കാബൂള്‍: 20 വർഷത്തിന് ശേഷം അഫ്ഗാനിസ്താനിൽ വീണ്ടും താലിബാൻ ഭരണത്തിലെത്തുമ്പോൾ ആശങ്കയോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്. അഫ്ഗാൻ പിടിച്ചടക്കിയതിന് പിന്നാലെ താലിബാനകത്ത് ആഭ്യന്തര പോരും ശക്തമായിരുന്നു. സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ താലിബാൻ നേതാവ് ബറാദിന് വെടിയേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ആഭ്യന്തര പോര് പരിഹരിച്ച് പുതിയ സർക്കാർ രൂപീകരിച്ച് മുന്നോട്ട് പോവുകയാണ് താലിബാൻ. 

മുല്ല ഹസൻ അഖുന്ദിന്റെ നേതൃത്വത്തിലാണ് അഫ്ഗാനിൽ ഇടക്കാല സർക്കാർ രൂപീകരിച്ചിരിക്കുന്നത്. മുല്ല അബ്ദുൾ ഗനി ബറാദറാണ് ഉപപ്രധാനമന്ത്രി. മൗലവി ഹന്നാഫി അഫ്ഗാനിലെ രണ്ടാമത്തെ ഉപനേതാവാകുമെന്നായിരുന്നു താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഇതിന് പിന്നാലെ സത്യപ്രതിജ്ഞാ ചടങ്ങ് ഉണ്ടാകുമെന്നും വിവരങ്ങളുണ്ടായിരുന്നു. 

എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങളനുസരിച്ച് താലിബാൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഒഴിവാക്കി എന്നാണ്. പാഴ് ചെലവുകളുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി താലിബാൻ സത്യപ്രതിജ്ഞാ ചടങ്ങ് ഒഴിവാക്കിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

നിലവിൽ രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്നും ഈ സമയത്ത് ചടങ്ങ് റദ്ദാക്കി പണം ലാഭിക്കാനുമാണ് താലിബാൻ ലക്ഷ്യമെന്നാണ് വിവരം. എന്നാൽ സഖ്യകക്ഷികളുടെ സമ്മർദ്ദത്തെ തുടർന്ന് ചടങ്ങ് റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്.

Taliban
പ്രതീകാത്മക ചിത്രം | Photo: AFP

അമേരിക്കയിൽ വേൾഡ് ട്രേഡ് സെന്റർ തകർത്തതിന്റെ 20ാം വാഷികത്തിൽ താലിബാൻ സർക്കാർ അധികാരമേൽക്കുമെന്നായിരുന്നു പുറത്തു വന്നിരുന്ന വിവരങ്ങൾ. എന്നാൽ ഇന്ന് നടക്കേണ്ട സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിയതായാണ് റിപ്പോർട്ട്. അതേസമയം സഖ്യകക്ഷികളായ രാജ്യങ്ങളുടെ എതിർപ്പിനെത്തുടർന്നാണ് വേൾഡ് ട്രേഡ് സെന്റർ തകർത്ത ദിനത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് ഒഴിവാക്കിയതെന്നും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

താലിബാൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കിയിരിക്കുന്നു. അതേസമയം അഫ്ഗാനിസ്താനിൽ താലിബാൻ സർക്കാരിന്റെ പ്രവർത്തനങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. അഫ്ഗാൻ സർക്കാരിന്റെ സാസ്കാരിക കമ്മീഷനിൽ അംഗമായിരുന്ന ഇനാമുള്ള സമംഗനി ട്വീറ്റ് ചെയ്തു. 

taliban
പ്രതീകാത്മക ചിത്രം | Photo: Photo: AP

പാക് പാവ സർക്കാരായി താലിബാൻ

പല കോണിൽ നിന്ന് ഉയർന്നു വന്ന ആരോപണങ്ങളിൽ ഒന്നായിരുന്നു താലിബാന്റെ നിലവിലെ സർക്കാർ പാക് പാവ സർക്കാരാണ് എന്നത്. താലിബാന്റെ സർക്കാർ രൂപീകരണത്തിനായി പാകിസ്താനിൽ നിന്നുള്ള സംഘമെത്തിയതും ഇതിന് ആക്കം കൂട്ടിയിരുന്നു. താലിബാൻ നേതാക്കളായ ബറാദറും ഹഖാനിയും നേർക്കു നേർ വന്നപ്പോൾ ഇത് പരിഹരിക്കാനും പാക് നിയോഗിച്ച സമിതിയായിരുന്നു ഇടപെട്ടത് എന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ഇതോടെ താലിബാൻ സർക്കാരിൽ പാക് സാന്നിധ്യം വ്യക്തമായി പുറത്തുവന്നിരുന്നു. 

അതേസമയം ഭക്ഷണവും മരുന്നുകളുമായി പാക് വിമാനം അഫ്ഗാനിലെത്തി. ഇവിടെ നിന്നെത്തിച്ച ഭക്ഷണങ്ങളും മരുന്നുകളും പ്രവിശ്യാ അധികാരികൾക്ക് നൽകിയതായി അഫ്ഗാനിസ്താനിലെ പാക് അംബാസഡർ മൻസൂർ അഹമ്മദ് ഖാൻ ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച പാകിസ്താൻ 12 ടൺ ഭക്ഷണവും മരുന്നും കാണ്ഡഹാറിൽ എത്തിച്ചതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. അതേസമയം പാകിസ്താനിൽ നിന്ന് കാബൂളിലേക്കുള്ള വിമാനങ്ങൾ അടുത്ത ആഴ്ച മുതൽ പുനരാരംഭിക്കുമെന്നാണ് താലിബാൻ വക്താവിനെ ഉദ്ധരിച്ച് എ എഫ് പി റിപ്പോർട്ട് ചെയ്യുന്നത്.  

സ്ത്രീകൾ വീട്ടിൽ തന്നെ

വനിതകളെ വീട്ടിൽ തന്നെ ഇരുത്തുകയാണ് താലിബാൻ സർക്കാർ. ധനകാര്യമന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ് പ്രകാരം പുരുഷ ജീവനക്കാർ മുഴുവനും ജോലിയിൽ പ്രവേശിക്കണമെന്നാണ് അറിയിക്കുന്നത്. എന്നാൽ ശരിയായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നത് വരെ വനിതാ ജീവനക്കാർ വരേണ്ടതില്ലെന്നും അവർ വീട്ടിൽ തന്നെ തുടർന്നാൽ മതിയെന്നുമായിരുന്നു താലിബാൻ ഉത്തരവ്. 

അതേസമയം ജോലിയിൽ പ്രവേശിക്കാത്ത പുരുഷ ജീവനക്കാരെ പിരിച്ചു വിടുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ 3 ദിവസത്തിൽ കാബൂൾ വിട്ടത് 250ലധികം വിദേശികൾ

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഖത്തർ വിമാനം വഴി കാബൂൾ വിട്ടത് 250ലധികം തൊഴിലാളികളാണെന്നാണ് റിപ്പോർട്ട്. യുഎസ് പ്രതിനിധി സൽമയ് ഖലീൽസാദ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഖത്തറിന്റെ സഹായത്തിന് അദ്ദേഹം നന്ദി പറയുകയും താലിബാന്റഎ സഹകരണത്തെ സ്വാഗതം ചെയ്തു.

കൊല്ലപ്പെട്ടത് നൂറിലേറെ മാധ്യമപ്രവർത്തകർ

അഫ്ഗാനിസ്താനിൽ 2001 മുതൽ കൊല്ലപ്പെട്ടത് നൂറിലേറെ മാധ്യമപ്രവർത്തകരാണെന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരിൽ 16 വിദേശ റിപ്പോർട്ടമാരും ഉൾപ്പെടും. 60 മാധ്യമ സ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ടു. നിരവധി മാധ്യമ പ്രവർത്തകർക്കാണ് ഭീഷണികൾ നേരിടേണ്ടി വന്നതെന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 

Content Highlights: Taliban govt cancels oath ceremony to avoid wasting resources