കാബൂള്‍: അഫ്ഗാൻ സര്‍ക്കാരിലെ ഉന്നതർക്കെതിരെ  ഇനിയും ആക്രമണങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പുമായി താലിബാന്‍. കഴിഞ്ഞ ദിവസം അഫ്ഗാന്‍ പ്രതിരോധമന്ത്രി ബിസ്മില്ലാ മുഹമ്മദിക്കെതിരെ വധശ്രമം നടന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ്  നേതാക്കള്‍ക്കെതിരെ ഇനിയും ആക്രമണങ്ങളുണ്ടാകുമെന്ന താലിബാന്റെ മുന്നറിയിപ്പ് പുറത്തെത്തിയിരിക്കുന്നത്. 

ചൊവ്വാഴ്ച രാത്രിയാണ് ബിസ്മില്ലാ മുഹമ്മദിക്കു നേരെ ബോംബും തോക്കും ഉപയോഗിച്ചുള്ള ആക്രമണമുണ്ടായത്. മാസങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് താലിബാന്‍ കാബൂളില്‍ ആക്രമണം നടത്തുന്നത്. ഇതോടെ അഫ്ഗാന്‍ സുരക്ഷാസേനയും താലിബാനുമായുള്ള യുദ്ധം രാജ്യതലസ്ഥാനമായ കാബൂളിലേക്കും എത്തിച്ചേര്‍ന്നു. അമേരിക്കന്‍ സൈന്യം പിന്മാറാന്‍ ആരംഭിച്ചതോടെ മേയ് മാസം മുതല്‍ രാജ്യത്തിന്റെ ഉള്‍ഭാഗങ്ങളില്‍ അഫ്ഗാന്‍ സുരക്ഷാസേനയും താലിബാനും തമ്മില്‍ യുദ്ധം ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് ആക്രമണം കാബൂളിലേക്ക് കടക്കുന്നത്. 

താലിബാന് നേരെയുള്ള വ്യോമാക്രമണങ്ങള്‍ അഫ്ഗാന്റെയും അമേരിക്കയുടെയും സൈന്യങ്ങള്‍ വര്‍ധിപ്പിച്ചിരുന്നെന്നും ഇതിനുള്ള മറുപടിയാണ് കാബൂളിലെ ആക്രമണമെന്ന് താലിബാന്‍ പ്രതികരിച്ചു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ആക്രമണങ്ങള്‍ക്കും ബോംബിടാനും ഉത്തരവിടുന്ന കാബൂള്‍ ഭരണകൂടത്തിന്റെ നേതാക്കള്‍ക്കുള്ള തിരിച്ചടിയുടെ തുടക്കമാണിത്- താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് സാമൂഹികമാധ്യമത്തില്‍ പ്രസ്താവനയിലൂടെ അറിയിച്ചു. 

കാബൂളിന്റെ മധ്യഭാഗത്തായാണ് ആദ്യ ബോംബ് വീണത്. തുടര്‍ന്ന് രണ്ടു മണിക്കൂറുകള്‍ക്കു ശേഷം മറ്റൊരു വലിയ സ്‌ഫോടനവും പിന്നാലെ ചെറുസ്‌ഫോടനങ്ങളും നടന്നു. പിന്നീട് വെടിവെപ്പുമുണ്ടായി. യു.എസ്. മിഷന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുടെ എംബസികള്‍ പ്രവര്‍ത്തിക്കുന്ന അതീവസുരക്ഷാമേഖലയായ ഗ്രീന്‍ സോണിനു സമീപമായിരുന്നു ഈ ആക്രമണങ്ങളെല്ലാം നടന്നത്. ബിസ്മില്ല മുഹമ്മദി സുരക്ഷിതനാണെന്നും അക്രമികളെ സൈന്യം തുരത്തിയതായും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. അതേസമയം ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. 

content highlights: taliban warns more attacks after assassination attempt against afghan minister