കാബൂൾ വിമാനത്താവളത്തിന്റെ പ്രധാന പ്രവേശനകവാടത്തിലൂടെ നീങ്ങുന്ന താലിബാൻ സംഘം | Photo: A.F.P.
കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിനു ചുറ്റും ശനിയാഴ്ച കൂടുതല്‍ അംഗങ്ങളെ വിന്യസിച്ച് താലിബാന്‍. കഴിഞ്ഞ ദിവസമുണ്ടായ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടും കൂടുന്നത് ഒഴിവാക്കാനാണ് നടപടി. അഫ്ഗാനില്‍നിന്നുള്ള മറ്റുരാജ്യങ്ങളുടെ രക്ഷാദൗത്യത്തിന്റെ തോത് കുറഞ്ഞതും വിമാനത്താവളത്തില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ താലിബാനെ പ്രേരിപ്പിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ താലിബാന്റെ പുതിയ ചെക്ക്‌പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ചില ചെക്കുപോസ്റ്റുകള്‍ യൂണിഫോമിട്ട താലിബാന്‍ അംഗങ്ങളാണ് നിയന്ത്രിക്കുന്നത്. അഫ്ഗാന്‍ സേനയില്‍നിന്ന് തട്ടിയെടുത്ത സൈനികവാഹനങ്ങളും രാത്രിയിലെ കാഴ്ചയ്ക്കുപയോഗിക്കുന്ന കണ്ണടകളും ഉപയോഗിച്ചാണ് ചെക്കുപോസ്റ്റുകളില്‍ താലിബാന്‍ സേന നിലയുറപ്പിച്ചിരിക്കുന്നത്. അഫ്ഗാന്‍ താലിബാന്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം മറ്റുരാജ്യങ്ങളിലേക്ക് കടക്കുന്നതിനായി ഒട്ടേറെയാളുകള്‍ എത്തിച്ചേര്‍ന്നിരുന്ന വിമാനത്താവള പരിസരം ഏറെക്കുറെ ഒഴിഞ്ഞനിലയിലാണുള്ളത്.
ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ ഭീകരസംഘം വ്യാഴാഴ്ച നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 169 അഫ്ഗാന്‍ പൗരന്മാരും 13 യു.എസ്. സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇവര്‍ ഇനിയും ആക്രമണം നടത്തിയേക്കുമെന്ന സൂചനയും ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഓഗസ്റ്റ് 31-ന് യു.എസ്. സൈന്യം അഫ്ഗാന്‍ വിടുമെന്നിരിക്കെ, ഒട്ടുമിക്ക പാശ്ചാത്യരാജ്യങ്ങളും തങ്ങളുടെ രക്ഷാദൗത്യം പൂര്‍ത്തിയാക്കി.
യു.എസിന്റെ കണക്കുപ്രകാരം ഏകദേശം ഒരു ലക്ഷത്തില്‍പരമാളുകളെ കാബൂള്‍ വിമാനത്താവളം വഴി സുരക്ഷിതമായി മറ്റുരാജ്യങ്ങളിലെത്തിച്ചു. എന്നാല്‍, പതിനായിരക്കണക്കിന് ആളുകള്‍ രാജ്യം വിടാന്‍ വേണ്ടി ഇനിയും കാത്തുനില്‍ക്കുന്നുണ്ട്. രക്ഷാദൗത്യം അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ഇവര്‍ക്കെല്ലാം രാജ്യം വിടാന്‍ കഴിയുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
Content highlights: taliban largely seal off kabul airport as airlift winds down
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..