കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞദിവസം നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ക്രൂരമര്‍ദനം. മര്‍ദനമേറ്റ രണ്ടു മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുറത്തുവന്നു. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കസ് യാം ആണ് ഈ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. എറ്റിലാ അട്രോസിലെ മാധ്യമപ്രവര്‍ത്തകരായ നെമാത് നഖ്‌വി, താഖി ദര്യാബി എന്നിവര്‍ക്കാണ് താലിബാന്‍ കസ്റ്റഡിയില്‍ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നത്. 

കാബൂളിലെ വനിതാപ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് ഇവരെ കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും അടിക്കുകയും ചെയ്യുകയായിരുന്നെന്ന് മര്‍ക്കസ് യാം പറയുന്നു.

ചൊവ്വാഴ്ചയാണ് പാകിസ്താനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി വനിതകള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ കാബൂളിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധിച്ചത്. ആകാശത്തേക്ക് വെടിവെച്ചായിരുന്നു താലിബാന്‍ പ്രതിഷേധക്കാരോടു പ്രതികരിച്ചത്. ഈ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത നിരവധി മാധ്യമപ്രവര്‍ത്തകരെ താലിബാന്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

തങ്ങളുടെ ക്യാമറാമാന്‍ വഹീദ് അഹ്മദിയെ താലിബാന്‍ കസ്റ്റഡിയിലെടുക്കുകയും ക്യാമറ പിടിച്ചെടുക്കുകയും ചെയ്തതായി അഫ്ഗാനിസ്താനിലെ ടോളോ ന്യൂസും റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധം ചിത്രീകരിക്കുന്നതില്‍നിന്ന് ചില മാധ്യമപ്രവര്‍ത്തകരെ താലിബാന്‍ വിലക്കിയെന്നും ടോളോ ന്യൂസ് കൂട്ടിച്ചേര്‍ത്തു. ഹിജാബ് ധരിച്ച വനിതകള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് കാബൂള്‍ തെരുവുകളില്‍ പ്രതിഷേധത്തിനിറങ്ങിയത്. അഫ്ഗാനില്‍ പാകിസ്താന്‍ ഇടപെടല്‍ നടത്തുന്നതിനെതിരെയും പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനൊപ്പം ചേര്‍ന്ന് വ്യോമാക്രമണം നടത്തിയതിനെതിരെയും ആയിരുന്നു പ്രതിഷേധം.

അതേസമയം, പ്രതിഷേധങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ കാബൂളിന്റെ വിവിധ ഭാഗങ്ങളില്‍ താലിബാന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിക്കപ്പെടുന്നതും ആളുകള്‍ കൂട്ടംചേരുന്നത് തടയാനാണ് ഈ നീക്കമെന്നാണ് സൂചന.

content highlights: taliban thrashes journalists for reporting kabul protest