Photo Credit : TikTok | @ merlin.life
'എന്റെ ഡാഡ്, അദ്ദേഹത്തിന്റെ 27 ഭാര്യമാര്‍, ഞാനുള്‍പ്പെടെ 150 കുട്ടികള്‍...'മെര്‍ലിന്‍ എന്ന പത്തൊമ്പതുകാരന്‍ ടിക് ടോക്കിലൂടെ പങ്കുവെച്ച കഥയാണിത്. കാനഡയിലെ ഏറ്റവും വലിയ ബഹുഭാര്യത്വം തുടരുന്ന വിന്‍സ്റ്റണ്‍ ബ്ലാക്മൂറിന്റെ വീട്ടിലെ അനുഭവങ്ങള്‍ ലോകവുമായി പങ്കുവെക്കാനാണ് മെര്‍ലിനും സഹോദരങ്ങളായ മുറേ, വാറന്‍ എന്നിവരും ടിക് ടോക്കിലൂടെ എത്തിയത്.
ടിക് ടോക്കില്‍ സജീവമാണെങ്കിലും മെര്‍ലിനോ സഹോദരങ്ങളോ വീട്ടിലെ അനുഭവങ്ങള്‍ പങ്കിടാന്‍ ഇതുവരെ ഒരുങ്ങിയിരുന്നില്ല. ബ്ലാക്മൂറിന്റെ കുടുംബാംഗങ്ങള്‍ ആദ്യമായാണ് ഇത്തരമൊരു വെളിപ്പെടുത്തലിനൊരുങ്ങിയത് എന്നത് കൗതുകകരമായതിനാല്‍ തന്നെ ഈ ടിക് ടോക് വീഡിയോ ഇതിനോടകം വൈറലാണ്.
ഗൃഹനാഥനായ ബ്ലാക്മൂറിന് 64 ആണ് പ്രായം. 27 ഭാര്യമാരില്‍ 22 പേരിലാണ് കുട്ടികളുള്ളത്. ഈ 22 പേരില്‍ 16 പേര്‍ ഇപ്പോഴും ബ്ലാക്മൂറുമായി വിവാഹബന്ധം തുടരുന്നു. എല്ലാ കുട്ടികളും സ്വന്തം അമ്മയ്‌ക്കൊപ്പമാണ് കഴിയുന്നത്. അമ്മയെ ഒഴികെ പിതാവിന്റെ മറ്റ് ഭാര്യമാരെ അമ്മ എന്നതിനൊപ്പം അവരുടെ പേരും ചേര്‍ത്ത് വിളിക്കുന്നതാണ് കുട്ടികളുടെ ശീലം. കുട്ടികള്‍ കൗമാരത്തിലെത്തിയാല്‍ അമ്മമാരില്‍ നിന്ന് പിരിഞ്ഞ് ഹോസ്റ്റലുകളിലേത് പോലെ ഒന്നിച്ചാവും താമസം.
ഇരുപതാമത്തെ വയസ്സിലാണ് ബ്ലാക്മൂറിന് ആദ്യത്തെ കുട്ടി ജനിക്കുന്നത്. 150-മത്തെ കുട്ടിയുണ്ടായത് 62-മത്തെ വയസിലും. എല്ലാ വിധ സൗകര്യമുള്ള രണ്ട് നിലകളുള്ള ഓരോ അപ്പാര്‍ട്ട്‌മെന്റിലുമായി രണ്ട് ഭാര്യമാരും അവരുടെ കുട്ടികളുമാണ് താമസം. ബ്ലാക്മൂറിന്റെ ഭാര്യമാരില്‍ സഹോദരിമാരും ഉണ്ടായിരുന്നു. കുട്ടികള്‍ക്കിടയില്‍ വിദ്വേഷമുണ്ടായിരുന്നില്ലെന്നും പരസ്പരം മനസിലാക്കാന്‍ എല്ലാവരും ശ്രമിച്ചിരുന്നതായും മെര്‍ലിന്‍ വീഡിയോയില്‍ സൂചിപ്പിക്കുന്നു.

ഒരേ പ്രായത്തില്‍, ഒരേ മാസത്തില്‍ ജനിച്ച സഹോദരങ്ങളുമുണ്ട് ഇവര്‍ക്കിടയില്‍. ഓരോത്തരുടേയും പിറന്നാളാഘോഷം ഓരോ വീടുകളിലായി ഒതുങ്ങിയിരുന്നെങ്കിലും കുടുംബം ഒന്നടങ്കം ഒത്തുചേരുന്ന ആഘോഷങ്ങളും പതിവാണ്. പാരമ്പര്യവസ്ത്രമണിഞ്ഞാണ് ഇവര്‍ ഒത്തുചേരലിനെത്തുന്നത്. ഭക്ഷണത്തിന് വേണ്ടത് കുടുംബാംഗങ്ങള്‍ തന്നെ കൃഷി ചെയ്‌തെടുക്കുകയാണ് ചെയ്യുന്നത്. കുട്ടികള്‍ക്ക് പണികള്‍ തരം തിരിച്ച് നല്‍കിയിട്ടുണ്ട്.
കുടുംബാംഗങ്ങളുടെ എണ്ണം കണക്കിലെടുത്താല്‍ ഒരു സമൂഹമായി തന്നെ കരുതാവുന്ന കുടുംബത്തില്‍ നിന്ന് മെര്‍ലിനും രണ്ട് സഹോദരങ്ങളും വേര്‍പിരിഞ്ഞാണ് ഇപ്പോള്‍ കഴിയുന്നത്. മാറിത്താമസിക്കാനുള്ള അനുവാദം അച്ഛനില്‍ നിന്ന് ലഭിക്കാന്‍ ഏറെ പണിപ്പെട്ടതായി മെര്‍ലിന്‍ പറയുന്നു. നിലവില്‍ യുഎസില്‍ താമസിക്കുന്ന മെര്‍ലിനും മറ്റു രണ്ട് പേരും തങ്ങളുടെ സഹോദരങ്ങളുമായി ബന്ധം പുലര്‍ത്തുന്നുണ്ട്.

ഫണ്ടമെന്റലിസ്റ്റ് ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍ ഡേ സെയ്ന്റ്‌സിന്റെ കീഴില്‍ വിജയകരമായി ബഹുഭാര്യാത്വസമൂഹം നയിച്ചിരുന്ന രണ്ട് നേതാക്കളില്‍ ഒരാളാണ് ബ്ലാക്മൂര്‍. മറ്റേയാള്‍ ഇരുപത് കൊല്ലത്തെ തടവുശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന വാറന്‍ ജെഫ് ആണ്.
Content Highlights: Teen's TikTok on World's Largest Polygamist Cult is Viral, Winston Blackmore
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..