കാബൂള്‍: താലിബാന്‍ തലവന്‍ മുല്ല ഹിബത്തുല്ല അഖുന്‍സാദ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ തങ്ങളുടെ തലവനായ മുല്ല ഹിബത്തുല്ല അഖുന്‍സാദ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തി താലിബാന്‍.  സിഎന്‍എന്‍-ന്യൂസ് 18- ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പാക് സൈന്യം നടത്തിയ ചാവേര്‍ ആക്രമണത്തില്‍ ഹിബത്തുല്ല അഖുന്‍സാദ കൊല്ലപ്പെട്ടതായി മുതിര്‍ന്ന താലിബാന്‍ അംഗം അമീര്‍ അല്‍ മുഅമിനിന്‍ ഷെയ്ഖ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 2016 മുതല്‍ മുല്ല ഹിബത്തുല്ല അഖുന്‍സാദയായിരുന്നു താലിബാനെ നയിച്ചിരുന്നത്. 

താലിബാന്റെ പരമോന്നത നേതാവായ ഹിബത്തുല്ല അഖുന്‍സാദ ഒരിക്കലും പരസ്യമായി പ്രത്യക്ഷപ്പെടാത്തതിനാല്‍ പല അഭ്യൂഹങ്ങളും നിലനിന്നിരുന്നു. കൂടാതെ, പൊതുജനങ്ങളെ അഭിസംബോധന ചെയ്യാതിരുന്നതും സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകളില്‍ പങ്കെടുക്കാതിരുന്നതുമെല്ലാം അഖുന്‍സാദ ഇപ്പോള്‍ ജീവനോടെ ഇല്ലെന്ന നിഗമനങ്ങളിലേക്ക് എത്താന്‍ കാരണമായിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായിരുന്നു. താലിബാനിലുള്ളവര്‍ തന്നെ അധികാര തര്‍ക്കത്തിന്റെ പേരില്‍ മുല്ല അഖുന്‍സാദയെ വധിച്ചെന്നു വരെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തരം ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

2016ല്‍ മുന്‍ താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മന്‍സൂര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് മുല്ല ഹിബത്തുള്ള അഖുന്‍സാദ താലിബാന്‍ തലവനായി ചുമതലയേറ്റെടുത്തത്.

Content Highlights: Taliban leader mulla hibathullah akhundzada dies confirms Taliban