മുല്ല അബ്ദുൽ ഗനി ബരാദർ | ചിത്രം: AFP
കാബൂൾ: അഫ്ഗാൻ ഉപപ്രധാനമന്ത്രി മുല്ല അബ്ദുൾ ഗനി ബരാദറും മന്ത്രിസഭാംഗങ്ങളും തമ്മിൽ വാക്കേറ്റം. തലസ്ഥാനത്താണ് ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടായതെന്ന് താലിബാൻ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.
സർക്കാർ രൂപവത്കരിച്ചതിന് ശേഷവും താലിബാനിലെ ആഭ്യന്തരകലഹം അവസാനിക്കുന്നില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബരാദർ പൊതുയിടത്തിൽ നിന്ന് അപ്രത്യക്ഷനായിരുന്നു. ഈ സമയത്ത് ഉണ്ടായിരുന്ന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇപ്പോൾ വീണ്ടും താലിബാനകത്ത് ആഭ്യന്തരകലഹത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഉണ്ട്.
നിലവിലെ തിരഞ്ഞെടുക്കപ്പെട്ട താലിബാൻ സർക്കാരിലെ ചിലരിൽ ഉപ പ്രധാനമന്ത്രി മുല്ല ബരാദർ അത്ര തൃപ്തനല്ല എന്നാണ് പുറത്തുവരുന്ന വിവരം.
എന്നാൽ ഈ താലിബാൻ ഔദ്യോഗികമായിത്തന്നെ നിഷേധിച്ചിട്ടുണ്ട്.
നേതൃസ്ഥാനത്തെ ചൊല്ലി ബരാദറും താലിബാനകത്തെ തീവ്ര സംഘടനാ നേതാവ് ഹഖാനിയും തമ്മിൽ നേരത്തെ വാക്കേറ്റം ഉണ്ടായതായും തുടർന്ന് നടന്ന ആക്രമണത്തിൽ ബരാദറിന് പരിക്കേറ്റതയും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ താൻ ജീവനോടെ ഉണ്ട് എന്നും തനിക്ക് വെടിയേറ്റിട്ടില്ല എന്നും വ്യക്തമാക്കിക്കൊണ്ട് ബരാദർ തന്നെ രംഗത്തെത്തിയിരുന്നു. ശബ്ദ സന്ദേശത്തിലൂടെയായിരുന്നു ബരാദർ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ മാസമാണ് താലിബാൻ അഫ്ഗാനിസ്താനെ പിടിച്ചെടുക്കുന്നത്. തുടർന്ന് അഫ്ഗാനെ 'ഇസ്ലാമിക് എമിറേറ്റ്' എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്നെ സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിച്ചിരുന്നു. എന്നാൽ നേതൃ സ്ഥാനത്തെ ചൊല്ലി താലിബാൻ സ്ഥാപകരിൽ ഒരാളായ മുല്ല അബ്ദുൾ ഗനി ബരാദറും ഹഖാനിയും തമ്മിൽ ആശയവ്യത്യാസങ്ങളുണ്ടായിരുന്നു. സർക്കാർ രൂപീകരണത്തിൽ ഉണ്ടായ തർക്കങ്ങൾ അവസാനിപ്പിക്കാൻ പാക് പ്രത്യേക സംഘവും അഫ്ഗാനിലെത്തിയിരുന്നു. തുടർന്നാണ് സർക്കാർ രൂപീകരിച്ചത്.
യുഎസ് 10 മില്യൺ ഇനാം പ്രഖ്യാപിച്ച സിറാജുദ്ദീൻ ഹഖാനി അടക്കമുള്ള തീവ്രവാദി നേതാക്കളാണ് താലിബാൻ സർക്കാരിൽ ഉൾപ്പെട്ടിട്ടുള്ളത്. അതേസമയം സർക്കാരിൽ ഒരു വനിത പോലും ഉൾപ്പെട്ടിട്ടില്ല എന്നതും ഏറെ ശ്രദ്ധേയമാണ്.
അമേരിക്കയുമായി നേരിട്ട് ആദ്യമായി ആശയവിനിമയം നടത്തിയ നേതാവാണ് ബരാദർ. 2020ൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലിക്കുമ്പോഴാണ് ടെലിഫോൺ വഴി ബരാദർ അമേരിക്കയുമായി ആശയ വിനിമയം നടത്തുന്നത്. ഇതിന് ശേഷമാണ് ദോഹ കരാറിൽ ഒപ്പു വെക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അഫ്ഗാനിസ്താനിൽ നിന്ന് അമേരിക്ക് സൈന്യത്തെ പിൻവലിക്കുമെന്ന് അന്ന് വ്യക്തമാക്കിയത്.
content highlights: Taliban leaders in bust-up at presidential palace - Report
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..