വാഷിങ്ടണ്‍: അതിര്‍ത്തി കയ്യേറ്റ ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയുമായുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്‍ സൈന്യത്തെ ഉപയോഗിച്ച് നിയന്ത്രണം പിടിച്ചെടുക്കാന്‍ ചൈന ശ്രമിച്ചതായി അമേരിക്ക.

ചൈനയുടെ നിലപാടില്‍ മാറ്റം കൊണ്ടുവരാന്‍ ചര്‍ച്ചകള്‍ കൊണ്ടോ കരാറുകള്‍ കൊണ്ടോ സാധിക്കില്ലെന്ന് മനസ്സിലാക്കാനുള്ള സമയമായെന്നും അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയാന്‍ പറഞ്ഞു. ഈയാഴ്ചയാദ്യം  സംസാരിക്കവേയാണ് ഒബ്രിയാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അതിര്‍ത്തിയിലെ അധിനിവേശം ഇന്ത്യയുമായുള്ള അതിര്‍ത്തിയിലും വ്യക്തമാണ്. യഥാര്‍ഥ നിയന്ത്രണ രേഖയിലെ നിയന്ത്രണം സൈന്യത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ചൈന ശ്രമിച്ചു- റോബര്‍ട്ട് ഒബ്രിയാന്‍ പറഞ്ഞു. ചൈനയുടെ തായ്‌വാന്‍ കടലിടുക്കിലെ അധിനിവേശവും വാസ്തവമാണ്. ഈ മേഖലയില്‍ പി.എല്‍.എയുടെ നാവിക, വ്യോമസേനകള്‍ സൈനികാഭ്യാസം നടത്തുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകദേശം അഞ്ചു മാസത്തോളമായി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ ഉന്നത നയതന്ത്രതല ചര്‍ച്ചകളും സൈനിക തല ചര്‍ച്ചകളും നടന്നിരുന്നു. എന്നാല്‍ ഇതൊന്നും പ്രശ്‌ന പരിഹാരത്തിലേക്ക് എത്തിയില്ല.

content highlights: talk with china will not help, us on ladakh issue