കാബൂള്‍: താലിബാന്‍ പാഞ്ച്ഷിറിലേക്ക് കടന്നാല്‍ കൈയുംകെട്ടി നോക്കി നില്‍ക്കില്ലെന്ന് അഹമ്മദ് മസൂദ്. പാഞ്ച്ഷിര്‍ ആര്‍ക്ക് മുന്നിലും കീഴടങ്ങിയിട്ടില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം താലിബാന്റെ മുന്നില്‍ തലകുനിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. സോവിയറ്റ് വിരുദ്ധ മുജാഹിദീന്‍ കമാന്‍ഡര്‍ അഹമ്മദ് ഷാ മസൂദിന്റെ മകനായ അഹമ്മദ് മസൂദ്, തനിക്കൊരു യുദ്ധത്തിന് താല്‍പര്യമില്ലെന്നും അഭിപ്രായപ്പെട്ടു. 

താലിബാന്‍ അഹമ്മദ് മസൂദിയുമായി ചര്‍ച്ചകള്‍ നടത്തിയതായും അഭ്യൂഹങ്ങളുണ്ട്. ഞായറാഴ്ച പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താലിബാന്‍ അഹമ്മദ് മസൂദിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതായും നൂറ് കണക്കിന് താലിബാന്‍ പോരാളികള്‍ പാഞ്ച്ഷിറിലേക്ക് പുറപ്പെട്ടതായും സൂചന നല്‍കുന്നുണ്ടെങ്കിലും യാതൊരു അക്രമസംഭവങ്ങളും പാഞ്ച്ഷിറില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

എന്നാല്‍ വടക്കന്‍ അഫ്ഗാനിസ്താനിലെ മൂന്ന് ജില്ലകള്‍ താലിബാന്‍ തിരിച്ചുപിടിച്ചു. പ്രാദേശിക സേനയുമായുള്ള പോരാട്ടത്തില്‍ കഴിഞ്ഞയാഴ്ച നഷ്ടമായ മൂന്ന് ജില്ലകളാണ് താലിബാന്‍ വീണ്ടും പിടിച്ചെടുത്തത്. പാഞ്ച്ഷിര്‍ താലിബാന് ഇപ്പോഴും കിട്ടാക്കനിയായി തുടരുകയാണ്. അഹമ്മദ് മസൂദിനെ പിന്തുണച്ചുള്ള പടയാണ് നിലവില്‍ പാഞ്ച്ഷിറിലുള്ളത്. ബഗ്‌ലാന്‍ പ്രവിശ്യയിലെ ബനോ, ദെഹ് സലേഹ്, പുല്‍ ഇ ഹെസാര്‍ എന്നീ ജില്ലകളുടെ നിയന്ത്രണം ഏറ്റെടുത്തതായി താലിബാന്‍ വൃത്തങ്ങള്‍ തന്നെ അറിയിച്ചിട്ടുണ്ട്. 

പഞ്ച്ഷിര്‍ താഴ്വരയ്ക്ക് സമീപം ബാദഖ്‌സ്താന്‍, തഖാര്‍, അന്ദറാബ് എന്നിവിടങ്ങളില്‍ പോരാളികളെ വിന്യസിച്ചതായി താലിബാന്‍ വക്താവ് സബീയുള്ള മുജാഹിദ് അറിയിച്ചു. പിരിച്ചുവിട്ട അഫ്ഗാന്‍ സൈന്യത്തിലെ ഏതാനും പട്ടാളക്കാരും ചില ഉദ്യോഗസ്ഥരും പാഞ്ച്ഷിറില്‍ താലിബാനെ തടയാന്‍ കൈകോര്‍ത്തിട്ടുണ്ട്. 

അതേസമയം പാഞ്ച്ഷിറില്‍ താലിബാനെ പ്രതിരോധിക്കാന്‍ നേതൃത്വം നല്‍കുന്നവരുടെ കൂട്ടത്തില്‍ അഷ്റഫ് ഗനി ഭരണകൂടത്തിലെ ആദ്യ വൈസ് പ്രസിഡന്റ് അമറുല്ല സലായുമുണ്ട്. അഫ്ഗാന്‍ ഭരണഘടന പ്രകാരം അഷ്റഫ് ഗനിയുടെ അസാന്നിധ്യത്തില്‍ നിയമാനുസൃതമായ പ്രസിഡന്റ് താനാണെന്ന് അദ്ദേഹം ട്വിറ്ററില്‍ അവകാശപ്പെടുകയും ചെയ്തിരുന്നു.

Content Highlights: taliban recaptured three dictrict in northern afghanisthan