കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിനടുത്തുള്ള ഗസ്നി നഗരവും താലിബാന്‍ കീഴടക്കി.  കാബൂളില്‍നിന്നും 150 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് ഗസ്നി.കാബൂള്‍ - കാണ്ഡഹാര്‍ ദേശീയപാതയിലുള്ള ഗസ്നി നഗരം  താലിബാന്‍ കീഴടക്കുന്ന പത്താമത്തെ പ്രവിശ്യാ തലസ്ഥാനമാണ്.

ഗസ്‌നിയുടെ നിയന്ത്രണം നഷ്ടപ്പെട്ടത് അഫ്ഗാന്‍ സേനയ്ക്ക് കനത്ത തിരിച്ചടിയാവും. ഗവര്‍ണറുടെ ഓഫീസ്, പോലീസ് ആസ്ഥാനം, ജയില്‍ തുടങ്ങി നഗരത്തിന്റെ തന്ത്രപ്രധാനമായ പല സ്ഥാപനങ്ങളും താലിബാന്‍ കീഴടക്കിയതായി പ്രവിശ്യ കൗണ്‍സില്‍ തലവനായ നാസിര്‍ അഹമ്മദ് ഫക്കീരി പറഞ്ഞു.

അതീവ സുരക്ഷയുള്ള കാണ്ഡഹാറിലെ ജയിലും ബുധനാഴ്ച താലിബാന്‍ നിയന്ത്രണത്തിലാക്കിയിരുന്നു. ജയിലുകള്‍ കീഴടക്കിയ ശേഷം തടവുകാരെ മോചിപ്പിക്കുന്ന താലിബാന്‍ അവരെ ഒപ്പം ചേര്‍ക്കുകയാണ് ചെയ്യുന്നത്. താലിബാനെ ഭയന്ന് വിവിധ പ്രദേശങ്ങളില്‍നിന്ന് പലായനം ചെയ്യുന്ന നിരവധി പേര്‍ കാബൂള്‍ നഗരത്തിലേക്ക് എത്തുന്നുണ്ട്. ഇവരോടൊപ്പം താലിബാന്‍ പോരാളികളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയവും പടിഞ്ഞാറന്‍ മേഖലയുടെ ചുമതലയുള്ള സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചു.

Content Highlights: taliban seize tenth province in afghanisthan, matter of concern