ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ താലിബാന്‍ പിടിമുറുക്കാന്‍ കാരണം പാകിസ്താനെന്ന് അഫ്ഗാന്‍ നേതാക്കള്‍. അഫ്ഗാന്‍ സൈനികരെ നേരിടുന്നതിനു പാകിസ്താനില്‍ നിന്ന് 15,000 ഭീകരര്‍ കടന്നതായി അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബ് പറഞ്ഞു. താലിബാന് ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനമാണ് പാകിസ്താനെന്നും അംഗങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിന് അവര്‍ പാകിസ്താനിലെ മദ്രസകളുപയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'എല്ലാവര്‍ഷവും അഫ്ഗാനിസ്താനില്‍ താലിബാന്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍, പുതിയ അംഗങ്ങളെ അടുത്തവര്‍ഷം കൂട്ടിച്ചേര്‍ക്കുന്നതിനു പാകിസ്താന്‍വഴിയൊരുക്കുന്നു. ഈ വര്‍ഷം 10,000 താലിബാന്‍ ഭീകരര്‍ പാകിസ്താനില്‍നിന്ന് അഫ്ഗാനിസ്താനിലേക്ക് എത്തിയതായി കണ്ടെത്താന്‍ കഴിഞ്ഞു. പരിക്കേറ്റ ഭീകരര്‍ക്ക് പാകിസ്താനിലെ ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നു. അവര്‍ക്ക് സൈനിക, വൈകാരിക, സാമ്പത്തിക പിന്തുണ ലഭിക്കുന്നു. ഇത് തുടരുന്നു'-മോഹിബ് കൂട്ടിച്ചേർത്തു. 

പാകിസ്താനെ കുറ്റപ്പെടുത്തി അഫ്ഗാന്‍ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഗാനിയും രംഗത്തെത്തിയിരുന്നു. അല്‍ ഖൊയ്ദ, ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടകളുമായി താലിബാന് ആഴത്തിലുള്ള ബന്ധമുണ്ടെന്നും അഫ്ഗാനെ തീവ്രവാദികളുടെ സുരക്ഷിത താവളമാക്കിമാറ്റാനാണ് താലിബാന്‍ ശ്രമിക്കുന്നതെന്ന് ഗാനി പറഞ്ഞു. 

പാകിസ്താനെയും അഫ്ഗാനിസ്താനെയും വേര്‍തിരിക്കുന്ന ഡ്യൂറന്‍ഡ് രേഖ കടന്നു പോകുന്ന പാകിസ്താന്‍ സൈനികരുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നൂറുകണക്കിനു റോക്കറ്റുകള്‍ വിക്ഷേപിച്ച് അവർ അഫ്ഗാൻ പൗരന്മാരെ കൊലപ്പെടുത്തുന്നതും പരിക്കേല്‍പിക്കുന്നതും വീഡിയോയില്‍ ദൃശ്യമായിരുന്നു.

Content Highlights: Taliban using Pakistani madrasas to recruit fighters