കാബൂള്‍: അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ഇരുപത് വര്‍ഷം തികയുന്ന സെപ്തംബര്‍ 11ന് (9/11) താലിബാന്‍ തങ്ങളുടെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.

'അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഞങ്ങളെ കൈകാര്യം ചെയ്യുന്ന രീതി സംബന്ധിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. അമേരിക്കയെ മുറിപ്പെടുത്താനോ നാണംകെടുത്താനോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങള്‍ക്കിത് ഒരു വലിയ ദിവസമാണ്. ഞങ്ങളുടെ ആഭ്യന്തരമന്ത്രി അവരുടെ ആഗോള ഭീകര പട്ടികയിലുള്ളത് ഞങ്ങള്‍ക്കും അപമാനകരമാണ് ', ഒരു താലിബാന്‍ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അഫ്ഗാനിസ്താനിലെ താലിബാന്‍ മന്ത്രിസഭയിലെ അഞ്ച് അംഗങ്ങളെങ്കിലും ഐക്യരാഷ്ട്രസഭയുടെ ആഗോളഭീകര പട്ടികയിലുള്ളവരാണെന്നത് ശ്രദ്ധേയമാണ്. അമേരിക്കയുടെ ഉപരോധ പട്ടികയിലെ 'മോസ്റ്റ് വാണ്ടഡ്' ഭീകരരില്‍ ഒരാളായ സിറാജുദ്ദീന്‍ ഹഖാനിയെ ആഭ്യന്തരമന്ത്രിയായി നിയമിച്ചതായി താലിബാന്‍ പ്രഖ്യാപിച്ചിരുന്നു.

മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്ദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ അഖുന്ദ് ഉള്‍പ്പടെ മന്ത്രിസഭയിലെ അഞ്ച് അംഗങ്ങളെങ്കിലും ഐക്യരാഷ്ട്രസഭയുടെ ഉപരോധ പട്ടികയിലുള്ളവരാണ്.

അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കുന്നതില്‍ രാജ്യങ്ങള്‍ ഇപ്പോഴും മടിച്ചുനില്‍കുകയാണെങ്കിലും, സര്‍ക്കാര്‍ രൂപവത്കരണ ചടങ്ങിലേക്ക് റഷ്യ, ചൈന, തുര്‍ക്കി, ഇറാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളെ താലിബാന്‍ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

താലിബാനുമായി ലോകം ചര്‍ച്ച നടത്തണമെന്നും ദശലക്ഷക്കണക്കിന് മരണങ്ങള്‍ ഒഴിവാക്കണമെന്നും താലിബാന്‍ സര്‍ക്കാരിന് സാധ്യമായ അംഗീകാരം നല്‍കണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം, ഇന്ത്യ അഫ്ഗാനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കരുതെന്ന് ജോ ബൈഡന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദം ശക്തമാകുമ്പോള്‍, ചൈന താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കുകയും പുതിയ ഭരണകൂടവുമായി ആശയവിനിമയം നടത്താന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

അന്താരാഷ്ട്ര സമൂഹവും അമേരിക്കയും പ്രതീക്ഷിച്ചതുപോലുള്ള ഒരു ഭരണകൂടമല്ല ഇപ്പോഴത്തെ താലിബാന്‍ ഇടക്കാല സര്‍ക്കാരെന്ന് അമേരിക്കന്‍ വിദേശകാര്യവകുപ്പ് വക്താവ് നെഡ് പ്രൈസ് പ്രതികരിച്ചിരുന്നു. അഫ്ഗാന്‍ മണ്ണില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള, പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളായ ഐഎസ്-കെയില്‍ നിന്നും അല്‍-ഖായ്ദയില്‍ നിന്നും ഉയരുന്ന ഭീഷണിയെക്കുറിച്ച്  വിശദമായി ചര്‍ച്ചചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Taliban to schedule oath-taking ceremony of new government on 9/11