കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പ്രവിശ്യാ തലസ്ഥാനങ്ങള്‍ കീഴടക്കി താലിബാന്‍ മുന്നേറ്റം നടത്തുന്നതിനിടെ രാജ്യത്തെ ആക്ടിങ് ധനമന്ത്രി ഖാലിദ് പയേന്ദ രാജിവച്ച് രാജ്യംവിട്ടതായി വെളിപ്പെടുത്തല്‍. രാജ്യത്തെ കസ്റ്റംസ് പോയിന്റുകള്‍ താലിബാന്‍ പിടിച്ചെടുക്കുകയും നികുതി വരുമാനം കുത്തനെ ഇടിയുകയും ചെയ്തതിന് പിന്നാലെയാണിതെന്ന് അഫ്ഗാന്‍ ധന മന്ത്രാലയ വക്താവ് മുഹമ്മദ് റാഫി ടോബെ ബ്ലൂംബര്‍ഗിനോട് പറഞ്ഞു.

മന്ത്രിസ്ഥാനം രാജിവെക്കുകയാണെന്ന് പയേന്ദ ചൊവ്വാഴ്ച ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ രാജിവെക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ല. അസുഖ ബാധിതയായ ഭാര്യയ്‌ക്കൊപ്പമാണ് അദ്ദേഹം രാജ്യംവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ മുന്നേറ്റം തുടരുകയാണ്. ഒന്‍പത് പ്രവിശ്യാ തലസ്ഥാനങ്ങള്‍ താലിബാന്‍ കീഴടക്കി. വടക്കന്‍ നഗരങ്ങള്‍ താലിബാന്റെ പിടിയിലായതോടെ കുണ്ടൂസ് വിമാനത്താവളത്തിലേക്ക് പിന്‍വാങ്ങിയ നൂറു കണക്കിന് അഫ്ഗാന്‍ സൈനികര്‍ താലിബാന്റെ മുന്നില്‍ കീഴടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: taliban took control control of ninth province in afghanisthan; matter of concern