയുണ്ട് സ്‌പെയിനിലെ ലാ റൊമാനയിലെ ഈ വീട്ടില്‍. ആറ് കൊല്ലമായി പണി തുടര്‍ന്നു കൊണ്ടിരിക്കുന്ന ഈ വീടിന്റെ ഉടമയും നിര്‍മാതാവുമെല്ലാം ഇരുപതുകാരനായ ആന്‍ഡ്രെസ് കാന്റോയാണ്. പതിനാലാമത്തെ വയസ്സിലാണ് തന്റെയീ 'അധോലോക വസതി'യുടെ നിര്‍മാണം ആന്‍ഡ്രെസ് ആരംഭിച്ചത്. വീടുനിര്‍മാണമായിരുന്നില്ല അന്നവന്റെ ലക്ഷ്യം. അച്ഛനമ്മമാരോട് വഴക്കിട്ടതിന്റെ ദേഷ്യം തീര്‍ക്കാന്‍ ഒരു പിക്കാസുമെടുത്ത് വീടിന് പിന്നിലെ തോട്ടത്തില്‍ ചെന്ന് കുഴിക്കാനാരംഭിച്ചതാണ് പിന്നീട് 'ഭൂഗര്‍ഭവസതി'യായി മാറിയത്. 

ട്രാക്ക് സ്യൂട്ട് മാറ്റി മറ്റൊരു വസ്ത്രം ധരിച്ച് പുറത്തിറങ്ങാന്‍ മാതാപിതാക്കള്‍ നിര്‍ദേശിച്ചതാണ് കൗമാരക്കാരനായ ആന്‍ഡ്രെസിനെ അന്ന് ചൊടിപ്പിച്ചത്. വീട്ടിലിടുന്ന ട്രാക്ക് സ്യൂട്ടിട്ട് പുറത്ത് കറങ്ങാന്‍ പോകുന്നതായിരുന്നു തനിക്കിഷ്ടമെന്നും എന്നാല്‍ അത് മാറിയിട്ട് മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന് അമ്മയും അച്ഛനും വാശി പിടിച്ചപ്പോള്‍ ഉണ്ടായതിന്റെ ദേഷ്യം തീര്‍ക്കാന്‍ വീടിന് പുറത്തിറങ്ങിയ തന്റെ കണ്‍മുന്നില്‍ പെട്ടത് ഒരു പിക്കാസായിരുന്നെന്നും അതുമെടുത്ത് ലക്ഷ്യമില്ലാതെ നടന്ന് വീടിന്റെ പിന്നിലെ തോട്ടത്തിലെത്തി ഒരാവേശത്തിന് കുഴിച്ച് തുടങ്ങിയതാണെന്നും ആന്‍ഡ്രെസ് പറയുന്നു. 

എന്താണ് പ്രചോദിപ്പിച്ച യഥാര്‍ഥകാരണമെന്ന് അറിയില്ലെങ്കിലും ഒഴിവുസമയത്തൊക്കെ ആ കുഴി വലുതാക്കിയെടുക്കുക എന്നതായി അവന്റെ ലക്ഷ്യം. പിന്നീട് അവന്റെ സുഹൃത്ത് ആന്‍ഡ്രൂ കൊണ്ടുവന്ന ഡ്രില്ലുപയോഗിച്ചായി കുഴിക്കല്‍. ആഴ്ചയില്‍ 14 മണിക്കൂറോളം ചെലവിട്ട് മൂന്ന് മീറ്റര്‍ ആഴമുള്ള ഒരു ഗുഹ ഇരുവരും ചേര്‍ന്ന് നിര്‍മിച്ചു. തന്റെയീ സ്‌പെഷ്യല്‍ വീട് കുറച്ചു കൂടി വിപുലീകരിക്കണമെന്നാണ് ആന്‍ഡ്രെസിന്റെ ആഗ്രഹം. ഉഷ്ണകാലത്തും വീട്ടില്‍ ചൂട് കുറവാണെന്ന് ആന്‍ഡ്രെസ് പറയുന്നു. നിലവില്‍ ചൂട് ക്രമീകരിക്കാനുള്ള സംവിധാനവും വൈഫൈയുമൊക്കെയുള്ള വീട് വൈദ്യുതീകരിച്ചിട്ടുണ്ട്. 

വായുസഞ്ചാരത്തിന്റെ കുറവും ഭൂമിക്കടിയിലെ ഈര്‍പ്പവുമെല്ലാം വീട് പണിയുന്ന ഘട്ടത്തില്‍ പ്രയാസപ്പെടുത്തിയെങ്കിലും നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ദൃഢനിശ്ചയത്തിലായിരുന്നു താനെന്ന് ആന്‍ഡ്രെസ് പറയുന്നു. മഴ അധികമായി പെയ്യുമ്പോള്‍ വെള്ളം പൊങ്ങുന്നതും പ്രാണികളുടേയും ചിലന്തികളുടേയും ഒച്ചുകളുടേയും ശല്യവും ഇപ്പോള്‍ ഉണ്ടാകാറുണ്ടെങ്കിലും അതൊന്നും വിഷയമല്ലെന്നാണ് ആന്‍ഡ്രെസിന്റെ പക്ഷം. ആ ജീവികളുടെ സ്ഥലം താന്‍ കൈയേറിയതിനാല്‍ അവയെ നശിപ്പിക്കാന്‍ താത്പര്യമില്ലെന്നും ഭിത്തികളില്‍ ജീവിക്കാന്‍ അവയെ അനുവദിച്ചിരിക്കയാണെന്നും അവന്‍ പറയുന്നു. 

ചെറിയ വീടുകള്‍ പണിയുന്നത് തന്റെ താത്പര്യങ്ങളിലെന്നായിരുന്നെന്നും ഏറുമാടങ്ങളുണ്ടാക്കാനുള്ള ശ്രമം ചെറുപ്പകാലത്ത് നടത്തിയതായും ആന്‍ഡ്രെസ് ഓര്‍മിച്ചു. ഭൂഗര്‍ഭ വസതിക്കായി അധികപണം ചെലവഴിക്കേണ്ടി വന്നിട്ടില്ലന്നും അവന്‍ കൂട്ടിച്ചേര്‍ത്തു. നിര്‍മാണം പുരോഗമിക്കുന്നതനുസരിച്ച് കൂടുതല്‍ നിര്‍മാണസങ്കേതങ്ങളെ കുറിച്ച് ആന്‌ഡ്രെസ് പഠിക്കുകയും പ്രവര്‍ത്തികമാക്കുകയും ചെയ്തു. മണല്‍ കോരി പുറത്തെത്തിക്കുന്നതിനുള്ള കപ്പി സംവിധാനവും ചുമരുകള്‍ തകര്‍ന്നു വീഴാതിരിക്കാന്‍ കോണ്‍ക്രീറ്റ് ചെയ്യലും ആ പഠനത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ ആശയങ്ങളാണ്. 

ഗുഹാവീടിന്റെ വീഡിയോ ആന്‍ഡ്രെസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ ആന്‍ഡ്രസിന്റെ കഥ വൈറലായി. അനധികൃത നിര്‍മാണമാണോയെന്ന് പരിശോധിക്കാന്‍ അധികൃതരെത്തിയെങ്കിലും വെറുമാരു 'അണ്ടര്‍ഗ്രൗണ്ട് ഹട്ട്' ആണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കി അവര്‍ മടങ്ങി. എന്തായാലും ആന്‍ഡ്രെസിന്റെ മാതാപിതാക്കളും സന്തുഷ്ടരാണ്. അമ്മ താഴെ വന്ന് കണ്ട ശേഷം വീഡിയോയില്‍ കാണുന്നതിനേക്കാള്‍ ചെറുതാണല്ലോ എന്ന് പറഞ്ഞതു മാത്രമാണ് ഇത്തിരി വിഷമിപ്പിച്ചതെന്ന് ആന്‍ഡ്രെസ് ചിരിച്ചു കൊണ്ട് പറയുന്നു.