ന്യൂഡല്‍ഹി: മൊഡേണ കോവിഡ് വാക്‌സിന്‍ ഇന്ത്യയിലെത്തിക്കാന്‍ ടാറ്റ ഗ്രൂപ്പ് അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡേണയുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ് സി.എസ്.ഐ.ആറുമായി (കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്) സഹകരിച്ചായിരിക്കും വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കല്‍ പരീക്ഷണം നടത്തുകയെന്ന് ഇക്കണോമിക്‌സ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അമേരിക്കയിലും ഈ മാസം തുടക്കത്തില്‍ യൂറോപ്പിലും മൊഡോണ വാക്‌സിന് അംഗീകാരം നല്‍കിയിരുന്നു. അതേസമയം വാക്‌സിന് ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംബന്ധിച്ച് മൊഡേണയും ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗ് നോസ്റ്റിക്‌സും ഇതുവരെ പ്രതികരിച്ചിട്ടില്ല.
-70 ഡിഗ്രി താപനിലയില്‍ താഴെ സൂക്ഷിക്കേണ്ട ഫൈസര്‍ വാക്‌സിനില്‍ നിന്ന് വ്യത്യസ്തമായി സാധാരണ റഫ്രിജിറേറ്റര്‍ താപനിലയിലും സൂക്ഷിക്കാമെന്നതാണ് മൊഡേണ വാക്‌സിന്റെ പ്രധാന വ്യത്യാസം. അതിനാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്കും വാക്‌സിന്‍ സൂക്ഷിക്കാന്‍ പ്രത്യേക ശീതീകരണ ശൃംഖലകള്‍ പരിമിതമായ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും ഏറ്റവും അനുയോജ്യം മൊഡേണ വാക്‌സിനാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മൊഡേണ കമ്പനി ഏറ്റവും ഒടുവില്‍ പുറത്തുവിട്ട പഠനങ്ങളിലെ കണക്കുകള്‍പ്രകാരം വാക്‌സിന്‍ 94.1 ശതമാനം ഫലപ്രദമാണ്. ഗുരുതമായ യാതൊരു സുരക്ഷാ ആശങ്കകളും വാക്‌സിനില്ലെന്നാണ് കമ്പനിയുടെ അവകാശവാദം. അതേസമയം വാക്‌സിന് ഇന്ത്യയില്‍ അനുമതി ലഭിക്കണമെങ്കില്‍ പ്രാദേശിക തലത്തില്‍കൂടി പഠനം നടത്തണം. നിലവില്‍ കോവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നീ രണ്ട് വാക്‌സിനുകളുടെ ഉപയോഗത്തിനാണ് ഇന്ത്യ അനുമതി നല്‍കിയിട്ടുള്ളത്.
content highlights: Tata In Talks To Launch Moderna COVID-19 Vaccine In India: Report