
കാബൂളിൽ തോക്കുകളുമായി റോന്തു ചുറ്റുന്ന താലിബാൻ സംഘം | Photo: A.P.
കാബൂള്‍: സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന താലിബാന്റെ ഉറപ്പിനെതിരേ മുന്നറിയിപ്പുമായി അഫ്ഗാനിസ്താനിലെ ആദ്യ വനിതാ പൈലറ്റ് നിലൂഫാര്‍ റഹ്മാനി. യാതൊരു കാരണവുമില്ലാതെ സ്ത്രീകള്‍ കാബൂള്‍ സ്റ്റേഡിയത്തില്‍ കല്ലെറിയപ്പെടുന്നതിനു ലോകം വൈകാതെ സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് ഫോക്സ് ന്യൂസിനു നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
അഫ്ഗാനിസ്താന്റെ നിയന്ത്രണം പിടിച്ചെടുത്ത താലിബാന് ഏറ്റവും അധികം വേദനിപ്പിക്കുക സ്ത്രീകളെയായിരിക്കുമെന്ന് റഹ്മാനി പറഞ്ഞു. 'നിര്‍ഭാഗ്യവശാല്‍ എന്റെ കുടുംബാംഗങ്ങള്‍ അവിടെയാണ്. അഫ്ഗാനിസ്താനിലെ സംഭവങ്ങള്‍ അറിഞ്ഞതിനുശേഷം എനിക്ക് ഉറങ്ങാനും മനഃസമാധാനത്തോടെ ഇരിക്കാനും കഴിഞ്ഞിട്ടില്ല. കുടുംബാംഗങ്ങളുടെ സുരക്ഷ എന്നില്‍ ഭയമുണ്ടാക്കുന്നു. തീര്‍ച്ചയായും ഇത് എന്റെ മാത്രം കാര്യമല്ല'-29കാരിയായ റഹ്മാനി പറഞ്ഞു.
താലിബാന് ഉന്നമിട്ടിട്ടുള്ളതിനാല് തന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും അപകടത്തിലാണ്. തന്റെ കരിയറിനു എപ്പോഴും പിന്തുണ നല്കിയിട്ടുള്ളതിനാല് താലിബാന് തന്റെ കുടുംബാംഗങ്ങളെ നേരത്തെ ഉന്നമിട്ടിട്ടുള്ളതാണെന്ന് അവര്‍ വ്യക്തമാക്കി. 2013-ല്‍ തനിക്കെതിരേ താലിബാന് വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2015-ല്‍ അഫ്ഗാന് വിട്ടതാണ് റഹ്മാനി. 18 മാസം ദൈര്‍ഘ്യമുള്ള പൈലറ്റ് പരിശീലന കോഴ്സ് അവര്‍ യു.എസില്‍നിന്ന് പൂര്‍ത്തിയാക്കി. അഫ്ഗാന് വിട്ട് ഒരു വര്‍ഷത്തിനുശേഷം അവര്‍ യു.എസില്‍ അഭയം തേടി.
ഇസ്ലാമിക് നിയമങ്ങള്‍ അനുസരിക്കുന്ന സ്ത്രീകളെ ഉപദ്രവിക്കില്ലെന്ന് താലിബാന് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഈ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു റഹ്മാനി.
സ്ത്രീകളുടെ അവകാശം സംബന്ധിച്ച് താലിബാന് നല്കിയ വാഗ്ദാനം തങ്ങളെ ഭയമില്ലാത്ത ജനങ്ങളെ സൃഷ്ടിക്കുന്നതിനും ലോകരാജ്യങ്ങള്‍ക്കിടയില്‍ പൊതുസമ്മതി നേടുന്നതിനുമുള്ള തന്ത്രമാണെന്ന് ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടിരുന്നു.
Content Highlights: taliban women rights first woman pilot afghan air force niloofar rahmani
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..