കാബൂള്‍: അഫ്ഗാന്‍ ഭരണം താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യത്ത് ശരിയത്ത് നിയമം നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ്. കാബൂൾ പിടിച്ചടക്കിയതിന് പിന്നാലെ അഫ്ഗാനിസ്താനിൽ ശരിയത്ത് നിയമം നടപ്പിലാക്കുമെന്ന് താലിബാൻ അറിയിച്ചിരുന്നു. എന്നാൽ ശരിയത്ത് നിയമത്തിൽ സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളിൽ നിന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. 

അതേസമയം മുല്ല ഹസൻ അഖുന്ദ് പ്രധാനമന്ത്രിയായ മന്ത്രിസഭ കഴിഞ്ഞ ദിവസം താലിബാൻ പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭയിൽ ഒരു വനിതാ മന്ത്രിയും ഉൾപ്പെട്ടിട്ടില്ല എന്നത് താലിബാന്റെ നിലപാടുകളിൽ ഇനിയും മാറ്റം സംഭവിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്.

മദ്യക്കുപ്പികളും സംഗീതോപകരണങ്ങളും തകർക്കപ്പെടുമ്പോൾ

കാബൂളിലെ നോർവീജിയൻ എംബസി ഇപ്പോൾ താലിബാന്റെ കൈയിലാണ്. താലിബാൻ, എംബസി പിടിച്ചെടുത്തതിന് പിന്നാലെ ചെയ്ത കാര്യം മദ്യക്കുപ്പികൾ തകർത്തെറിയുകയായിരുന്നുവെന്ന് അംബാസർ സിഗ്വാൾഡ് ഹോഗ് ട്വീറ്റ് ചെയ്തു. എംബസിയിലുണ്ടായിരുന്നു കുട്ടികളുടെ പുസ്തകങ്ങളും താലിബാൻ ഭീകരവാദികൾ നശിപ്പിച്ചുവെന്ന് ഹോഗ് ട്വീറ്റ് ചെയ്തു. 

കാബൂളിലെ എംബസി അടയ്ക്കുന്നതായി ഡെൻമാർക്കും നോർവെയും കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്താനിലെ സ്ഥിതി മോശമായതിനാൽ ജീവനക്കാരെ ഒഴിപ്പിക്കുകയാണെന്നായിരുന്നു ഡെൻമാർക്കും നോർവെയും വ്യക്തമാക്കിയത്. 

അതേസമയം സംഗീതോപകരണങ്ങൾ തകർക്കപ്പെട്ടതിന്റെ ദൃശ്യങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

അഫ്ഗാൻ പിടിച്ചടക്കിയതിന് പിന്നാലെ താലിബാൻ സംഗീതത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. ചില ചാനലുകള്‍ അവരുടെ വനിതാ ആങ്കര്‍മാരെയും പിരിച്ചുവിട്ടിരുന്നു. ഫവദ് അന്ദരാബി എന്ന പ്രാദേശിക ഗായകനെ താലിബാൻ വധിച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

താലിബാൻ ഭരണത്തിലെ വിദ്യാഭ്യാസം

ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്ത് കൊണ്ട് താലിബാൻ സർക്കാരിലെ വിദ്യാഭ്യാസ മന്ത്രി നേരത്തെ രംഗത്തെത്തിയിരുന്നു. എന്ത് പി.ജിയും പിഎച്ച്ഡിയും, ഞങ്ങൾ മഹാന്മാരായത് സ്കൂളിൽ പോയിട്ടോ? എന്നായിരുന്നു താലിബാൻ വിദ്യാഭ്യാസമന്ത്രി ഷെയ്ഖ് മൊല്‍വി നൂറുല്ലാ മുനീർ പറഞ്ഞത്. ഇതും താലിബാന്റെ നിലപാടുകളിൽ മാറ്റം സംഭവിച്ചിട്ടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.

വിദ്യാഭ്യാസ മന്ത്രി തന്നെ ഇത്തരത്തിൽ ഒരു പ്രസ്താവനയുമായി രംഗത്തെത്തിയതോടെ താലിബാൻ ഭരണത്തിന് കീഴിലെ വിദ്യാഭ്യാസവും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്. നേരത്തെ സർവകലാശാലകൾക്ക് ശക്തമായ നിയന്ത്രണങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ഇടകലരുന്ന യാതൊരു സാഹചര്യവും സർവകലാശാലകളിൽ ഉണ്ടാകാൻ പാടില്ലെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെ കോളേജുകൾ പ്രവർത്തനമാരംഭിച്ചിരുന്നു. 

കാബൂളിലെ വിമാനത്താവളങ്ങൾ വീണ്ടും പ്രവർത്തിക്കാനൊരുങ്ങുന്നു

അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഹാമിദ് കർസായി അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തിക്കുമെന്നാണ് താലിബാൻ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനായി തുർക്കിയിൽ നിന്നും ഖത്തറിൽ നിന്നുമുള്ള സാങ്കേതിക വിദഗ്ദർ അഫ്ഗാൻ എൻജിനിയർമാരോട് കൂടെ ചേർന്ന് പ്രവർത്തിച്ചു വരികയാണെന്ന് ഖാമാ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 

വലിയ സ്ക്രീനുകൾ, കമ്പ്യൂട്ടറുകൾ, സ്കാനറുകൾ മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയവ വിമാനത്താവളത്തിൽ സ്ഥാപിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നാണ് പുറത്തു വരുന്ന വിവരം. 

അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ വിമാനത്താവളത്തിൽ 20 മില്യൺ ഡോളറിലേറെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് ഖാമാ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. 

തെരുവുകളിൽ ഉയരുന്ന പ്രതിഷേധം

അഫ്ഗാൻ തെരുവുകളിൽ അവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രതിഷേധ പ്രകടനങ്ങൾ തുടരുകയാണ്. പ്രതിഷേധക്കാരിൽ കൂടുതൽ പേരും സ്ത്രീകളാണ്. ജോലിയിൽ തുടരാനും വിദ്യാഭ്യാസം നേടാൻ വേണ്ടിയുമാണ് പ്രധാനമായും പ്രതിഷേധക്കാർ ആവശ്യം ഉന്നയിക്കുന്നത്.